ലണ്ടൻ: അത്യപൂർവ്വമായ ഒരു രോഗത്തിന് അടിമപ്പെട്ട് യുകെയിൽ താമസിക്കുന്ന മലയാളിക്ക് ചികിത്സ കേരളത്തിൽ മാത്രമെന്ന് ബ്രിട്ടീഷ് മെഡിക്കൽ സംഘം. എറണാകുളം സ്വദേശിയായ ജോമി ജോൺ ആണ് അതീവ ഗുരുതരാവസ്ഥയിൽ രണ്ടാഴ്ചയായി ബ്രിട്ടണിലെ പ്രമുഖ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്‌കെലെറോസിങ് പാൻഎൻസഫലിറ്റിസ് (എസ്എസ്‌പിഇ) എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ജോമിയുടെ ജീവൻ രക്ഷിക്കാൻ വൈകാതെ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് സാധിക്കും എന്ന നിഗമനത്തെ തുടർന്നാണ് ജോമിയെ നാട്ടിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം തുടങ്ങിയത്. വിവരം അറിഞ്ഞ് യുകെ മലയാളികൾ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി സഹായിക്കാൻ ഇറങ്ങിയപ്പോൾ ആവശ്യമുള്ളത്ര പണം ലഭിച്ചു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ കേവലം രണ്ട് ദിവസം കൊണ്ട് 27 ലക്ഷം രൂപ പിരിച്ച് നൽകി മഹത്തായ മാനവികതയുടെ ഭാഗമായി മാറി. മറുനാടൻ മലയാളിയും ബ്രിട്ടീഷ് മലയാളിയും ഒരേ ആൾ തന്നെ എഡിറ്ററായി ഒരേ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങൾ ആണ്.

വികസിത രാജ്യങ്ങളിൽ വളരെ അപൂർവ്വമായി കാണുന്ന ഈ രോഗത്തിന് ചികിത്സ ഇല്ല എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഇതിന് ചികിത്സ ഉണ്ട്. വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രി ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ജോമിയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ അപ്പീൽ ഒന്നര ദിവസം പിന്നിട്ട് തിങ്കളാഴ്ച വൈകുന്നേരം ആയപ്പോഴും ലക്ഷ്യം കൈവരിക്കുകയായിരുന്നു. ഇന്നു രാവിലെ വരെയുള്ള 48 മണിക്കൂർ കൊണ്ട് ജോമിയെ സുരക്ഷിതമായി കേരളത്തിൽ എത്തിക്കാൻ ആവശ്യമായ 25 ലക്ഷം രൂപയും ലഭിച്ചു കഴിഞ്ഞു. ജോമിയുടെ സുഹൃത്തുക്കളും ജോമി ഇംഗ്ലണ്ടിൽ താമസിക്കുന്ന പ്രദേശത്തെ ആളുകളും ചില അസോസിയേഷനുകളുമയി ഏതാണ്ട് ഇരുപത് ലക്ഷത്തോളം രൂപ നേരിട്ടും നൽകിയതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ 50 ലക്ഷത്തോളം രൂപയാണ് ജോമിയെ സഹായിക്കാൻ ലഭിച്ചത്. ജോമിയെ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കാൻ ആണ് ഈ പണം. എട്ടോ പത്തോ വിമാന ടിക്കറ്റും അത്യാവശ്യമായ മറ്റ് മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി വേണം ജോമിയെ നാട്ടിൽ എത്തിക്കാൻ.

