കോട്ടയം : ഡോക്ടറുടെ സ്‌കോഡ കാറും ലാപ്‌ടോപ്പും യുവതിയും സുഹൃത്തുക്കളായ സഹോദരങ്ങളും ചേർന്ന് മോഷ്ടിച്ചത് കഞ്ചാവിന് പണംകണ്ടെത്താനെന്ന് മൊഴി. മാധ്യമവിദ്യാർത്ഥികളായ യുവതിയും യുവാവും യുവാവിന്റെ സഹോദരനുമാണ് അറസ്റ്റിലായത്.

കലക്ടറേറ്റിനു സമീപം ഡോ. ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോംസ്റ്റേയിൽ നിന്നു സ്‌കോഡ കാറും ലാപ് ടോപ്പും മോഷ്ടിച്ച സംഭവത്തിൽ പൊലീസ് സാധാരണ കള്ളന്മാരെ തിരക്കിയിറങ്ങിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ മാധ്യമ വിദ്യാർത്ഥികളായ യുവതിയും യുവാവും കോട്ടയത്തെ ഒരു സ്ഥാപനത്തിൽ നിന്ന് കാണാതായെന്ന് വിവരം ലഭിച്ചതോടെയാണ് ഇവരിലേക്ക് അന്വേഷണം നീളുന്നത്. ജേർണലിസം വിദ്യാർത്ഥികൾ ഇത്തരമൊരു അഭ്യാസത്തിന് മുതിരുമെന്ന് സ്വപ്‌നത്തിൽപോലും വിചാരിക്കാത്ത പൊലീസ് ഇവരുടെ മോഷണ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ്.

ചെങ്ങന്നൂർ പാറയിൽ ജുബൽ വർഗീസ് (26) സഹോദരൻ ജെത്രോ വർഗീസ് (21), എറണാകുളം തോട്ടുമുഖം അരുൺ തയ്യിൽ രേവതി കൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്. ജുബലും രേവതിയും ഒരുമിച്ച് പഠിക്കുന്നവരാണ്. കോട്ടയം നഗരത്തിലെ ഒരു സ്ഥാപനത്തിൽ മാധ്യമവിദ്യാർത്ഥികളാണ് ഇവർ.

കഴിഞ്ഞ ഏപ്രിലിലാണ് കഥയുടെ ആദ്യ എപ്പിസോഡ്. കോട്ടയം കളക്ടറേറ്റിനു സമീപം താമസിക്കുന്ന ഡോക്്ടർ ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോംസ്റ്റേയിൽനിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയി. പതിവുപോലെ പൊലീസ് അന്വേഷണവും തുടങ്ങി. പതിവു കള്ളന്മാരിലൊക്കെ അന്വേഷണം നടത്തുന്നതിനിടെയാണ് സമീപത്തു വാടകയ്ക്കു താമസിക്കുന്ന രണ്ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഒരാൾ പെൺകുട്ടിയാണ്.

ആലുവ തോട്ടുമുഖം സ്വദേശി അരുന്തയിൽ രേവതി. കൂട്ടുകാരൻ ചെങ്ങന്നൂർ കല്ലിശേരി സ്വദേശി പാറയിൽ ജുബൽ വർഗീസും. വരുടെ അസാന്നിധ്യത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തി. മൊബൈൽ നമ്പർ വച്ച് പരിശോധിച്ചതിൽനിന്ന് ഇവർ മുംബൈയിലാണെന്ന് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്. ഇവർക്കൊപ്പം ജൂബലിന്റെ സഹോദരൻ ജോത്രോയും പിടിയിലായിട്ടുണ്ട്.

പൊലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരും കഞ്ചാവിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വാങ്ങാൻ പണമില്ലാതായതോടെയാണ് ജൂബലും രേവതിയും കാർ മോഷ്ടിച്ച് വില്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിൽ 21നാണ് മോഷണം നടന്നത്.

ജില്ലാ പൊലീസ് ചീഫ് എൻ. രാമചന്ദ്രന്റെ നിർദേശാനുസരണം എഎസ്‌പി ചൈത്ര തെരേസാ ജോൺ, കോട്ടയം ഡിവൈഎസ്‌പി സ്‌ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്ഐ യൂ. ശ്രീജിത്ത്, അഡീഷണൽ എസ്ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നവാസ്, ജോർജ് വി. ജോൺ, പി.എൻ. മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ് വർമ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ കൻസി, റിൻസി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.