കോതമംഗലം: കപ്പലിനൊപ്പം കടലിൽ കാണാതായ ഉറ്റവർക്കുവേണ്ടിയുള്ള കുടുംബാഗങ്ങളുടെ കാത്തിരിപ്പിന് 10 വർഷം പിന്നിടുന്നു.2005 സെപ്റ്റംബർ അഞ്ചിന് ദക്ഷിണാഫ്രിക്കക്കടുത്ത് കടലിൽ അപ്രത്യക്ഷമായ ജുപിറ്റർ-6 കപ്പലിലെ ജീവനക്കാരായിരുന്ന 13 പേരുടെ കുടുംബാഗങ്ങളാണ് തങ്ങളുടെ എല്ലാമെല്ലാമായിരുന്നവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയിൽ വഴികണ്ണുമായി കാത്തിരിക്കുന്നത്.

മലയാളിഉൾപ്പെടെ 10 ഇന്ത്യാക്കാരും 3 ഉക്രയിൻ സ്വദേശികളുമാണ് അപ്രത്യക്ഷമായ കപ്പിലിൽ ജോലി ചെയ്തിരുന്നത്. മുംബൈ ആസ്ഥാനമായുള്ള പെലിക്കൻ മറ്റൈൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ജുപിറ്റർ 6 കപ്പൽ തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് ലോക വ്യാപകമായി വിവിധ ഏജൻസികൾ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. കപ്പൽ ഭൂമുഖത്ത് എവിടെയങ്കിലുമുള്ളതായി പോലും അന്വേഷണത്തിൽ സ്ഥിരീകരിക്കാനായിട്ടില്ലെന്നുള്ളതാണ് ഏറെ വിചിത്രം.

നമീബിയിൽനിന്നും ഗുജറാത്തിലെ കപ്പൽ പൊളിക്കൽ കേന്ദ്രത്തിലേക്ക് സാന്റ്‌സാംഗ് എന്ന മറ്റൊരു കപ്പലിനെ കെട്ടിവലിച്ചുകൊണ്ടുവരവെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽനിന്നും 220 നോട്ടിക്കൽ മൈൽ അകലെ ജുപീറ്റർ 6 അപ്രത്യക്ഷമാവുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. 2005 സെപ്റ്റംബർ എട്ടിനാണ് കപ്പൽ അപ്രത്യക്ഷമായത് സംബന്ധിച്ച് ഷിപ്പിങ് കമ്പനി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് വിവരം നൽകിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമ വാർത്തകൾ പുറത്തുവന്നതോടെയാണ് ജീവനക്കാരുടെ ബന്ധുക്കൾ വിവരമറിയുന്നത്.

സെപ്റ്റംബർ 5 നാണ് കപ്പലിൽനിന്നും അവസാനമായി വിവരങ്ങൾ ലഭിച്ചതെന്നും കപ്പലുമായി ബന്ധപ്പെടാൻ തങ്ങൾ ശ്രമിച്ചുവരികയാണെന്നുമായിരുന്നു കമ്പനിയുടെ ഓപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ചതോപാദ്ധ്യായ കപ്പൽ അപ്രത്യക്ഷമായ വിവരം അറിഞ്ഞ് കമ്പനിയിൽ എത്തിയ ജീവനക്കാരുടെ ബന്ധുക്കളെ അറിയിച്ചത്. കപ്പൽ കമ്പനിയുടെയും കേന്ദ്രഗവൺമന്റിന്റെയും ശുപാർശയെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവർത്തിച്ചുവരുന്ന തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമുള്ള സൗത്ത് ആഫ്രിക്കൻ ഏജൻസി 2005 സെപ്റ്റംബർ 23 ന് കപ്പൽചാലിൽ ഏരിയൽ സർവ്വേ നടത്തി. കപ്പൽ പോകേണ്ട വഴിയിൽ ആദ്യാവസാനം നടത്തിയ സർവ്വെയിൽനിന്നും ആശാവഹമായ ഒരു പുരോഗതിയുണ്ടായില്ല.

ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ജുപ്പീറ്റർ 6 ക്യൂബ പിന്നിട്ടപ്പോൾ ഉൾക്കടലിൽവച്ചുതന്നെ യന്ത്രത്തകരാറുണ്ടായതായി കമ്പനിയിൽ വിവരം ലഭിച്ചിരുന്നു. ഇതു പരിഹരിക്കാൻ നാലാഴ്ചയോളം വേണ്ടിവന്നു. പ്രൊപ്പല്ലറിനായിരുന്നു തകരാർ. ഇവിടെനിന്നും സൗത്ത് ആഫ്രിക്കൻ മുനമ്പിലേക്കായിരുന്നു കപ്പലിന്റെ യാത്ര. ഈ കപ്പൽചാലിൽ ജുപ്പീറ്റർ 6 കാണാതായി എന്നുള്ള വിവരം പുറത്തുവന്നശേഷം ഇതുവഴി കടന്നുപോയ വെസിഡോൾ എന്ന കപ്പൽ ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽനിന്നും 220 നോട്ടിക്കൽ മൈൽ അകലെ ഒരു കപ്പൽ ഒഴുകി നടക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിൽ ജുപീറ്റർ 6 വലിച്ചുകൊണ്ടുവന്ന സാറ്റ്‌സംഗ് എന്ന കപ്പലാണ് ഒഴുകി നടന്നതെന്ന് സ്ഥിരീകരിക്കാനായി. കപ്പലിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഈ പ്രദേശത്ത് കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ജുപ്പീറ്റർ 6 കണ്ടെത്താനായില്ല.

കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുക്കുകയോ കടലിൽ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ വിദേശ ഏജൻസികളുൾപ്പെട്ട അന്വേഷണസംഘങ്ങളുടെ വിലയിരുത്തൽ. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവ്വവിധ സന്നാഹങ്ങളുമായി മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 447 ടൺ ഭാരമുള്ള ഒരു കപ്പൽ കാണാതായതായും സെപ്റ്റംബർ 8 ന് കേപ്ടൗണിൽനിന്നും വ്യക്തതയില്ലാത്ത ഒരു സന്ദേശം ലഭിച്ചു എന്നതും മാത്രമാണ് ഇത് സംബന്ധിച്ച് തങ്ങൾക്കറിവുള്ളുവെന്നായിരുന്നു ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെസ്റ്റേൺ റീജിയണിലെ ചീഫ് സ്റ്റാഫ് ഓഫീസ് ഡപ്യൂട്ടി ജനറൽ രാജ് ശേഖർ അന്ന് മാദ്ധ്യമങ്ങളെ അറിയിച്ചത്.

കപ്പൽ മുങ്ങിയിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ ഗവേഷണ ഏജൻസികളുടെ നിഗമനം. കപ്പൽ കാണാതാകുന്ന സമയത്ത് 180 ടൺ ഡീസൽ കപ്പലിൽ സ്റ്റോക്കുണ്ടായിരുന്നതായിട്ടാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ഈ സ്ഥിതിയിൽ കപ്പൽ മുങ്ങിയാൽ കടൽവെള്ളത്തിൽ ഡീസൽ പടരുകയും മേൽതട്ടിൽ പാട രൂപപ്പെടുകയും ചെയ്യുമായിരുന്നു. മാസങ്ങൾ നീണ്ട പരിശോധനകളിൽ കപ്പൽചാലിൽ എണ്ണപ്പാട കണ്ടെത്താൻ അന്വേഷണഏജൻസികൾക്ക് കഴിഞ്ഞില്ല. ഇതാണ് കപ്പൽ മുങ്ങിയിട്ടില്ലെന്നുള്ള ഇക്കൂട്ടരുടെ നിഗമനത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സൊമാലിയൻ കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെങ്കിൽ കമ്പനിയുമായി മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധപ്പെടുമായിരുന്നെന്നും വർഷങ്ങൾ പിന്നിട്ടിട്ടും ഇത്തരത്തിലൊരു നീക്കമുണ്ടാകാത്ത സാഹചര്യത്തിൽ കപ്പൽ ഉപയോഗിച്ച് കൊള്ളക്കാർ കടൽവേട്ട തുടരുകയാണെന്നും ജീവനക്കാരെ അടിമകളാക്കുകയോ കൊന്നു തള്ളുകയോ ചെയ്തിരിക്കാമെന്നാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ചില ഏജൻസികളുടെ നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കത്തക്ക ഒരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. കപ്പലിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കമ്പനി മെനഞ്ഞ തിരക്കഥയിൽപ്പെട്ടതാണോ കപ്പൽ തിരോധാനം എന്ന കാര്യവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ വഴിക്ക് നടന്ന അന്വേഷണവും എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.

