കൊച്ചി: മാങ്കുളം എളംബ്ലാശേരി-കുറത്തിക്കുടി റോഡിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കലുങ്കുകൾ വനം വകുപ്പ് തകർത്ത സംഭവത്തിൽ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജോയിസ് ജോർജ്ജ് എം പി ഉൾപ്പെടെ ഇരുപതോളം പേരെ പ്രതിയാക്കി പൊലീസ് ചാർജ്ജ് ചെയ്ത കേസ് പിൻവലിക്കാൻ താൽപര്യമറിയിച്ച് സർക്കാർ കോടതിയിൽ. പൊലീസ് എതിർ സത്യാവാങ്മൂലം സമർപ്പിച്ചു.കോടതി ഇടപെടൽ നിർണ്ണായകം.

ക്രൈം നമ്പർ 521/14 ആയി കുട്ടമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2015 മാർച്ച് 30-നാണ് കുട്ടമ്പുഴ പൊലീസ് കോതമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. സി സി 1567/ 2015 നമ്പറായി കോടതി കുറ്റപത്രം ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ന്യായ വിരുദ്ധമായി സംഘം ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തിയെന്നുള്ള അന്നത്തെ അടിമാലി എസ് ഐ ജിനദേവന്റെ മൊഴിപ്രകാരം 1226/14 ആയി അടിമാലി പൊലീസ് കേസടുത്തിരുന്നു.

സംഭവ സ്ഥലം കുട്ടമ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണത്തിനയി ഫയൽ ഇവിടേക്ക് കൈമാറി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ജോയിസ് ജോർജ്ജ് ഉൾപ്പെടെയുള്ളവരുടെ പങ്ക് കുട്ടമ്പുഴ പൊലീസ് തെളിവുകൾ സഹിതം സ്ഥിരീകരിച്ചു.ഇതേത്തുടർന്നാണ് കോതമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ഈ കേസാണ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ കുറ്റംചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും ആവശ്യമായ തെളിവുകളുണ്ടെന്നും വാദി ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥനാണെന്നും അതിനാൽ കേസ് നടപടികൾ തുടരണമെന്നുമാണ് പൊലീസ് എ പി പി വഴി സമർപ്പിച്ച എതിർ സത്യവാങ് മൂലത്തിലെ പ്രധാന ആവശ്യം. ഇനി ഈ കേസിന്റെ ഭാവി കോടതി തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച നിരവധി കലുങ്കുകൾ വനംവകുപ്പ് ജെ സി ബി ഉപയോഗിച്ച് തകർത്തതിനെതിരെ കുറത്തിക്കുടി -എളംബ്ലാശേരി മേഖലിലെ നാട്ടുകാർക്കിടയിൽ പ്രതിഷേധ ശക്തമായിരുന്നു. ഇതിനെതിരെ കൊച്ചി-ധനുഷ്‌കോടി ദേശിയപാത ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ഇടതുപക്ഷ രാഷ്ട്രീയ പാട്ടികളുടെ നേതൃത്വത്തിൽ നടന്നിരുന്നു.ജോയ്‌സ് ജോർജ്ജ് എം പി നേര്യമംഗലം പാലത്തിന് സമീപത്തെ സമരപ്പന്തലിൽ നിരാഹാര സമരം ആരംഭിച്ചതോടെ വിഷയം നിയമ സഭയിലും ചർച്ചയായി.

സ്ഥലം സന്ദർശിക്കാമെന്ന് അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമ സഭയിൽ ഉറപ്പ് നൽകിതോടെയാണ് എം പി നിരാഹാരം അവസാനിപ്പിച്ചത്. 2014 ഏപ്രിൽ 10-ന് തിരുവഞ്ചൂരിന്റെ കുറത്തിക്കുടി സന്ദർശനത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എം പി യുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവഞ്ചൂരിന്റെ വാഹനം എം പി യുടെ നേതൃത്വത്തിൽ തടയുകയും തുടർന്ന സംഘർഷാവസ്ഥ രൂപപ്പെടുയുമുണ്ടായി. എം പി യുടെ നേതൃത്വത്തിൽ തന്നെ തടഞ്ഞ നടപടിയെ പിന്നീട് മന്ത്രി അപലപിക്കുകയും ചെയ്തിരുന്നു.