വെറും അഞ്ച് കൊല്ലം മുൻപ് മാത്രം യുകെയിൽ എത്തിയ ജോമി ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ എത്തി വിവാഹം കഴിച്ചത്. ബ്രിട്ടണിൽ പോകാനും മറ്റുമായി 40 ലക്ഷത്തോളം രൂപയുടെ ബാധ്യതയും ജോമിക്കുണ്ടായിരുന്നു. നാല് മാസം മുൻപ് മാത്രം വിവാഹിതയായി യുകെയിൽ എത്തിയ ജോമിയുടെ ഭാര്യ ജിൻസി പകച്ച് നിൽക്കവെയാണ് യുകെ മലയാളികൾ ഒറ്റമനസ്സോടെ രംഗത്തിറങ്ങിയത്. ആദ്യമൊക്കെ സുഹൃത്തുക്കളും നാട്ടുകാരുമാണ് സഹായിച്ചിരുന്നതെങ്കിലും ബ്രിട്ടീഷ് മലയാളി ഇടപെട്ടതോടെ ഒറ്റയടിക്ക് യുകെയിലെ മുഴുവൻ മലയാളികളും പണം നൽകുകയായിരുന്നു. രണ്ട് ദിവസം തികയും മുൻപ് ആവശ്യമായ പണം ലഭിച്ചതിനാൽ ഒരാഴ്ചത്തേയ്ക്ക് തുടങ്ങിയ അപ്പീൽ ഇന്നുകൊണ്ട് അവസാനിപ്പിച്ചതായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് ആന്റണി അറിയിച്ചു. ഇന്ന് രാവിലെ ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 27,582.63 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി ശേഖരിച്ചത്. ചാരിറ്റി കമ്മിഷൻ അനുവദിക്കുന്ന ടാക്‌സ് ഇളവ് കൂടി ചേർത്താതാണ് ഈ തുക. ഇളവ് ലഭിക്കുന്ന വിർജിൻ മണി അക്കൗണ്ട് വഴി നികുതി ഇളവ് അടക്കം 24,507.50 പൗണ്ട് ലഭിച്ചപ്പോൾ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് 3075.14 പൗണ്ടും ലഭിച്ചു.

ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വാർത്തയുടെ ചുവടെ കൊടുത്തിട്ടുണ്ട്.

പ്രതിസന്ധിയിൽ ആകുന്ന യുകെയിലെ മലയാളികളെ സഹായിക്കാനും നാട്ടിലെ ദരിദ്ര രോഗികളെ ചികിത്സിക്കുന്നതിനുമായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്. മൂന്ന് വർഷം കൊണ്ട് രണ്ടര കോടിയോളം രൂപ ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ചു നൽകി. എന്നാൽ ആദ്യമായാണ് ഇത്ര പെട്ടന്ന് ഇത്രയും വലിയൊരു തുക കണ്ടെത്തുന്നത്. യുകെയിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ ജീവിത പങ്കാളി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ഇത് ചെയ്യുന്നത്. പുതുവത്സരം പ്രമാണിച്ച് പത്ത് രോഗികളെ സഹായിക്കാനും കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ എന്നിവയെ സഹായിക്കാനും ശേഖരിച്ച 20 ലക്ഷം രൂപ കഴിഞ്ഞ ആഴ്ച അയർക്കുന്നത്ത് വച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വിതരണം ചെയ്തത്.

എറണാകുളം കിഴക്കമ്പലം സ്വദേശി ആയ ജോമി നാലര വർഷം മുൻപാണ് യുകെയിൽ എത്തിയത്. ചേച്ചിയും ഇളയ സഹോദരനും രോഗികളായ മാതാപിതാക്കന്മാരും അടങ്ങുന്നതാണ് കുടുംബം. ബാങ്ക് ലോൺ വഴിയും പണം സംഘടിപ്പിച്ച് വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിയ ജോമി ഗ്ലോട്ടൻഹാം മാനർ നേഴ്‌സിങ് ഹോമിൽ ജോലി ചെയ്തു വരിക ആയിരുന്നു. ജോമി മാസം മാസം അയച്ചു നൽകി വരുന്ന പണത്തിലാണ് ഈ കുടുംബം ജീവിച്ചു വന്നിരുന്നത്. ഇതിനിടയിൽ ആറു മാസം മുൻപ് നാട്ടിലെത്തി പിറവം സ്വദേശിനി ആയ ജിൻസി ജോമിയെ വിവാഹം കഴിച്ച് നാല് മാസം മുൻപാണ് ഇരുവരും യുകെയിൽ തിരിച്ചെത്തിയത്. ജിൻസിയും ഇതേ ഹോമിൽ കെയററായി ജോലി ചെയ്ത് വരിക ആയിരുന്നു. നാട്ടിൽ ഏകദേശം 430 ലക്ഷം രൂപയുടെ ബാധ്യത ജോമിക്കുണ്ടായിരുന്നു. തിരികെ യുകെയിൽ എത്തി ജോലി ചെയ്ത് ബാധ്യതകൾ തീർക്കുവാനുള്ള ശ്രമം നടന്നു വരവേ ജനുവരി മധ്യത്തോടെ ജോമിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഹേസ്റ്റിംഗിൽ ഒരു ബെഡ് റൂം ഫൽറ്റിലാണ് ഇവർ താമസിച്ച് വന്നിരുന്നത്.

