പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥി മഞ്ചേരിയിലെ സത്യസരണിയിൽ മതംമാറിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ട്. സേലത്ത് ഹോമിയോ വിദ്യാർത്ഥിയായിരിക്കെ മതം മാറുകയും വിവാഹിതയാവുകയും ചെയ്ത വൈക്കംകാരി ഹാദിയയെ (അഖില) രക്ഷിതാക്കൾക്കൊപ്പം വിടാൻ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.

പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടത് അന്വേഷിക്കാത്തതാണ് വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം. സത്യസരണിയിലായിരിക്കെ പെൺകുട്ടി അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഐസിസിൽ ചേർന്ന് വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറയുന്നുണ്ട്. ഈ ഓഡിയോ മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വീഴ്ചയിൽ രഹസ്യന്വേഷണ റിപ്പോർട്ട് എത്തുന്നത്.

ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ നിർബന്ധത്താലാണ് 'ആടുമെയ്‌ക്കാൻ' വിദേശത്തേക്ക് പോകേണ്ടതില്ലായെന്നു തീരുമാനിച്ചതെന്നും പെൺകുട്ടിയുടെതെന്ന് കരുതുന്ന ഫോൺ സംഭാഷണത്തിലുണ്ട്. പെൺകുട്ടിയെ ഐസിസിലേക്ക് ക്ഷണിച്ചതാര്, വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാര് എന്നിവയൊക്കെ അന്വേഷിക്കണമെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു അന്വേഷണവും പൊലീസ് നടത്തിയില്ല. ഇത് ഗുരുതര വീഴ്ചയാണ്. കണ്ണൂരിലെ കനകമലയിൽ പിടിക്കപ്പെട്ട ഐസിസ് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോൾ എസ്.ഡി.പി.ഐ.യുടെ സാമൂഹികമാധ്യമശൃംഖല കൈകാര്യം ചെയ്യുന്നവരിൽ മൂന്നുപേർ ഐസിസ് ആഭിമുഖ്യമുള്ളവരാണെന്ന മൊഴി ലഭിച്ചിരുന്നു. ഇവരിൽ ഒരാൾ ഷഫിൻ ജഹാൻ എന്നയാളാണ്.

പിടിയിലായവർ നൽകിയ മൊഴിയിൽ പറയുന്നയാൾ ഹാദിയയായ അഖിലയെ വിവാഹം കഴിച്ച ഷഫിൻ ജഹാനാണെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇയാൾക്കെതിരേ എൻ.ഐ.എ.യിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഷഫിൻ ജഹാൻ നിഷേധിച്ചെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ മൊഴിക്ക് അപ്പുറം ഒന്നും പൊലീസ് ്‌ന്വേഷിച്ചില്ല. പെൺകുട്ടിക്കൊപ്പം കൊച്ചിയിൽ താമസിച്ചിരുന്ന സൈനബയ്ക്കെതിരേ സമാനമായ സംഭവത്തിലുൾപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശിനി മൊഴി നൽകിയിരുന്നു. പെട്ടെന്ന് വിവാഹം കഴിക്കണമെന്നും അങ്ങനെ ചെയ്താൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സൈനബ പറഞ്ഞതായാണ് ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി.

സൈനബയുടെ ഇടപെടലാണ് വിവാഹത്തിലേക്ക് നയിച്ചതെന്നും ഇതിലേക്ക് വിരൽ ചൂണ്ടുന്ന ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി കണക്കിലെടുത്ത് കൂടുതൽ അന്വേഷണം വേണന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും പരിശോധിച്ചില്ല. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സിറിയയിലേക്ക് പോകാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നതായി മതം മാറിയ ഹാദിയ പിതാവ് അശോകനോട് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. കോടതിയുടെ അനുമതിയോടെ മതപഠനത്തിന് സത്യസാരണിയിൽ എത്തിയ അഖില കഴിഞ്ഞ വർഷം ജൂലൈ മാസം പിതാവുമായി നടത്തിയ ഫോൺ സംഭാഷണമാണ് മറുനാടൻ പുറത്ത് വിടുന്നത്.

