കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കാതെ പൊലീസ് നക്ഷത്രമെ്ണ്ണുന്ന വേളയിൽ തന്നെ കേസിലെ ഉന്നത ബന്ധം പുറത്തുപറഞ്ഞ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ജിഷയുടെ പിതാവ് കേരള രാഷ്ട്രീയത്തിലെ ഉന്നതനാണെന്ന് ആരോപിച്ചായിരുന്നു ജോമോൻ രംഗത്തെത്തിയത്. മുഖ്യന്ത്രി പിണറായി വിജയനും ഡിജിപിക്കും ജോമോൻ നൽകിയ പരാതി ഏറെ വിവാദ കോലാഹലങ്ങൾക്കും വഴിവച്ചു. ഈ, ഉന്നതൻ യുഡിഎഫ് കൺവീനർ തങ്കച്ചൻ തന്നെയാണെന്ന് ജോമോൻ പിന്നീട് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പി.പി. തങ്കച്ചന്റെ മകളാണു ജിഷയെന്നും സ്വത്തു സംബന്ധിച്ച് ജിഷ ആവശ്യമുന്നയിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോമോൻ തങ്ങളോട് വെളിപ്പെടുത്തിയതായി മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം ജിഷയുടെ പിതാവിന്റെ പരാതിയിൽ ജോമോനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിൽ പരാതി അയച്ചതായി ജോമോൻ പറഞ്ഞു. പരാതിയിൽ ഒരിടത്തും പി.പി. തങ്കച്ചൻ എന്ന പേരു പറഞ്ഞിട്ടില്ല. പെരുമ്പാവൂരിലെ കോൺഗ്രസിന്റെ ഉന്നത നേതാവ് എന്നു മാത്രമാണ് പറഞ്ഞത്. ആ ഉന്നത നേതാവ് താൻ തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ട്, തന്നെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണം നിഷേധിച്ച് തങ്കച്ചൻ രംഗത്തുവന്നതിൽ അതിയായ സന്തോഷമുണ്ട്. തങ്കച്ചനെ ഉദ്ദേശിച്ചു തന്നെയാണ് ഉന്നത നേതാവ് എന്നു താൻ പരാമർശിച്ചതെന്നും ജോമോൻ പറഞ്ഞു.

തങ്കച്ചന്റെ പേരു പറയാതിരുന്നത് അദ്ദേഹത്തെ പേടിച്ചിട്ടല്ല. ഈ പരാതിയിൽ അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് പേരു വെളിപ്പെടുത്തേണ്ടത്. തങ്കച്ചൻ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു പറയുന്നു. അതു സ്വാഗതം ചെയ്യുന്നു. ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് എടുത്തുവച്ചിട്ടുണ്ട്. തങ്കച്ചന് ആത്മാർത്ഥതയുണ്ടെങ്കിൽ, തനിക്കെതിരായ ആരോപണം അസത്യമാണെങ്കിൽ, തങ്കച്ചന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്‌നിശുദ്ധി വരുത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. തങ്കച്ചൻ ഡി.എൻ.എ. ടെസ്റ്റ് നടത്താൻ തയാറുണ്ടോയെന്നും ജോമോൻ വെല്ലുവിളിച്ചു.

ഡിഎൻഎ ടെസ്റ്റ് നടത്താതിരിക്കാൻ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങൾ ജിഷയുടേതു തന്നെയാണെന്ന് ആർക്ക് ആധികാരികമായി പറയാൻ കഴിയും? അതു ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് ജോമോൻ പറഞ്ഞു. ഇത്രയും ഒതുക്കിയ സാഹചര്യത്തിൽ ആന്തരിക അവയവങ്ങൾ മാറ്റിയെന്നും സംശയിച്ചുകൂടേ. തങ്കച്ചനു വേണ്ടി ഇത്രയും ചെയ്ത പൊലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങൾ എടുത്തുവച്ചിരിക്കാനും സാധ്യതയുണ്ടെന്നും ജോമോൻ ആരോപിച്ചു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ നിയമിച്ച ഉദ്യോഗസ്ഥരാണ് എസ്.ഐ. മുതൽ റൂറൽ എസ്‌പി. വരെയുള്ളവർ. പി.പി. തങ്കച്ചൻ പ്രതിക്കൂട്ടിലല്ലായിരുന്നുവെങ്കിൽ ഏപ്രിൽ 28 നടന്ന ഈ കൊലപാതകം മെയ്‌ രണ്ടു വരെ അവർ പുറംലോകം അറിയാതെ മൂടിവയ്ക്കേണ്ട കാര്യമില്ല.