ശക്തമായ പനിയും ക്ഷീണവും, ഓർമ്മക്കുറവും ഉണ്ടായതോടെ ഈസ്റ്റ് സസക്‌സിലെ കോൺക്വിസ്റ്റ് എൻഎച്ച്എസ് ഹോസ്പിറ്റലിലെ എൻഇയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പനിയും സ്‌ട്രെസ്സ് മൂലമുള്ള ക്ഷീണമാണെന്നും റെസ്റ്റ് എടുക്കാൻ ഡോക്ടർമാർ നിർദ്ദശം നൽകി. ഒരു ദിവസം അഡ്‌മിറ്റ് ആയ ശേഷം പറഞ്ഞയക്കുക ആയിരുന്നു. തിരികെ വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ക്ഷീണം മാറാതാവുകയും സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെ വീണ്ടും എൻഇയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഡോക്‌ടേഴ്‌സ് പരിശോധനകൾ തുടർന്നു. റ്റി. ബി, ക്യാൻസർ, ലിവർ, ബ്രയിൻ അടക്കം ഒട്ടേറെ പരിശോധനകൾ നടത്തി. ലണ്ടനിലെ ലാബിൽ നടന്ന പരിശോധനയിൽ ബ്രയിൻ അണുബാധയുള്ളതായി കണ്ടെത്തി. തുടർ പരിശോധനയിൽ ജോമിക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്‌കെലെറോസിങ് പാൻഎൻസഫലിറ്റിസ് എന്ന രോഗം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുക ആയിരുന്നു. രണ്ടാം തവണയും അഞ്ചാം പനി ബാധിച്ച് തലച്ചോറിനുള്ളിൽ വൈറസ് ബാധ മൂലമുള്ള രോഗമാണ് ഇത്. ട്രീറ്റ്‌മെന്റ് ഇല്ലാത്തത് മൂലം കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ജോമി ലണ്ടന് സമീപം ഹേവാർഡ്ഹീത്തിലെ ന്യൂറോ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ആയ പ്രിൻസസ് റോയൽ എൻഎച്ച്എസ് ട്രസ്റ്റിൽ തീവ്ര പരിചരണത്തിൽ കഴിയുകയാണ്.

ജോമിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ മുതൽ അമ്മ നാട്ടിൽ തളർന്നു കിടപ്പിലായി എന്ന റിപ്പോർട്ട് ഇതിനിടയിൽ വേദനയോടെ എത്തുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അമ്മയെ ആശ്വസിപ്പിച്ചു വരുന്നു. ഡൽഹി കേന്ദ്രമാക്കിയുള്ള ഒരു എയർലൈൻ കമ്പനിയുമായും, എമിറേറ്റ്‌സ് എയർലയിനുമായും ബന്ധപ്പെട്ടു വരുന്നതായും സുഹൃത്തുക്കൾ അറിയിച്ചു. ഡൽഹിയിലെ എയർലൈൻ കമ്പനി മെഡിക്കൽ സംഘത്തെ യുകെയിലേയ്ക്ക് അയയ്ക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ട്. മെഡിക്കൽ സംഘവുമായി എത്തി പ്രത്യേക വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സംവിധാനമാണ് ഡൽഹിയിൽ ഉള്ള കമ്പനി ചെയ്യുന്നത്. രണ്ടു ദിവസം കൂടി കാത്തു ആരോഗ്യ സ്ഥിതിൽ മാറ്റമില്ലാതെ തുടർന്നാൽ ഉടൻ നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി ജോമിയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്.

ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ചുവടെ