മകളെ സിറിയയിലേക്ക് കടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 14ന് അശോകൻ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത് ഈ ഫോൺ സംഭാഷണത്തിന്റേയും കൂടി അടിസ്ഥാനത്തിലാണ്. തുടർന്ന് ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് കോടതി കേസ് വിളിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിത വിഭാഗം പ്രസിഡന്റ് സൈനബയ്‌ക്കൊപ്പമാണ് അഖില ഹാജരായത്. തുടർന്ന് പിതാവിന്റെ ചെലവിൽ അഖിലയെ ഹൈക്കോടതി ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഒരു മാസത്തിന് ശേഷം സൈനബയ്ക്ക് ഒപ്പം പോകണമെന്ന് ഹാദിയ വാശി പിടിച്ചു. സെപ്റ്റംബർ 29 ന് കോടതി സൈനബയ്ക്ക് ഒപ്പം താൽക്കാലികമായി വിട്ടു. നവംബർ 14 ന് കേസ് പരിഗണിച്ചപ്പോൾ അശോകന്റെ ചെലവിൽ തുടർ പഠനത്തിന് കോടതി അനുമതി നൽകി. എന്നാൽ ഡിസംബർ 21 ന് അഖില ഹാജരായപ്പോൾ ഷഫിൻ ജഹാൻ എന്ന യുവാവുമായി വിവാഹം കഴിഞ്ഞെന്ന് വക്കീൽ കോടതിയെ അറിയിച്ചു. തെളിവുകളും നൽകി.

എന്നാൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലെ കക്ഷിയെ താൽക്കാലികമായി സംരക്ഷിക്കാൻ ഏൽപ്പിച്ചെടുത്തുനിന്ന് വിവാഹം കഴിപ്പിച്ചതിൽ കോടതി ശക്തമായി അതൃപ്തി രേഖപ്പെടുത്തി. അഖിലയെ കോളേജിൽ ചേർക്കാൻ അനുമതി നൽകിയ അതേ ദിവസം വിവാഹം നടന്നുവെന്ന് പറയുന്ന രേഖകളിലും കോടതി അത്ഭുതപ്പെട്ടു. തുടർന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോളാണ് വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കൾക്കൊപ്പം ഹാദിയെ വിടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

പൊലീസിനെതിരായ രഹസ്യാന്വേഷണ റിപ്പോർട്ടിന് ആധാരമായ ഫോൺ സംഭാഷണം ഇങ്ങനെ:

അശോകൻ: ഹലോ...
ഹാദിയ: ഹലോ

അ: കുഞ്ഞപ്പാാാ...
ഹാ; അച്ചായീ....

അ: എന്നാ എടുക്കുന്നേ ചോറുണ്ടോ കൊച്ച്..?
ഹാ; ഇല്ല ചോറുണ്ണാൻ പോകുന്നതേ ഉള്ളൂ..

അ: അതെന്നാ പറ്റി ഇത്രയും താമസിച്ചെ..?
ഹാ: ക്ലീനിക്കിലായിരുന്നു അച്ചായീ അതുകൊണ്ടാ..

അ: അതെന്തു തിരക്കാണു കൊച്ചേ...
ഹാ: പേഷ്യന്റ്...!

അ: പേഷ്യന്റ് ഒത്തിരി ഉണ്ടായിരുന്നോ..? മഴക്കാലമല്ലേ, പേഷ്യന്റ് ഒത്തിരി വരും .. നീ രാവിലെ വല്ലതും കഴിച്ചായിരുന്നോ..?
ഹാ: ഉം.. രാവിലെ കഴിച്ചായിരുന്നു..

അ: കൊച്ചിന്റെ മതപഠനമൊക്കെ എവിടെം വരയായി കൊച്ചേ..?
ഹാ: അതൊക്കെ അങ്ങനെ പോകുന്നു.. അച്ഛായിയും കൂടെ ഇങ്ങ് വരണം. അച്ചായിനേയും കൂടി നല്ല രീതിയിൽ മതം പഠിപ്പിച്ച് എടുക്കണം.

അ: അച്ചായിനെ മതം പഠിപ്പിച്ച് എടുക്കണമെന്നോ..?.
ഹാ: അച്ചായിനെ എന്റെ കൂടെ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. എന്റെ റൂട്ടിൽ വന്നില്ലെങ്കിലും അറ്റ്‌ലിസ്റ്റ് എന്റെ കൂടെ വന്ന് നിൽക്കണം. പേടി മാറണം അച്ചായിയുടെ, എന്നൊക്കെയാണ് എന്റെ ആഗ്രഹം..

