തൃശൂർ: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊതു പ്രവർത്തകനായ കുരിയച്ചിറ തെക്കൂടൻ വീട്ടിൽ ജോസഫിനെതിരെ (ജോസഫ് തെക്കൂടൻ) പൊലീസ് കേസെടുത്തു. തൃശൂരിലെ പൊതു പ്രവർത്തന രംഗത്ത് സജീവമാണ് ജോസഫ് തെക്കൂടൻ. പൊലീസ് കൺട്രോൾ റൂമിന്റെ മുമ്പിൽ നിയമസഹായ വേദി എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു.

നിയമസഹായവേദി എന്ന സ്ഥാപനത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഭംഗിയുള്ള പാവയെ കാണിച്ചുതരാമെന്നു പറഞ്ഞ് കടയ്ക്കുള്ളിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് അമ്മ തിരക്കിയപ്പോഴാണു കുട്ടി സംഭവിച്ച കാര്യങ്ങൾ പറഞ്ഞത്. ഏഴ് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.

വിവരമറിഞ്ഞ നാട്ടുകാർ സ്ഥാപനം തകർക്കുകയും ജോസഫ് തെക്കൂടനെ മർദിച്ചവശനാക്കുകയും ചെയ്തു. തുടർന്ന് ഈസ്റ്റ് പൊലീസെത്തി പ്രതിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരേ നിരവധി പേർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെക്കെതിരേ ആറോളം സ്ത്രീകളെ പീഡിപ്പിച്ചതിന് ഈസ്റ്റ്, വെസ്റ്റ്, ഗുരുവായൂർ, കൊരട്ടി, മണ്ണുത്തി, ഒല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്.

കഴിഞ്ഞയാഴ്ച ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ചെന്ന വിജിലൻസ് എസ്.ഐയെ അസഭ്യം പറഞ്ഞതിനും കേസുണ്ട്. പൊലീസുകാരുടെ പരാതിയുൾപ്പെടെ േഇരുപതോളം കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. റൗഡി ലിസ്റ്റിലും ഇയാളുണ്ടെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.