കപ്പൽ കാണാതായത് സംബന്ധിച്ച് യഥാസമയം തങ്ങളെ വിവരമറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി ജീവനക്കാരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം കമ്പനി അധികൃതർ നിഷേധിക്കുകയായിരുന്നു. കപ്പൽ കാണാതായതായി വിവരം മാദ്ധ്യമങ്ങൾ വഴി പുറത്തറിയുന്നതിന് മുൻപ് തന്നെ ജീവനക്കാരുടെ വീടുകളിൽ ഫോണിൽ ബന്ധപ്പെട്ട് കപ്പലിൽനിന്നും ജീവനക്കാരിൽ ആരെങ്കിലും കുടുംബാഗംങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടോ എന്ന് തിരിക്കിയിരുന്നെന്നും ഇത് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ചതോ പാദ്ധ്യായ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കമ്പനി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും അന്വേഷണഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിരുന്നു. ഷിപ്പിങ് മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ഈ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്ന് വ്യക്തമായിരുന്നു.

കപ്പൽ തിരോധാനം സംബന്ധിച്ച് ഇന്ത്യയിലെയും വിദേശങ്ങളിലെയും ചാനലുകളിലും പത്രങ്ങളിലും മറ്റും വാർത്തകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന കേന്ദ്രഗവൺമെന്റ് അടിയന്തിരമായി ശ്രദ്ധ ചെലുത്തി പലവഴിക്കുള്ള അന്വേഷണങ്ങൾക്ക് വേഗത പകർന്നു. കമ്പനി നടത്തിയ നിയമലംഘങ്ങൾക്കെതിരെയും കണ്ടം ചെയ്യാറായ കപ്പൽ ദൂരയാത്രക്കും ഉപയോഗപ്പെടുത്തിയതിനും മറ്റുമെതിരെ മാദ്ധ്യമങ്ങൾ കമ്പനിക്കെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി ജീവനക്കാരനും കാണാതായവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ മലയാള പത്രങ്ങളും ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേ തുടർന്ന് കേന്ദ്ര മന്ത്രി വയലാർ രവിയും ഇ. അഹമ്മദും മറ്റും ഈ പ്രശ്‌നത്തിൽ കേന്ദ്രഗവൺമെന്റ് നടത്തിയിരുന്ന അന്വേഷണങ്ങൾ വേഗത്തിലാക്കാൻ കഴിയാവുന്നതെല്ലാം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്കണ്ണിയിലെ ജോസ് മാത്യുവിന്റെ വീട്ടിലെത്തി ഭാര്യ മേരിക്കുഞ്ഞിനെയും മക്കളെയും കണ്ട് വിവരങ്ങൾ ആരാഞ്ഞതും മാദ്ധ്യമശ്രദ്ധ ആകർഷിച്ചു.

ഷിപ്പിങ് മന്ത്രാലയം പിടി മുറുക്കിയതോടെ പെലിക്കൻ മറൈൻ ഷിപ്പിങ് കമ്പനി പേരു മാറ്റിയത് ഏറെ വിമർശനത്തിനിടയാക്കി. പെൽമാർ മറൈൻ എൻഞ്ചിനീയറിങ് ആൻഡ് ഷിപ്പിങ് എന്ന പേരിലാണ് പിന്നീട് കമ്പനി അറിയപ്പെട്ടത്. കപ്പൽ കാണാതായി ഒരു വർഷത്തിനുള്ളിലായിരുന്നു കമ്പനിയുടെ പേരുമാറ്റം.കപ്പൽ കാണാതായത് സംബന്ധിച്ചുള്ള നിയമനടപടികളിൽനിന്നും തലയൂരൂന്നതിന് ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ പേരുമാറ്റൽ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പേരു മാറിയതോടെ വെബ്‌സെറ്റിൽനിന്നും ജുപ്പീറ്റർ 6 സംബന്ധിച്ചുള്ള പഴയ വിവരങ്ങളെല്ലാം കമ്പനി മാറ്റി.