അ: അച്ചായി എവിടേക്ക് വേണെമെങ്കിലും വരാം. ആദ്യം അച്ചായിന്റെ അടുത്ത് നമ്മുടെ വീട്ടിൽ നീ രണ്ട് ദിവസം വന്നു നിൽക്ക്. നീ ആറുമാസമായില്ലെടീ ഇവിടുന്ന് പോയിട്ട്...?
ഹാ: അച്ചായി അങ്ങനെ വന്ന് നിൽക്കാൻ പറ്റിയ അവസ്ഥ അല്ലല്ലോ അതുകൊണ്ടാ...

അ: അതെന്തേ... നിനക്ക് പറ്റിയ അവസ്ഥ അല്ലാത്തേ..?
ഹാ: ഞാൻ വന്നാൽ ആർ.എസ്.എസും എങ്ങെനെയാ പെരുമാറുന്നതെന്ന് പറയാൻ പറ്റുകേലാ..

അ: ആർഎസ്എസ് കാരെന്നല്ല, ആരും ഒന്നും ചെയ്യത്തില്ല.
ഹാ: ഭീഷണിയല്ലെച്ചാ... അവരെന്നോട് വർത്തമാനം പറയുന്നത് എനിക്ക് ഇഷ്ടമല്ല.

അ: ആരാ നിന്നോട് വർത്തമാനം പറയാൻ വരുന്നത്..? ആരെങ്കിലും ഇന്നുവരെ നിന്നോട് വർത്തമാനം പറയാൻ വന്നോ..?
ഹാ: ഇല്ല. അച്ചായീ.. ഞാൻ ചോറ് ഉണ്ണട്ടേ..?

അ: അവിടെ നിക്ക്. എനിക്ക് എപ്പോഴുമെപ്പോഴും വിളിക്കാൻ പറ്റുമോ..? നീ സുരേഷ് ചിറ്റപ്പന്റെ വീട്ടിലെങ്കിലും വന്ന് നിക്ക്...
ഹാ: എന്തിന്..?

അ: ജെസീന വിളിച്ചിരുന്നോ..?
ഹാ:ജെസീന എന്നെ വിളിക്കാറില്ല.

അ: പിന്നെങ്ങനെയാ.. ടീ പോടീ കള്ളത്തരം പറയല്ലെ... ജെസീനയും ഉപ്പയും വിളിക്കാറില്ലേ..?
ഹാ: ഇല്ല. അച്ചായിനെ എന്ത് പറഞ്ഞാ വിശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.

അ: മോളെ അച്ചായിക്ക് ഭയങ്കര വിശ്വാസമാ..
ഹാ: അച്ചായീ ..ഞാൻ ചോറ് ഉണ്ണട്ടേ...?

അ: കൊച്ചിനിനി, ആട് മെയ്ക്കാൻ പോകണമെങ്കിൽ അച്ചായീ കുറേ ആടിനെ മേടിച്ച് തരാം..
ഹാ: ഇല്ലെച്ചായീ.. ആ കൺസെപ്റ്റ് എനിക്ക് മാറിയത്.. അങ്ങനെ പോകാനാ, ഞാൻ ഇരുന്നത്. പക്ഷെ എനിക്ക് നിങ്ങളെ വിട്ടിട്ട് പോകണ്ടെ.. ആ കൺസെപ്റ്റ് തെറ്റാ എന്ന് മനസിലായി. അല്ലെങ്കിൽ ഞാൻ ഫസ്റ്റ് അങ്ങോട്ട് പോകാനിരുന്നതാ....

അ: കൊച്ചിന് ഈ ബുദ്ധി ആരാണ് പറഞ്ഞ തന്നത്.?
ഹാ: അല്ല അച്ചായീ.. ഞാൻ അങ്ങനെയാ മനസ്സിലാക്കിയത്. കുറേ ഇടത്തുനിന്ന് വായിച്ചിട്ട്.