മൂടിവച്ചില്ലായിരുന്നുവെങ്കിൽ യു.ഡി.എഫിനു 47 സീറ്റ് എന്നത് പകുതി പോലും ലഭിക്കാതെ വന്നേനെ. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയൻ തങ്കച്ചൻ ആയതുകൊണ്ടു മാത്രമാണ്. ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികിൽ ഒരു കനാലുണ്ട്. കൊലപാതകം നടന്ന ദിവസം ആ കനാലിൽ വെള്ളമില്ലായിരുന്നു. എന്നാൽ കനാലിൽ വെള്ളം ഒഴുക്കിവിട്ട് തെളിവുകൾ നശിപ്പിച്ചു.

ഏപ്രിൽ 28-നു കൊല നടന്നതു മുതൽ സംഭവം വെളിയിൽ വരുന്നതുവരെ പൊലീസ് ആരെ രക്ഷിക്കാൻ വേണ്ടിയാണ് അതു രഹസ്യമാക്കി വച്ചത്. കുറേ ദിവസം തെളിവ് നശിപ്പിക്കാൻ അവസരം കിട്ടി. ജിഷ ഒരു പെൻ ക്യാമറ സൂക്ഷിച്ചിരുന്നു. അതു പൊലീസിന്റെ െകെയിലുണ്ടോയെന്നും അതിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ജിഷയുടെ ഡയറി എവിടെയാണെന്നും അതിലെന്താണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഉന്നത നേതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിട്ട് ലഭിക്കാതെ വന്നപ്പോൾ ഡി.എൻ.എ. ടെസ്റ്റ് നടത്തുമെന്നും ഉന്നത നേതാവിന്റെ മകളാണെന്നു തെളിയിക്കുമെന്നും ജിഷ വെല്ലുവിളിച്ചിരുന്നുവെന്നും ജോമോൻ പറഞ്ഞു.

20 വർഷം പി.പി.തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാൻ വേണ്ടിയാണ് തങ്കച്ചൻ മുൻെകെയെടുത്ത് 15 ലക്ഷം കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് മുറുകിനിൽക്കുന്ന സമയത്ത് യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പി.പി. തങ്കച്ചൻ നടത്തിയ പത്രസമ്മേളനത്തിൽ, വീട്ടിനു തൊട്ടടുത്തായിരുന്നിട്ടും എന്തുകൊണ്ടാണ് ജിഷയുടെ വീട്ടിൽ പോകാത്തത് എന്ന് ആരോ ചോദിച്ചു. താനങ്ങനെ കൊല്ലപ്പെട്ട വീട്ടിൽ പോകുന്ന ആളല്ലെന്നായിരുന്നു തങ്കച്ചന്റെ മറുപടി. കെപിസിസി 15 ലക്ഷം നൽകിയതിന് പിന്നിലെ ചേതോവികാരം തങ്കച്ചനാണെന്നും ജോമോൻ ആരോപിച്ചു.

ഡി.എൻ.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചൻ നിരപരാധിത്വം തെളിയിച്ചാൽ താൻ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം. പി.പി. തങ്കച്ചൻ മഹാനാണെന്നും താൻ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എൻ.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനിൽക്കില്ലെന്നും ജോമോൻ പറഞ്ഞു.

ജോമോനെതിരെ കേസെടുത്തു

അതേസമയം ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ച് പിതാവ് ബാബു പൊലീസ് ഐ.ജിക്കു നൽകിയ പരാതിയിൽ ജോമോൻ പുത്തൻ പുറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള പരാതിയിലാണ് ജോമോൻ പുത്തൻപുരയ്ക്കലിന് എതിരേ കേസെടുത്തിരിക്കുന്നത്. ജിഷയുടെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും ജിഷയുടെ പിതാവെന്നും അദ്ദേഹവുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയനു പരാതി അയച്ചിരുന്നു. ഇത്തരത്തിൽ ഒരു പരാതി നൽകാൻ എസ്.സി/എസ്.ടി. നിയമപ്രകാരം സാധിക്കില്ലെന്നാണ് ബാബുവിന്റെ വാദം. ജിഷ തന്റെ മകൾ തന്നെയാണെന്നും ബാബുവിന്റെ പരാതിയിൽ പറയുന്നു.

ജോമോന്റെ പ്രചരണം അന്വേഷണം അട്ടിമറിക്കാനെന്ന് തങ്കച്ചൻ

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ജോമോന്റെ പ്രചരണം അന്വേഷണം ജിഷ വധക്കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.

ആരോപണത്തിന് പിന്നില് പബ്ലിസിറ്റി സ്റ്റണ്ടെന്ന് സഹോദരി ദീപ

ജിഷയുടെ ഘാതകരെ സമൂഹത്തിനു വിട്ടുകൊടുക്കുകയാണു വേണ്ടതെന്നു സഹോദരി ദീപ പറഞ്ഞു. സമൂഹം കൊലയാളിക്കുള്ള ശിക്ഷ വിധിക്കട്ടേയെന്നും ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കുടുംബത്തെ കുറിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കും. 20 വർഷക്കാലം ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തന്റെ മാതാവ് ജോലിക്ക് നിന്നിരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഈ ആരോപണത്തിന്റെ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്. നല്ല നിലയിൽ ജീവിച്ച തങ്ങളുടെ അനുജത്തിയുടെ ആത്മാവിനു ശാന്തത പോലും കൊടുക്കാത്ത രീതിയിലാണ് ഇത്തരക്കാർ പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ആരോപണങ്ങൾ.

