- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന്' വിനു വി ജോൺ; സമരാഭാസം ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ മാർച്ച്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും സിപിഎമ്മും പണ്ടേ ചേരില്ല. ന്യൂസ് അവറിൽ നിന്ന് സിപിഎം പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക്, ബഹിഷ്‌കരണം എന്നുവേണ്ട എല്ലാ മുറകളും പരീക്ഷിക്കാറുണ്ട്. സ്റ്റാർ അവതാരകൻ വിനു വി ജോണാണ് മിക്കവാറും സിപിഎമ്മിന്റെ കണ്ണിലെ കരട്. കാരണം വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കൾക്ക് അത് വല്ലാതെ നോവുകയും ചെയ്യും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറിൽ, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു വിമർശിച്ചു.
പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്. എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകി എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് നാളെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്.
ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഇവർ പുറത്തിറക്കിയ റിലീസിൽ പറയുന്നു.
ട്രേഡ യുണിയനുകളുടെ വാർത്താ കുറിപ്പ് ഇങ്ങനെ:
മാർച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും. സംയുക്തമായി ടേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ മാർച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച ചീഫ് റിപ്പോർട്ടർ ബിനു ജോൺ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.
ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചാരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് ബിനു ജോൺ തന്റെ മ്‌ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
എന്ന് ആർ. ചന്ദ്രശേഖരൻ പ്രസിഡണ്ട് . എളമരം കരീം സെക്രട്ടറി. കെ.പി രാജേന്ദ്രൻ .
ഏഷ്യാനെറ്റിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അവതാരകൻ വിനു വി. ജോൺ എളമരം കരീമിനെതിരെ നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ കൗൺസിൽ കേരള ഘടകം ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ പറഞ്ഞു.
'ഏഷ്യാനെറ്റ് ന്യൂസിൽ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചർച്ചയിൽ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചർച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു.
എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോൺ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോൺ പറഞ്ഞു. ആയിരം വിനു വി. ജോണുമാർ വിചാരിച്ചാൽ എളമരം കരീമിന്റെ രോമത്തിൽ തൊടാൻ കഴിയില്ല,' ചന്ദ്രശേഖരൻ പറഞ്ഞു.
ഏഷണി പറയുന്നതും ആടിനെ പട്ടിയാക്കുന്നതുമാണ് ഇപ്പോൾ ഏറ്റവും മാർക്കറ്റുള്ളത്. കുറേ കാലമായി ഏഷ്യാനെറ്റിലെ വിനു വി. ജോൺ എന്നയാൾ വിചാരിക്കുന്നത്, അദ്ദേഹമാണ് ഏറ്റവും വലിയ മാധ്യമ വിദ്ഗ്ധൻ എന്നാണ്. വിവരദോഷമേ നിന്റെ പേരാണോ മാധ്യമ വിദഗ്ദൻ എന്ന ചോദ്യം വന്നാൽ അതിൽ ഒന്നാം സ്ഥാനം വിനു വി. ജോണിനായിരിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
അഭാസത്തരം പറയുന്ന അവതാരകർക്കെതിരെ പ്രതികരിക്കാൻ കഴിയേണ്ടതുണ്ട്. അവതാരകന്റെ നടപടിക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരുടെ സമരം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
അതേസമയം, പണിമുടക്കിന്റെ രണ്ടാം ദിവസവും അരങ്ങേറിയ സമരാഭാസം കണ്ടിട്ട് സാധാരണക്കാർ ചോദിക്കുന്നത്, ഇതെന്തൊരു അക്രമം എന്നാണ്. ആശുപത്രിയിൽ പോകുന്നവരെ തടയില്ലെന്ന് പറഞ്ഞവർ, രോഗികളെ വഴിയിൽ ഇറക്കി വിട്ട് ഓട്ടോ തല്ലിപ്പൊളിച്ചത് ഇന്നലെ കണ്ടു.
പാപ്പനംകോട്ട് കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും സമരക്കാർ മർദിക്കാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അമ്പതോളം വരുന്ന സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.
തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസ് പാപ്പനംകോട് വച്ചാണ് സമരക്കാർ തടഞ്ഞത്. തുടർന്ന് യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിട്ടു. ആക്രോശിച്ചെത്തിയ സമരക്കാർ പൊലീസിന്റെ മുന്നിലിട്ട് ക്രൂരമായി മർദിച്ചെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. മുഖത്തേക്ക് തുപ്പിയെന്നും ഇവർ പറയുന്നു.
സംഭവത്തിൽ അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മർദ്ദനമേറ്റ ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികൾ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്‌സ്ആപ്പ് വഴി മുൻകൂട്ടി വിവരം നൽകിയെന്നും മർദ്ദനമേറ്റവർ പറഞ്ഞു.
സമരത്തിന്റെ പേരിൽ അരങ്ങേറുന്ന അക്രമങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നാണ് പൊതുജന വികാരം.
ഈ വിഷയത്തിൽ ശശി തരൂർ എംപിയുടെ അഭിപ്രായം കൂടി വായിക്കാം:
ശശി തരൂരിന്റെ കുറിപ്പ്:
ഈ വിഷയത്തിൽ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹർത്താലിനെ ഞാൻ എന്നും എതിർത്തിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള അടച്ച് പൂട്ടലുകൾ കൊണ്ടു കൂടി യാതനകൾ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല.
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.
മറുനാടന് മലയാളി ബ്യൂറോ