ലണ്ടൻ: ഏതെങ്കിലും ഒരു രോഗം വന്നാൽ ഇന്ത്യയിലെ നേതാക്കളും പണക്കാരും പറക്കുന്നത് ലണ്ടനിലേയ്ക്കും അമേരിക്കയിലേയ്ക്കും ഒക്കെയാണ്. എന്നാൽ ലണ്ടനിൽ കിട്ടാത്ത ചികിത്സ തേടി കേരളത്തിലേയ്ക്ക് ഒരാൾ പ്രത്യേക സംവിധാനങ്ങളോടെ എത്തുന്നു എന്നു കേട്ടാലോ? ബ്രിട്ടനിൽ നിന്നും പണ്ടെ തുടച്ചു നീക്കിയ സബ് അക്ക്യൂട്ട് സ്‌കെലെറോസിങ് പാൻഎൻസഫലിറ്റിസ് (എസ്എസ്‌പിഇ) എന്ന രോഗം ബാധിച്ച മലയാളിയുടെ ജീവൻ കാക്കാനാണ് ഈ ശ്രമം.

കഴിഞ്ഞ ദിവസം ജോമിയുടെ രോഗാവസ്ഥയെക്കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച 35 ലക്ഷം രൂപ അടക്കം നാട്ടുകാരിൽ നിന്നും ശേഖരിച്ച 75 ലക്ഷത്തോളം രൂപയുടെ സഹായത്തോടെയാണ് അത്യാധുനിക മെഡിക്കൽ സൗകര്യത്തോടെ ജോമി ജോൺ എന്ന എറണാകുളം സ്വദേശിയെ നാളെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്.

17 വർഷം മുമ്പാണ് ബ്രിട്ടനിൽ ഇങ്ങനെ ഒരു രോഗം ഒടുവിൽ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ആ രോഗത്തിന് ചികിത്സിക്കാൻ അവിടെ മരുന്നില്ല. ഉപയോഗിക്കാൻ ലഭ്യമായ മരുന്ന് അവിടെ നിയമവിധേയവുമല്ല എന്നതാണ് സാഹചര്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്. ബംഗളൂരുവിലെ നിംഹാൻസ് അടക്കമുള്ള ആശുപത്രികൾ പരിഗണിച്ച ശേഷമാണ് വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത്.

നാളെ രാത്രി 9.30ന് ഹീത്രു വിമാനത്താവളത്തിൽ നിന്നും ജോമി ജോണിനെയും വഹിച്ചുകൊണ്ട് എയർ ഇന്ത്യ വിമാനം പറക്കും. അവസാന പരിശോധനകളും പൂർത്തിയായ ശേഷം ഇൻഡോ അമേരിക്കൻ ആശുപത്രി വൃത്തങ്ങളും ബ്രിട്ടീഷ് മെഡിക്കൽ സംഘവും പലതവണ ചർച്ചകൾ നടത്തിയാണ് ഗുരുതരാവസ്ഥയിലായ ജോമി ജോണിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. എയർ ഇന്ത്യ വിമാനത്തിലെ 12 ബിസിനസ് ക്ലാസ് ടിക്കറ്റുകളാണ് ജോമിയുടെ ജീവൻ കാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ബുക്ക് ചെയ്തത്. ഒട്ടേറെ വിമാനക്കമ്പനികളുമായി വില പേശിയാണ് ഒടുവിൽ ഡൽഹിയിലെ ഇന്റർനാഷണൽ ഗുഡ്മാൻ പേഷ്യന്റ് റിസേർച്ച് കമ്പനികളുമായി ധാരണയിൽ എത്തിയത്. ഇതനുസരിച്ച് ഇപ്പോഴത്തെ ആരോഗ്യ നിലയിൽ ഒരു മാറ്റവും വരുത്താതെ വൈക്കത്തെ ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല ഈ കമ്പനിക്കാണ്.

