ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഔദ്യോഗിക സംഘത്തിനൊപ്പമെത്തിയ വാർത്താ ലേഖകരിൽനിന്നുയർന്ന പ്രകോപനപരമായ ചോദ്യങ്ങൾ അമേരിക്കൻ പ്രസിഡന്റിനെ തെല്ലൊന്ന് അസ്വസ്ഥനാക്കി. സംയുക്ത പത്രസമ്മേളനത്തിനിടെ, ബിബിസിയുടെ രാഷ്ട്രീയ കാര്യ ലേഖിക ലോറ ക്യുൻസ്ബർഗാണ് ട്രംപിന്റെ പല നയങ്ങളിലും സംശയം പ്രകടിപ്പിച്ച് ചോദ്യങ്ങളെയ്തത്. ഒരുവേള, അസ്വസ്ഥതയോടെ ട്രംപ് നമ്മുടെ ബന്ധം അവസാനിച്ചുവെന്ന് തെരേസയോട് പറയുകയും ചെയ്തു.

മുസ്ലീങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുമെന്നും ഭീകര ബന്ധമുള്ളവരെ മൃഗീയമായി പീഡിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ മുൻനിലപാടുകളെക്കുറിച്ചാണ് ലോറ ചോദ്യങ്ങൾ ചോദിച്ചത്. ഇതാണ് നിങ്ങളുടെ ചോദ്യങ്ങളെങ്കിൽ നമ്മുടെ ബന്ധം ഇവിടെ തീർന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തനിക്കൊപ്പം വന്ന മാദ്ധ്യമസംഘത്തിൽനിന്ന് അപ്രതീക്ഷിതമായൊരു ചോദ്യം വന്നതിന്റെ നിരാശയ്ക്കിടെയും ട്രംപിന്റെ പ്രതികരണത്തെ ചിരിച്ചുകൊണ്ട് നേരിടാൻ തെരേസ തയ്യാറായി.

ട്രംപുമായി നടന്ന ചർച്ചയിൽ ഗുണകരമായ പല കാര്യങ്ങളുമുണ്ടായി എന്ന് തെരേസ പത്രസമ്മേളനത്തിൽ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ ട്രംപ് ശ്രദ്ധയോടെ കേട്ടു. അതേ നിലയ്ക്കുതന്നെ താനും ട്രംപിനെ കേട്ടിരുന്നു. ഭിന്നാഭിപ്രായമുള്ള കാര്യങ്ങൾ ഉയർന്നുവന്നെങ്കിലും അതൊക്കെ സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂവെന്നും തെര്‌സ പറഞ്ഞു. കൂടുതൽ ദൃഢമായ ബന്ധമാകും ഇനി ഇരുരാജ്യങ്ങൾക്കുമിടയിലെന്നും അവർ വ്യക്തമാക്കി.

ഭീകരബന്ധമുള്ളവരെ പീഡിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസാണെന്നും അദദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള ബന്ധം കൂടുതൽ സവിശേഷമാക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, മറ്റുരാജ്യങ്ങളുമായി എത്രത്തോളം ദൃഢമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് ബിബിസി ലേഖികയോട് പറഞ്ഞു.

താൻ അമേരിക്കൻ ജനതയുടെ വക്താവായാണ് നിൽക്കുന്നതെന്നും അവരെ ശക്തമായി പ്രതിനിധാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിനെ ചൊടിപ്പിച്ച ചോദ്യങ്ങൾ ചോദിച്ച ലോറയുടെ നടപടിയെ പ്രേക്ഷകർ സമ്മിശ്ര പ്രതികരണത്തോടെയാണ് സ്വീകരിച്ചത്. പലരും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളെ അഭിനന്ദച്ചപ്പോൾ, മറ്റുപലരും ചോദ്യങ്ങൾ സന്ദർഭത്തിന് യോജിച്ചതല്ലെന്ന് വിമർശിച്ചു.