ന്യൂഡൽഹി: ബീഫ് കഴിക്കുന്നവർ എന്നാരോപിച്ച് ഹരിയാനയിൽ തീവണ്ടിയിൽ വെച്ച് 16 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റഇൽ. ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ആൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ അറസ്റ്റിലായ ആളുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രക്കാരനായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതിയെ കണ്ടെത്താൻ സഹായകമായ വിവരം നൽകുന്നവർക്ക് പൊലീസ് കഴിഞ്ഞ ദിവസം രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളായി ആരും രംഗത്തെത്താതിരുന്നത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ജൂൺ 22 നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഈദ് ആഘോഷത്തിന് സാധനങ്ങൾ വാങ്ങാൻ സഹോദരങ്ങൾക്കൊപ്പം ഡൽഹിയിലേക്കുപോയ 16 കാരനാണ് കുത്തേറ്റ് മരിച്ചത്. ഓഖ്ല സ്റ്റേഷനിൽനിന്ന് 15 - 20 പേർ ഉൾപ്പെട്ട സംഘം തീവണ്ടിയിൽ കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ജുനൈദും സഹോദരങ്ങളും സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മർദ്ദനം തുടങ്ങി. ദേശദ്രോഹികളെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദിനെ ചിലർ അക്രമിച്ചതെന്ന് സഹോദരങ്ങൾ മൊഴി നൽകിയിരുന്നു. ആയുധം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചശേഷം മറ്റൊരു സ്റ്റേഷനിൽവച്ച് ഇവരെ തീവണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി സർക്കാർ ഉദ്യോഗസ്ഥൻ അടക്കമുള്ളവരാണ് നേരത്തെ അറസ്റ്റിലായത്.