കപ്പൽ കാണാതായി ഒരു വർഷം പിന്നിട്ടപ്പോൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതും മലയാളിയായ മനോജ് ജോയി കോ ഓർഡിനേറ്ററുമായുള്ള സെയിലേഴ്‌സ് ഹെൽപ്പ് ലൈൻ എന്ന സംഘടന പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് കപ്പൽ തിരോധാനം വീണ്ടും മാദ്ധ്യമ ശ്രദ്ധയാകർഷിച്ചത്. കപ്പൽഅപകടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ സമാഹരിക്കുകയും ബാധിക്കപ്പെടുന്നവർക്ക് നിയമസഹായമുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ ലഭ്യമാക്കുകയുമാണ് സെയിലേഴ്‌സ് ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം.

കപ്പലിലെ ജീവനക്കാരായിരുന്ന ഹരിയാന സ്വദേശികളായ സൂർജിത്ത്‌സിംഗിന്റെ ഭാര്യ നിർമ്മല കൗർ, രാജ്കുമാറിന്റെ പിതാവ് ക്യാപ്റ്റൻ ഒ. പി. ശർമ്മ, മുംബൈയിൽനിന്നുള്ള സുനിൽകുമാർ ശർമ്മയുടെ മാതാവ് രാജ് റാണി മോഹൻലാൽ ശർമ്മ, ലക്ഷദ്വീപിൽനിന്നുള്ള ഫൈക്കേജിന്റെ ഭാര്യ സാബിയ, മലയാളി പരീക്കണ്ണി കാട്ടാംപിള്ളിൽ ജോസ് മാത്യുവിന്റെ ഭാര്യ മേരിക്കുഞ്ഞ്, എന്നിവരുടെ കുടുംബങ്ങളാണ് സംഘടനയുടെ സഹായം തേടിയെത്തിയത്. ജുപ്പീറ്റർ 6 ന്റെ തിരോധാനം സംബന്ധിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കുകയായിരുന്നു സംഘടനയുടെ ആദ്യ നടപടി. പിന്നീട് ജീവനക്കാരുടെ കുടുംബങ്ങളുമായി സംഘടനാ പ്രവർത്തകർ പലവട്ടം ബന്ധപ്പെട്ടു. ബന്ധുക്കളുടെ ആവശ്യപ്രകാരം താൽക്കാലിക ദുരിതാശ്വാസം അനുവദിച്ച് നൽകണമെന്ന് സംഘടന കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് സുപ്രിം കോടതിയിൽ സംഘടനയുടെ അഭിഭാഷകർ ഹർജി ഫയൽ ചെയ്തത്.

6 വർഷത്തോളം നീണ്ടുനിന്ന കേസ് നടപടികൾക്കിടയിൽ 27 തവണ സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച് വാദം നടന്നു. ഹർജിക്കാർക്കനുകൂലമായ സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 2007ൽ കമ്പനി ജീവനക്കാരുടെ ബന്ധുക്കൾക്ക് ദുരിതാശ്വാസം നൽകണമെന്ന് കോടതി വിധിച്ചു. ഇതിനുള്ള തുക കെട്ടിവയ്ക്കാൻ കോടതി കമ്പനിയോട് ആവശ്യപ്പെടുകയും ഇതുപ്രകാരം കോടതി നിർദ്ദേശിച്ച തുക കമ്പിനി കോടതിയിൽ കെട്ടിവയക്കുകയും ചെയ്തിരുന്നു ഈതുക ഭാഗീകമായി ജീവനകാകരുടെ ബന്ധുക്കൾക്ക് ലഭിക്കുകയും ചെയ്തു. 2005 ലും 2010 ലുമായി രണ്ടുവട്ടം കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിയമ ഭേദഗതികൾ നടപ്പിലാക്കിയ് കേസിന്റെ നാൾവഴിയിൽ ഹർജിക്കാർക്ക് ഗുണകരമായി.

ഉറ്റവരെ കണ്ടെത്തണമെന്നുള്ള ജിവനക്കാരുടെ കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിക്കുകയും ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ഏന്നാൽ ഇക്കാര്യത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ദുരിതവും കഷ്ടപ്പാടും പേറിയുള്ള ജിവിത വഴിയിൽ ജീവനക്കാരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുന്നതും ഇതുതന്നെ.