തിരുവനന്തപുരം: കേരള പീപ്പിൾസ് ഫോറം എന്ന സ്വയം തൊഴിൽ സ്ഥാപനത്തിന്റെ പേരിൽ സ്വയംതൊഴിൽ സംരംഭമെന്ന വ്യാജേനെ 300 ഓളം പേരിൽ നിന്ന് രണ്ടുകോടി തട്ടിയ സംഘത്തിന്റെ തലവൻ അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി ആനയ്ക്കൽ മേക്കാട്ട് ജോസ് കുര്യൻ തോമസ് (45) ആണ് പൊലീസിന്റെ വലയിലായത്.

മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. 40,000 രൂപ നൽകിയാൽ മാരുതി റിറ്റ്‌സ് കാർ വാങ്ങി നൽകുമെന്നും ഈ കാറുപയോഗിച്ച് നീരയും പച്ചക്കറികളും വില്പന നടത്താം. ഇങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്ന് കാറിന്റെ വായ്പ അടവും കഴിഞ്ഞ് മാസം 6000 രൂപ ഉടമയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 5 വർഷം കഴിയുമ്പോൾ കാർ പണം നൽകുന്ന ആളിന് സ്വന്തമാവുമെന്നും വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് ഇടപാടുകാരിൽ നിന്ന് പിരിവ് എടുത്തത്.

തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം ആഡംബര ഓഫീസും അതിനോടു ചേർന്ന് കെട്ടിടവും വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പ്. തൊഴിൽ രഹിതരും വിദ്യാ സമ്പന്നരുമായ യുവാക്കളെ പ്രൊമോട്ടർമാരായും എക്‌സിക്യൂട്ടീവുമാരായും നിയമിച്ച് കസ്റ്റമേഴ്‌സിനെ കണ്ടെത്തുകയായിരുന്നു. കേരളത്തിലുടനീളം സെമിനാറുകളും നടത്തി. ഇതിൽ വീണ പാവങ്ങളാണ് കാശ് നൽകിയത്.

സിറ്റിപൊലീസ് മേധാവി എച്ച് .വെങ്കിടേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷ് കുമാറാണ് പ്രതിയെ നിരീക്ഷിച്ചത്. തട്ടിപ്പ് ബോധ്യമായതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.