കൊല്ലം: കൈക്കൂലിക്കേസിൽ അന്വേഷണം നേരിടുന്ന മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരം ഓഫിസിലെ സീനിയർ എൻവയൺമെന്റൽ എൻജിനീയർ എഴുകോൺ ചീരങ്കാവ് പ്രണവം കോട്ടേരി പുത്തൻവീട്ടിൽ ജോസ്‌മോന്റെ (51) വീട്ടിൽ വീണ്ടും വിജിലൻസ് റെയ്ഡ്. ജോസ് മോൻ ഒളിവിലാണ്. ജോസ് മോനെ പിടികൂടുന്നതിന്റെ ഭാഗമായിരുന്നു റെയ്ഡ്.

എറണാകുളത്തു നിന്നുള്ള വിജിലൻസ് സ്‌പെഷൽ സെല്ലിലെ ഇൻസ്‌പെക്ടർ ബിപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ റെയ്ഡ് നടത്തിയത്. രാവിലെ എട്ടരയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. ജോസ് മോനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ നടത്തിയ റെയ്ഡിൽ കോടികളുടെ നിക്ഷേപ രേഖകളും വിദേശ കറൻസികളും സ്വർണവും പണവും ഉൾപ്പെടെ കണ്ടെത്തിയിരുന്നു.

ടയർ റീട്രെഡിങ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ പാലാ സ്വദേശിയായ ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിനു മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എൻജിനീയർ എ.എം.ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹാരിസിനു തൊട്ടുമുൻപ് കോട്ടയം ഓഫിസിലെ എൻവയൺമെന്റൽ എൻജിനീയറായിരുന്ന ജോസ്‌മോനിലേക്കും അന്വേഷണം നീണ്ടു. ജോസ്‌മോൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതി ഉണ്ടായിരുന്നു.

ജോസ്‌മോൻ പെരുമ്പാവൂർ മലിനീകരണ നിയന്ത്രണ ഓഫിസിൽ ജോലി ചെയ്തിരുന്നകാലത്ത് നൽകിയ മര വ്യവസായം, പ്ലാസ്റ്റിക് യൂനിറ്റുകൾ, ക്വാറികൾ എന്നിവയെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ തോമസ് കെ. ജോർജ്് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികളിൽ ആദായനികുതി, വിൽപന നികുതി വകുപ്പുകൾ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.

2016 മെയ്‌ മുതൽ 2018 ഏപ്രിൽ വരെയാണ് ജോസ് മോൻ പെരുമ്പാവൂർ ഓഫിസിൽ ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ 26 മരവ്യവസായ യൂനിറ്റുകൾ, 45 ക്വാറികൾ അടക്കം നിരവധി സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ജോസ് മോനെ സസ്‌പെന്റ് ചെയ്തതും വിവാദങങൾക്ക് ശേഷമാണ്. പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.

ജോസ് മോൻ അഴിമതി കേസിൽ പ്രതിയായ കാര്യം വിജിലൻസ് മലനീകരണ നിയന്ത്രണ ബോർഡിനെയോ പരിസ്ഥിതി വകുപ്പിനെയോ അറിയിച്ചിരുന്നില്ല. അഴിമതിക്കേസിലെ പ്രതി തിരികെ സർവ്വീസിൽ കയറിയത് വിവാദമായതോടെ വിജിലനസ് ഡയറക്ടർ ജോസ് മോനെതിരെ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.