ലക്ഷങ്ങളുടെ സാമ്പത്തിക ലാഭം ഈ ആരോപണത്തിന് പിന്നിലുള്ളതായി സംശയിക്കുന്നു. തന്റെ മാതാവ് പ്രസവ ശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതും പോയിട്ടുണ്ട്. എന്നാൽ, അതൊരു നിശ്ചിത ദിവസം മാത്രമുള്ള ജോലികളായിരുന്നുവെന്നും ദീപ പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വീട്ടിൽ തന്റേ അമ്മ പോയിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും ദീപ വ്യക്തമാക്കി.

അതേസമയം ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും പി.പി. തങ്കച്ചനും രമേശ് ചെന്നിത്തലയ്ക്കും എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു പി.കെ. ശ്രീമതി എംപി ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാൻ മുൻ യു.ഡി.എഫ്. സർക്കാർ കൂട്ടുനിന്നുവെന്നും അവർ ആരോപിച്ചു. ജിഷാ വധത്തിലെ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. തുടരുന്ന രാപ്പകൽ സമരം എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപനത്തെത്തുടർന്നു സമാപിച്ചതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. ജിഷ സംഭവത്തിൽ യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ ഇടപെടാത്തത് എന്ത്കൊണ്ടാണെന്നും പിഴവ് പറ്റിയെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ തൽക്കാലം മാറ്റി നിർത്താതെന്താണെന്നും ശ്രീമതി ചോദിച്ചു.

അതിനിടെ ജിഷയുടെ പോസ്റ്റ്മോർട്ടത്തിലും തുടർന്നു നടത്തിയ രാസപരിശോധനയിലും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് ബംഗളുരുവിലെ അനലിറ്റിക്കൽ ലാബിൽ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജിഷ കൊല്ലപ്പെട്ട ദിവസം കഴിച്ച ഭക്ഷണത്തിലാണ് അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞത്. കൂടുതൽ പരിശോധനയ്ക്കായാണ് സാമ്പിളുകൾ ബംഗളുരുവിലേക്ക് അയയ്ക്കുന്നത്.

പുതിയ അന്വേഷണസംഘം ഇന്ന് ചുമതലയേൽക്കുന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യംചെയ്തവരിൽ നിന്നു പുതിയ അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ശേഖരിച്ച തെളിവുകളും അനുമാനങ്ങളും പുതിയ അന്വേഷണ സംഘത്തിനു കൈമാറും.

അന്വേഷണത്തിൽ പൊലീസ് വീഴ്ചവരുത്തിയിട്ടുണ്ടോ എന്നതും പുതിയ അന്വേഷണ സംഘം പരിശോധിക്കും. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തയാറാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പുതിയ അന്വേഷണ സംഘം നിർദ്ദേശം നൽകി. ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. വട്ടോളിപ്പടിയിലെ വീട്ടിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ജിഷയുടെ സഹപാഠികളായ നിരവധി പേരെ അന്വേഷണസംഘം ഇന്നലെയും ചോദ്യംചെയ്തു. ജിഷ കേസ് അന്വേഷണത്തിൽ 118 ഉദ്യോഗസ്ഥരാണു പങ്കാളികളായത്. ഇവരിൽ അന്വേഷണ സംഘത്തിൽ നിലനിർത്തേണ്ട ഉദ്യോഗസ്ഥരെപ്പറ്റിയുള്ള ചർച്ചയും പുരോഗമിക്കുകയാണ്.
പുതിയ അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന എ.ഡി.ജി.പി: ബി. സന്ധ്യ ഇന്ന് പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദർശിക്കും. അതിനു ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മാതാവിനെയും സന്ദർശിക്കും. പുതിയ അന്വേഷണ സംഘം ജിഷ വധക്കേസിൽ ഇതുവരെയുള്ള പുരോഗതി അനൗ-ദ്യോഗികമായി വിലയിരുത്തിയതായാണു വിവരം. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാനി എസ്‌പി. പി.എൻ. ഉണ്ണിരാജൻ ആയിരിക്കും. ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പുതിയ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.

ജിഷ കൊലചെയ്യപ്പെട്ട ഏപ്രിൽ 28ന് തൊട്ടടുത്ത ദിവസങ്ങളിൽ കിഴക്കമ്പലം പെരിയാർവാലി കനാലിൽ നാട്ടുകാർ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ ദിവസങ്ങളിൽ പൊലീസിനു നാട്ടുകാർ കൃത്യമായ വിവരം നൽകിയിരുന്നു-വെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചതായാണ് ആരോപണം.