ലോസ് ഏഞ്ചൽസ്: മുൻ ഭാര്യ ആംബർ ഹേർഡിനെതിരെ ഫയൽ ചെയ്തിരിക്കുന്ന, 100 മില്യൺ ഡോളറിന്റെ മാനനഷ്ട കേസിന്റെ വിചാരണയ്ക്കിടെ ഇന്നലെ ഹോളിവുഡ് നടൻ ജോണി ഡെപ്പ് തന്റെ മനസ്സുതുറന്നു. വളരെ താഴ്ന്ന സ്വരത്തിൽ, അളന്നുതൂക്കിയ വാക്കുകളിൽ കെന്റുക്കിയിലെ തന്റെ ബാല്യകാല ദുരിതങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. സ്വന്തം അമ്മയിൽ നിന്നും ഏൽക്കേണ്ടിവന്ന അപമാനങ്ങളുടെയും നിന്ദകളുടേയും വിശദാംശങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മ മെറ്റി സ്യു പാമർ 2016-ൽ മരണമടഞ്ഞിരുന്നു.

ക്രൂരത കാണിക്കുവാനുള്ള ഒരു അവസരവും തന്റെ അമ്മ പാഴാക്കാറില്ല എന്ന് അദ്ദേഹം പറഞ്ഞു. ആഷ്ട്രെ എടുത്ത് തന്റെ തലയിൽ എറിഞ്ഞ കഥയും അതുപോലെ ഹൈ ഹീൽ ഷൂസുകൊണ്ട് അടിച്ച കാര്യവുമൊക്കെ പറയുമ്പോൾ, ദുഃഖത്തിൽ പൊതിഞ്ഞ ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. കൈയിൽ കിട്ടിയതെന്തായാലും അത് ശിക്ഷിക്കാൻ ഉപയോഗിക്കുമായിരുന്നത്രെ. വീടിനുള്ളിൽ സുരക്ഷയും സംരക്ഷണവും തന്റെ കുട്ടിക്കാലത്ത് താൻ അനുഭവിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശാരീരികാക്രമങ്ങൾ ഒരു സ്ഥിരം സംഭവമായിരുന്നു. അവർ നടന്നടുക്കുമ്പോൾ സ്വയം രക്ഷനേടാൻ തങ്ങൾ കുട്ടികൾ കരുതലെടുക്കെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല.

വാക്കുകൾ കൊണ്ടും അമ്മ തന്നെ വേദനിപ്പിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്കുള്ള ന്യുനതകൾ എല്ലാം തങ്ങളെ നിന്ദിക്കാനായി അമ്മ ഉപയോഗിക്കുമായിരുന്നു. കാഴ്‌ച്ച പ്രശ്നം മൂലം കണ്ണടവെച്ചിരുന്ന തന്റെ സഹോദരനെ നാലുകണ്ണുള്ളവൻ എന്നായിരുന്നു അമ്മ വിളിച്ചിരുന്നത്. പല്ലുകളുടെ നിര ശരിയല്ലാത്തതിനാൽ കോമ്പല്ലൻ എന്നും വിളിച്ചിരുന്നു എന്ന് അദ്ദേഹം തുടർന്നു. തന്റെ അച്ഛന്റെ മാതാപിതാക്കൾ സംസ്‌കാര സമ്പന്നരായിരുന്നു. എന്നാൽ, അവരെയും തന്റെ അമ്മ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നു.

തനിക്ക് ജന്മനാൽ തന്നെ കണ്ണുകൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഡെപ്പ് പറഞ്ഞു. തന്റെ ഇടതുകണ്ണുകൊണ്ട് ഒന്നും തന്നെ കാണാൻ കഴിയില്ല. മാത്രമല്ല, കൃഷ്ണമണികളുടെ സ്ഥാനവും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ, അവർ തന്നെ കോങ്കണ്ണൻ എന്നാണ് വിളിച്ചിരുന്നതെന്നും ഡെപ്പ് പറഞ്ഞു. ശാരീരികമയും മാനസികമായും പീഡനങ്ങൾ കൊണ്ട് തളർത്തുക എന്നതായിരുന്നു അമ്മയുടെ ഉദ്ദേശം. അതെല്ലാം സഹിക്കാൻ മാത്രമെ കഴിയുമായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ അച്ഛൻ സ്നേഹസമ്പന്നനായിരുന്നു എന്നും ഡെപ്പ് പറഞ്ഞു. അമ്മയുടെ നടപടികൾ പലപ്പോഴും അച്ഛനെ കോപിഷ്ഠനാക്കിയിട്ടുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം തന്റെ അമ്മയെ ആക്രമിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ അമ്മയോടുള്ള ദേഷ്യം തീർക്കുവാൻ ചുമരിൽ ഇടിച്ച് അദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്ക് പറ്റുകയും ചെയ്തു. പലപ്പോഴും കോപം കത്തുന്ന കണ്ണുകളോടെ അമ്മയെ തുറിച്ചു നോക്കി നിൽക്കുമെങ്കിലും ഒരിക്കലും അദ്ദേഹം അവരെ ശാരീരികമായി വേദനിപ്പിച്ചിരുന്നില്ല. അവരുമായി തർക്കിക്കാറുമില്ല.

എന്നാൽ, ശല്യം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പിതാവ് വീടുവിട്ടിറങ്ങി. അന്ന് ഡെപിന് പ്രായം 15 വയസ്സ് മാത്രം. അച്ഛൻ എപ്പോഴാണ് വീടുവിട്ടിറങ്ങിയത് എന്നതറിയില്ല. പതിവുപോലെ ജോലിക്ക് പോയ അച്ഛൻ പിന്നീട് മടങ്ങിവന്നില്ല. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ അമ്മയാണ് പറഞ്ഞത് അച്ഛൻ ഉപേക്ഷിച്ചു പോയെന്ന്. അലമാര തുറന്ന് പരിശോധിച്ചപ്പോൾ അച്ഛന്റെ വസ്ത്രങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. അന്ന് അച്ഛന്റെ തൊഴിലിടത്തേക്ക് ഓടിയെത്തിയ തന്നോട് അച്ഛൻ പറഞ്ഞത് ഇനിയും വീട്ടിൽ തുടരാനാവില്ലെന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഡെപിന്റെ പിതാവ് വീടുവിട്ടിറങ്ങിയതോടെ മാതാവ് കടുത്ത വിഷാദരോഗത്തിന് അടിമയായി. ഒരിക്കൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവരെ രക്ഷിക്കാനായി. എന്നാൽ, അതോടെ വിഷാദരോഗം കൂടുതൽ ഗുരുതരമാവുകയായിരുന്നു. ഭൂതകാലങ്ങൾ വിസ്തരിച്ച ഡെപ് പിന്നീട് തന്റെ മുൻ ഭാര്യ തന്നോട് കാണിച്ച അക്രമങ്ങളും തുറന്നു പറഞ്ഞു. തർക്കങ്ങളും മറ്റും ഉണ്ടായിരുന്നെങ്കിലും, താൻ ഇതുവരെ തന്റെ മുൻ ഭാര്യയേയോ മറ്റേതെങ്കിലും സ്ത്രീകളേയോ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.