അ: ജെസീന പറഞ്ഞ് തന്നോ..?
ഹാ: ജെസീന പറഞ്ഞത്.. അത് തെറ്റാണ്, തെറ്റാണ്, തെറ്റാണെന്ന് എന്റെ കാല് പിടിച്ചു പറഞ്ഞു. അപ്പോഴൊന്നും ഞാൻ വിശ്വസിച്ചില്ല, അവസാനം അവൾ കരഞ്ഞ് കരഞ്ഞ് പറഞ്ഞപ്പോളാണ് അതല്ലെന്ന് മനസ്സിലായത്.

അ: അതുകൊണ്ടാ അല്ലെ പോകാഞ്ഞേ..?
ഹാ: തീർച്ചയായും അതുകൊണ്ട് ആ റൂട്ടിൽ പോയില്ല.

അ: കൊച്ചിന്റെ ഖുറാനിൽ പറയുന്നതായിരിക്കും അല്ലേ ഇങ്ങനെ ആട് മെയ്ക്കാൻ പോകണം എന്നുള്ളത് അല്ലേ...?
ഹാ: ഇല്ല.. ഇല്ല.. ഖുറാനിൽ നബിയെ ഫോളോ ചെയ്യാനാണ് പറയുന്നത്. നബിയുടെ കാലത്ത് ആട് മേക്കലായിരുന്നു ജോലി എന്നെയുള്ളൂ,.. ഇന്നത്തെ കാലം അങ്ങനെയല്ല. അതുകൊണ്ട് അങ്ങനെ വേണമെന്നില്ല.

അ: എടീ.. അവിടെ ചെന്ന് അവരുടെ ആവശ്യം കഴിയുമ്പോൾ, പെടലി കണ്ടിച്ച് ദൂരെ കളയും. ഇതാണ് പരിപാടി. നിനക്ക് ഇത് വല്ലതും അറിയാമോ..?
ഹാ: ഞാൻ അങ്ങോട്ടല്ലല്ലോ പോയത് എന്തായാലും... അങ്ങോട്ടല്ലെന്ന്.....

അ: അങ്ങോട്ട് പോകും, അതല്ലേ അച്ചായിക്ക് പേടി... അച്ചായി എന്നാണ് കൊച്ചിനെ കാണാൻ കേഴിക്കോട് വരേണ്ടത്...?
ഹാ: എന്ന് വേണമെങ്കിലും വന്നോ..അച്ചായിക്ക് പറ്റിയ ദിവസം.. അച്ചായിക്ക് പേടിയല്ലേ കോഴിക്കോട്ടേക്ക് വരാൻ.. ?

അ: അച്ചായിക്ക് ഒരു പേടിയും ഇല്ല.
ഹാ: അല്ല, മലപ്പുറത്തേക്ക് വരാന്..?

അ: കോഴിക്കോടാണെന്ന് പറഞ്ഞിട്ട് മലപ്പുറത്ത് എന്ന് പറഞ്ഞേ..?
ഹാ: മലപ്പുറം സത്യാസാരണിയിൽ ഞാൻ നിന്ന സ്ഥലത്ത് വരാനാണ് പറഞ്ഞത്.

അ: അവിടെ ഞാൻ വരില്ല...നീ കോഴിക്കോട് സ്റ്റാന്റിൽ വാ..
ഹാ: അച്ചായിക്ക് പേടിയാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ വാ.. പൊലീസിനേയും കൂട്ടി എന്നെ കാണാൻ വാ..പേടിയുണ്ടെങ്കിൽ .. പേടിക്കണ്ടല്ലോ..? അച്ചായീന്റെ പ്രൊട്ടക്ഷന് പൊലീസിനേയും കൂട്ടി വാ...

അ: അതെന്താ കൊച്ചെ അങ്ങനെ..?
ഹാ: എനിക്ക് മലപ്പുറത്ത് ഒരു ക്ലിനിക്ക് തുടങ്ങുവാ.. ഞാൻ ചിലപ്പം അങ്ങോട്ട് മാറും.

അ: അവിടെയാകുമ്പോൾ സൗകര്യമായല്ലോ..? ജെസീനയുടേയെല്ലാം അടുത്ത് ആകുമല്ലോ അല്ലേ..?
ഹാ: അല്ലച്ചായീ.. ശരിയച്ചായി ഞാൻ ചോറ് ഉണ്ണാൻ പോട്ടേ...

ഫോൺ കട്ട് ചെയ്യുന്നു...