പത്തനംതിട്ട: മഹാപ്രളയത്തിന് ശേഷമുള്ള മഹാദാനമെന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. പ്രളയത്തിന്റെ ഭീകരത നേരിട്ട് അറിഞ്ഞ, അനുഭവിച്ച വൃദ്ധമാതാവ് ആ ദുരിതം വിവരിച്ചപ്പോൾ മകൻ പിന്നെ ഒന്നും ചിന്തിച്ചില്ല. തങ്ങളുടെ പേരിലുള്ള 1.24 ഏക്കർ സർക്കാരിന് വിട്ടു നൽകി ആ അമ്മയും മകനും. ഭൂമിയും വീടും നഷ്ടമായവർ ഇവിടെ കുടി പാർക്കട്ടെ എന്നൊരു തീരുമാനവും എടുത്തു. കോന്നി ജോൺസൺ റോക്സ് ഉടമകളായ അലക്സാണ്ടർ വിജോണും മാതാവ് സൂസമ്മ ജോണുമാണ് കാരുണ്യത്തിന്റെ പുതിയ നിർവചനമെഴുതിയത്.

കോന്നി താലൂക്കിലെ ഐരവൺ വില്ലേജിലാണ് ഈ ഭൂമി. തിരുവല്ല താലൂക്കിലെ കവിയൂർ വലിയ വീട്ടിൽ അലക്സാണ്ടർ വി ജോണും മാതാവ് സൂസമ്മ ജോണുമാണ് ഐരവൺ വില്ലേജിലെ ബ്ലോക്ക് 34 ൽ സർവേ 125/2ൽപ്പെട്ട സ്ഥലം ദുരിതബാധിതരെ സഹായിക്കുന്നതിനായി സർക്കാരിലേക്ക് വിട്ടുനൽകിയത്. ഇന്നലെ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ പിബി നൂഹിന് ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി. കോന്നി താലൂക്ക് ഓഫീസിൽ നിന്ന് സ്ഥലത്തിന്റെ സ്‌കെച്ച്, മറ്റ് വിവരങ്ങൾ എന്നിവയുമായി ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു.

ഒരേക്കർ 24 സെന്റ് സ്ഥലത്തിൽ 84 സെന്റ് വീട് വയ്ക്കുന്നതിന് അനുയോജ്യമായതാണ്. 40 സെന്റ് സ്ഥലം പാറയാണ്. ആവശ്യമുള്ളപക്ഷം പാറകൾ പൊട്ടിച്ച് മാറ്റുന്നതിന് സഹായം നൽകാൻ തയാറാണെന്നും ഉടമകൾ ജില്ലാ കലക്ടറെ അറിയിച്ചു. അടുത്ത ദിവസം തന്നെ നേരിട്ട് സ്ഥലപരിശോധന നടത്തി സ്ഥലം സർക്കാരിലേക്ക് മുതൽകൂട്ടുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് സ്ഥലം പ്രളയ ബാധിതരായ ആളുകൾക്ക് സഹായകരമായ രീതിയിൽ വിനിയോഗിക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ പ്രളയക്കെടുതിയിൽ 799 പേർക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ 28ഓളം പേർക്ക് സ്ഥലവും വീടും നഷ്ടമായിട്ടുണ്ട്. ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഏറെ സഹായകരമാണ് സുമനസുകളായ ആളുകൾ നൽകുന്ന ഇത്തരം സഹായങ്ങൾ. ഇത്തരത്തിൽ സ്ഥലം വിട്ടുനൽകുവാൻ തയാറായി ധാരാളം ആളുകൾ മുന്നോട്ടുവന്നിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു.

മുംബൈയിൽ സോഫ്റ്റ് വെയർ കമ്പനി നടത്തുന്ന അലക്സാണ്ടർ വി ജോണിന്റെ മാതാവും കോന്നി ജോൺസൻ റോക്സ് ഉടമയുമായ സൂസമ്മ ജോൺ പ്രളയസമയത്ത് തിരുവല്ല തോട്ടഭാഗത്ത് പ്രളയത്തിൽ അകപ്പെട്ടിരുന്നു. പ്രളയത്തിന് ശേഷം മുംബൈയിലെത്തിയ അവർ ജില്ലയിലുണ്ടായ പ്രളയ ദുരിതത്തിന്റെ ആഘാതത്തെക്കുറിച്ച് മകനെ ബോധ്യപ്പെടുത്തിയിരുന്നു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങളാലാകുന്നത് ചെയ്യണമെന്ന ചിന്തയിൽ ഇദ്ദേഹം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം സ്ഥലം സർക്കാരിലേക്ക് കൈമാറുന്നതിന് തീരുമാനിക്കുകയുമായിരുന്നു.