പാലാ: പാലാ ആയിരുന്നു കെ.എം.മാണിക്ക് എല്ലാം. പാലാക്കാർ ഹൃദയത്തിൽ കൊത്തി വച്ച നേതാവും. പാലായുടെ സ്വന്തം മാണി സാറിന്റെ അവസാന നാളുകളെ ഓർത്തെടുക്കുന്ന മകൻ ജോസ്.കെ.മാണിയുടെ വികാരനിർഭരമായ അനുസ്മരണ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതുവരെ ആരോരുമറിയാതിരുന്ന ചിലതും ജോസ്.കെ.മാണി വെളിപ്പെടുത്തുന്നു. കെ.എം. മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹൃദയത്തിൽ മാണി സാർ'എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു പാലായിൽ പൊതുസമ്മേളനത്തിലാണ് ജോസ് കെ. മാണിയുടെ ഉള്ളുലയ്ക്കുന്ന പ്രസംഗം. പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

'ആ അർധരാത്രിയിൽ അച്ചാച്ചൻ അവസാനമായി ഒരിക്കൽക്കൂടി പാലാ നഗരം കൺകുളിർക്കെ കണ്ടു. ഇനിയൊരിക്കലും ജീവനോടെ പാലായെ കാണാൻ കഴിയില്ലെന്ന് അദ്ദേഹത്തിനു മനസിലായിരുന്നിരിക്കണം. അച്ചാച്ചന്റെ അന്ത്യാഭിലാഷമായിരുന്നു ആ യാത്രയെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.രോഗബാധിതനായ അച്ചാച്ചനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇടയ്ക്കിടെ കൊണ്ടുപോകുമായിരുന്നു. ക്ഷീണം അൽപ്പം കുറയുമ്പോൾ പാലായ്ക്കു മടങ്ങും. ഇതായിരുന്നു പതിവ്. ഇക്കാര്യം മിക്കവർക്കും അറിയില്ലായിരുന്നു. ഒരിക്കൽ ആരോഗ്യനില തീരെ വഷളായി ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ നേരിയൊരു പുരോഗതി കണ്ടു. എന്നെ വിളിച്ചുമാറ്റി നിർത്തി അച്ചാച്ചൻ പറഞ്ഞു; എനിക്ക് അത്യാവശ്യമായി പാലായ്ക്കു പോകണം.

ഡോക്ടർമാർ യാത്ര കർശനമായി വിലക്കി. പാലായ്ക്കു പോയിട്ട് ഉടൻ മടങ്ങിവരാമെന്ന അച്ചാച്ചന്റെ നിർബന്ധത്തിന് ഒടുവിൽ ഡോക്ടർമാർ വഴങ്ങി. സന്ധ്യയോടെ പാലായിലെത്തി. വീട്ടിൽ വന്നതറിഞ്ഞ് അച്ചാച്ചനെ കാണാനും മറ്റും ആളുകളെത്തി. അവരെല്ലാം മടങ്ങിയപ്പോൾ രാത്രിയേറെയായി. അപ്പോൾ അച്ചാച്ചൻ എന്നോടു പറഞ്ഞു, നീ കാറെടുക്ക്, നമുക്കു പാലാ ടൗൺ ഒന്നു ചുറ്റണം. പഴ്സണൽ സ്റ്റാഫ് പോലുമറിയാതെ ഞാനും അച്ചാച്ചനും മാത്രമായി കാറിൽ പാലാ ടൗൺ ചുറ്റി. തിരികെ പോരാൻനേരം പാലാ കുരിശുപള്ളിക്കു മുന്നിൽ കാർ നിർത്താൻ പറഞ്ഞു.

വണ്ടിയിൽനിന്ന് പുറത്തിറങ്ങാൻപോലും ആരോഗ്യമില്ലാതിരുന്ന അച്ചാച്ചൻ കാറിലിരുന്നുതന്നെ രണ്ടു മിനിറ്റ് പ്രാർത്ഥിച്ചു വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആശുപത്രിയിലേക്കു പോയി. പിന്നീടു ജീവനോടെ അദ്ദേഹം പാലായിലേക്കു വന്നില്ല. അന്നു രാത്രി പാലാ നഗരം ചുറ്റാൻ തന്നെ അദ്ദേഹം നിർബന്ധിച്ചത്, തന്റെ പ്രിയപ്പെട്ട പാലാ നഗരത്തെ ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം'' പറഞ്ഞു നിർത്തുമ്പോൾ ഏറെ വികാരാധീനനായിരുന്നു ജോസ് കെ. മാണി. സദസിലുണ്ടായിരുന്നവരുടെ മുഖവും പെട്ടെന്നു മ്ലാനമായി.

പാലായാണ് തന്റെ ജീവിതവും ലോകവുമെന്ന് അച്ചാച്ചൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടിമുടി സ്നേഹത്തിന്റെ രാഷ്ട്രീയമായിരുന്നു അച്ചാച്ചന്റേത്. ആ വഴിയെ പോകാനാണ് ഞാനും ശ്രമിക്കുന്നത്. എന്തെല്ലാം ആക്ഷേപിച്ചാലും ആരോപണമുന്നയിച്ചാലും അവരെ വ്യക്തിപരമായി വേദനിപ്പിക്കാൻ പാടില്ലെന്ന ഉപദേശമാണ് അച്ചാച്ചൻ എനിക്ക് തന്നിട്ടുള്ളത്. പൊതുജീവിതത്തിൽ അങ്ങേയറ്റം വരെ ഞാനിതു പാലിക്കുകയും ചെയ്യും'-ജോസ്.കെ.മാണി പറഞ്ഞു നിർത്തി.