ന്യൂഡൽഹി: ബീഫിന്റെ പേരിൽ ഉത്തരേന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങൾ പലപ്പോഴും അതശയോക്തി കലർത്തി മാധ്യമങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് അടുത്തിടെ സംഘപരിവാർ അനുയായികൾക്കിടയിലെ പ്രധാന ആക്ഷേപം. ഈ ആക്ഷേപം നിലനിൽക്കേ തന്നെയാണ് ജുനൈദെന്ന് 16കാരന്റെ കൊലപാതകം സജീവ ചർച്ചയായത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ജുനൈദ്് ഖാൻ മരിച്ചത് ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആണെന്നതാണ് പൊലീസ് ഭാഷ്യം. ഹരിയാന പൊലീസാണ് ജുനൈദ് കൊല്ലപ്പെട്ടത്ത ബീഫിന്റെ പേരിൽ അല്ലെന്ന് വെളിപ്പെടുത്തിയത്.

ഇതുവരെ കരുതിയിരുന്നതുപോലെ ബീഫിന്റെ പേരിലായിരുന്നില്ല ജുനൈദ് ഖാന്റെ മരണമെന്നാണ് വിശദീകരണം. ട്രെയിനിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും ഫരീദാബാദ് റയിൽവെ എസ്‌പി കമൽദീപ് പറഞ്ഞു. കേസിലെ പ്രധാനപ്രതി നരേഷ് നാഥിനെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊലീസ് സൂപ്രണ്ട് പുറത്തുവിട്ടത്. ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. എന്നാൽ, കുത്തേറ്റ് കിടന്ന പതിനേഴുകാരനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാത്തതിനെ തുടർന്നു രക്തംവാർന്നാണു മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു.

അതേസമയം, പ്രതിയായ നരേഷ് നാഥിന് വധശിക്ഷ നൽകണമെന്നു ജുനൈദിന്റെ പിതാവ് ജലാലുദീൻ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 22നാണ് മഥുരഗസ്സിയാബാദ് ട്രെയിനിൽ ജുനൈദും സഹോദരന്മാരും അതിക്രമത്തിനിരയായത്. ഡൽഹിയിലെ സദർ ബസാറിൽ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീർ, മുഹ്‌സിൻ എന്നിവരും ആക്രമണത്തിനിരയായത്.

മാട്ടിറച്ചി കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു അക്രമണമെന്നായിരുന്നു റിപ്പോർട്ട്. ട്രെയിൻ ഓഖ്‌ല സ്റ്റേഷനിലെത്തിയപ്പോൾ ഇരുപത്തഞ്ചോളം ആളുകൾ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോൾ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവർഷം തുടങ്ങി. ദേശസ്‌നേഹം ഇല്ലാത്തവർ, പാക്കിസ്ഥാനികൾ, മാട്ടിറച്ചി കഴിക്കുന്നവർ എന്നൊക്കെ വിളിച്ചാണു ചീത്ത പറഞ്ഞതും തല്ലിയതുമെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു.

അതേസമയം പൊലീസ് ഭാാഷ്യം സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ അഭിപ്രായം ഉടലെടുത്തിട്ടുണ്ട്. പൊലീസ് ഭാാഷ്യം ഭരണകൂടത്തെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഒരഭിപ്രായം.