വിമാനത്തിന്റെ ബിസിനസ് ക്ലാസിലെ ആറ് സീറ്റുകൾ മാറ്റി പ്രത്യേക സൗകര്യത്തോടെ ഒരുക്കുന്ന കാബിനിൽ ആകും ജോമിയെ കൊണ്ടുപോവുക. ഈ ആറ് സീറ്റുകൾ മാറ്റി അവിടെ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാൻ ഹീത്രു വിമാനത്താവളത്തിൽ പ്രത്യേകം ഏർപ്പാട് ചെയ്തു കഴിഞ്ഞു. വിമാനം നാളെ ഡൽഹിയിൽ നിന്നും ഹീത്രുവിൽ ലാൻഡ് ചെയ്താൽ ഉടൻ ആംബുലൻസ് സൗകര്യം ഒരുക്കുന്ന നടപടികൾ തുടങ്ങും. ഏതു അടിയന്തിര സാഹചര്യവും നേരിടാൻ വെന്റിലേറ്റർ, ഇന്റ്യുബെഷൻ, പ്രത്യേക മോണിട്ടേർസ് തുടങ്ങി എല്ലാ സൗകര്യങ്ങലോട് കൂടിയാണ് വിമാനത്തിൽ ക്യാബിൻ ഒരുക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നും എത്തുന്ന ന്യൂറോ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തിനും ഇവിടെ നിന്നും പോകുന്ന മെഡിക്കൽ സംഘത്തിനുമായി ആറ് സീറ്റുകൾ കൂടി ഒരുക്കിയിട്ടുണ്ട്.

20 വർഷത്തിൽ ഏറെ ഈ രംഗത്ത് പരിശീലനം നേടിയിട്ടുള്ള ഡോ. സതീഷ് ഭരദ്വാജ് എംഡിയുടെ നേതൃത്വത്തിൽ ഒരു ഡോക്ടറും നഴ്‌സും ആണ് ഇന്ത്യയിൽ നിന്നും എത്തുന്നത്. ഇവർ രാവിലെ തന്നെ ഹേവാർഡ് ഹീത്തിൽ എത്തി നടപടികൾക്ക് തുടക്കം കുറിക്കും. ഈ സംഘത്തിനൊപ്പം യുകെയിൽ നിന്നുള്ള 4 നഴ്‌സുമാർ കൂടി ജോമിയെ അനുഗമിക്കും. ഈ ആറുപേരുടെ അടക്കം 12 പേർക്കുള്ള മറ്റു സൗകര്യങ്ങളും നാട്ടിലും ഡൽഹിയിലും ഉള്ള സൗകര്യങ്ങളും എല്ലാം ചേർത്താണ് 22,000 പൗണ്ട് വിമാനം കമ്പനി ഈടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ കമ്പനിയിൽ ജോലി ചെയ്തിട്ടുള്ള ഇപ്പോൾ യുകെയിൽ താമസിക്കുന്ന ജോഷി എന്ന നഴ്‌സിന്റെ ഇടപെടൽ മൂലമാണ് ആദ്യം 75,000 പൗണ്ട് ചോദിച്ച കമ്പനി 22,000 ആയി കുറഞ്ഞത്. എന്നാൽ ഇവിടെ നിന്നും കൊണ്ടു വരേണ്ട നാലു നഴ്‌സുമാരെ വെട്ടിക്കുറച്ച് നാലു യുകെ മലയാളി നഴ്‌സുമാരെ ഉൾപ്പെടുത്തിയാണ് ഈ ചെലവ് ചുരുക്കൽ നടത്തിയത്. പ്രത്യേക വിമാനം എന്ന സാഹസം ഒഴിവാക്കി എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടു പോകാൻ സാധിച്ചതു ചെലവു ചുരുക്കാൻ കാരണമായി.

ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കി പ്രൈവറ്റ് ആംബുലൻസിൽ ആണ് ഹേവാർഡ്ഹീത്തിൽ നിന്നും ജോമിയെ ഹീധ്രു എയർ പോർട്ടിൽ എത്തിക്കുക. ഇതിനു ആവശ്യമായ 700 പൗണ്ട് നൽകി ആംബുലൻസ് ബുക്ക് ചയ്തു കഴിഞ്ഞു. ഒരു ഡോക്റ്റർ അടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ആംബുലൻസ് ഒരുക്കിയിരിക്കുന്നത്. ഗുഡ്മാൻസ് റെസ്‌ക്യു കമ്പനിക്ക് കൊടുക്കേണ്ട 22,000 പൗണ്ട് ഇന്നലെ ളമൃ്യമ ജിൻസിയുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞു. ശനിയാഴ്ച രാത്രി 9.30 നു ഹീദ്രു എയർപോർട്ടിൽ നിന്നും വിമാനം പുറപ്പെടും. ഞായറാഴ്ച രാവിലെ 11.30 നു ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യും. ലാൻഡ് ചെയ്താൽ ഉടൻ എയർപോർട്ടിൽ കാത്തു നിക്കുന്ന ഗൂട്മാൻസ് റെസ്‌ക്യു മെഡിക്കൽ ടീം പ്രത്യേക പരിശോധനകൾ നടത്തും. ആരോഗ്യ സ്തിഥി വിലയിരുത്തിയ ശേഷം വൈകുന്നേരം മൂന്നിന് അടുത്ത വിമാനത്തിൽ യാത്ര തുടരും. ഇ വിമാനത്തിലും പ്രത്യേക കാബിനുകൾ സജീകരിക്കും. ഞാറാഴ്ച രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി വിമാന ത്താവളത്തിൽ ലാൻഡ് ചെയ്യും.

ഇതേ സമയം പ്രത്യേക സൗകര്യങ്ങളുമായി ഒരുക്കി എയർപോർട്ടിൽ കാത്തു നിൽക്കുന്ന ആംബുലൻസിൽ ജോമിയെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കും. 40,000 രൂപ നൽകിയാണ് ഇ ആംബുലൻസ് നാട്ടിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇവിടത്തെ ന്യുറോ വിഭാഗം തലവൻ ഡോ.ഗംഗാധരന്റെ നേതൃത്വത്തിൽ ആയിരിക്കും തുടർ ചികിത്സ നടക്കുക. ഹേവാർഡ് ഹീത്ത് എൻഎച്ച്എസ് ട്രസ്റ്റും, വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയുമായി ഹാൻഡ്ഓവർ നടപടികൾ തുടങ്ങി കഴിഞ്ഞു. ന്യൂറോ വിഭാഗം മേധാവിയും ഇന്ത്യൻ വംശജനുമായ ഡോ. ചൗധരിയുടെയും, ഡോ. മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള 20 അംഗ ഡോക്ടർമാരുടെ മെഡിക്കൽ ടീം ആണ് ജോമിയുടെ യുകെയിലെ ചികിത്സകൾക്കു ഇപ്പോൾ നേതൃത്വം നൽകി വരുന്നത്.



നാട്ടിൽ 75,000 മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിദിനം ചെലവാകുമെന്നാണു ഡോക്റ്റർമാർ അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പരിശോധനകൾക്ക് ശേഷം ജോമി യാത്രക്ക് ഫിറ്റാണെന്നാണ് ഡോക്റ്റർ ചൗധരി അറിയിച്ചിരിക്കുന്നത്. മുൻപ് ഗുഡ്മാൻസ് റെസ്‌ക്യു ടീമിൽ ജോലി ചെയ്തിട്ടുള്ള ഇപ്പോൾ യുകെയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ജോഷിയുടെ ഇടപെടലിലൂടെ കമ്പനി പ്രത്യേക ഡിസ്‌കൗണ്ട് അനുവദിച്ചതിലൂടെയാണ് ജോമിയുടെ ട്രാൻസ്‌പോട്ടേഷൻ ചെലവ് 22,000 പൗണ്ടിൽ ഒതുങ്ങിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തി നൽകാൻ മുൻകൈ എടുത്തത്. മൂന്ന് ദിവസം കൊണ്ട് 35 ലക്ഷത്തിൽ അധികം രൂപയാണ് ശേഖരിച്ചു നൽകിയത്. ഏതാണ്ട് അത്രയോളം രൂപ യുകെയിലെ വിവിധ സംഘടനകളും ജോമിയുടെ സുഹൃത്തുക്കളും ചേർന്ന് ശേഖരിച്ച് നജിൻസിയെ ഏൽപ്പിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്റെ ട്രിസ്റ്റിമാർ ഇന്നലെ ജോമിയുടെ കുടുംബത്തെ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തിട്ടുണ്ട്.