ന്യൂഡൽഹി: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര ഔദ്യോഗിക വസതി ഒഴിയാത്തത് വിവദമാകുന്നു. ന്യൂഡൽഹി, 13 അക്‌ബർ റോഡിലാണ് വസതി. കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്ന് അന്തേവാസികളെ ഒഴിപ്പിക്കുന്നതിലും പൊളിക്കുന്നതിലും മിശ്ര വേണ്ടത്ര സാവകാശം നൽകാതിരുന്നത് ആ സമയത്ത് ചർച്ചാവിഷയമായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ച് ഏഴുമാസം പിന്നിട്ടിട്ടും ഔദ്യോഗിക ബംഗ്ലാവ് ഒഴിയാത്തത് ചട്ടലംഘനമാണെന്ന വിമർശനമാണ് ദേശീയ മാധ്യമങ്ങളിൽ ഉയരുന്നത്. വിരമിച്ച് ഒരു മാസത്തിനുശേഷം ബംഗ്ലാവ് ഒഴിയണമെന്നാണ് നിയമം.

അതേസമയം, ജസ്റ്റിസിന്റെ കുടുംബത്തിലുണ്ടായ ദുരന്തസംഭവങ്ങളാണ് വസതി മാറ്റം വൈകാൻ കാരണമെന്നാണ് സൂചന. അദ്ദേഹത്തിന്റെ വീട്ടിൽ തുടർച്ചയായി മരണങ്ങളുണ്ടായി. മിശ്ര റിട്ടയർ ചെയ്തിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് മരിച്ചിരുന്നു. പിന്നീട് അടുത്ത നാല് ബന്ധുക്കളുടെ മരണങ്ങളുണ്ടായി. ഇതോടെ, ജനുവരി വരെ ജസ്റ്റിസ് സ്ഥലത്തില്ലായിരുന്നു. മരണങ്ങളിൽ നിന്ന് മുക്തനായി വന്നപ്പോഴേക്കും ഭാര്യയ്ക്കും അമ്മായിഅമ്മയ്ക്കും കോവിഡ് ബാധിച്ചു.

മാർച്ച് 31 വരെ ഔദ്യോഗിക വസതിയിൽ കഴിയാനാണ് സുപ്രീം കോടതി അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അനുവദിച്ചിരിക്കുന്നത്. മിശ്രയുടെ ഭാര്യ ഇപ്പോഴും ക്വാറന്റീന് ശേഷം സുഖം പ്രാപിച്ചുവരുന്നതേയുുള്ളു. അതുകൊണ്ട്, ഏപ്രിൽ 30 വരെ കാലാവധി നീട്ടണമെന്ന് ജസ്റ്റിസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അഭ്യർത്ഥനയോട് സുപ്രീം കോടതി പ്രതികരിച്ചിട്ടില്ല. സർക്കാരിൽ പുതിയ സ്ഥാനമാനങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്നും, ഭാര്യയ്ക്ക് സുഖമാകുമ്പോൾ ബംഗ്ലാവ് ഒഴിയുമെന്നുമാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.

2019 സെപ്റ്റംബറിൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് അടക്കം 26 ൽ നിന്ന് 34 ആയി പാർലമെന്റ് വർദ്ധിപ്പിച്ചിരുന്നു. ജഡ്ജിമാർക്ക് ഔദ്യോഗിക വസതികൾ സുപ്രീം കോടതിക്ക് കണ്ടെത്തേണ്ടതുകൊണ്ട് തന്നെ ബംഗ്ലാാവ് ഒഴിയണമെന്ന് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു.ഒക്ടോബർ രണ്ടോടെ അദ്ദേഹം വസതി ഒഴിയേണ്ടതായിരുന്നു.

സുപ്രീംകോടതിയുടെ 1959 ലെ നിയമപ്രകാരം, പദവിയിലിരിക്കുന്ന കാലം വാടക നൽകാതെ ഔദ്യോഗിക വസതി ഉപയോഗിക്കാം. റിട്ടയർമെന്റിന് ഒരുമാസത്തിന് ശേഷം ഒഴിയുകയും വേണം. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് മുമ്പും ശേഷവും വിരമിച്ച ജഡ്ജിമാരെല്ലാം അവരവരുടെ ബംഗ്ലാവുകൾ ഇതിനകം ഒഴിഞ്ഞുകഴിഞ്ഞു

വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടായാൽ കൂടി, നിയമവും ചട്ടവും എല്ലാവരും പാലിക്കേണ്ടതാണെന്നാണ് വിമർശനം ഉയരുന്നത്. വിരമിക്കലിന് ശേഷം മിക്ക ജഡ്ജിമാരും അന്തസ്സോടെ, സ്വമനസ്സാലെ ഔദ്യോഗിക വസതി ഒഴിയുകയാണ് പതിവ്. സുപ്രീം കോടതിയുടെ ഉന്നത പാരമ്പര്യം വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയും പിന്തുടരണമെന്നാണ് പൊതുഅഭിപ്രായം ഉയരുന്നത്.

വിവാദങ്ങളിൽ ഇടംപിടിച്ച ജസ്റ്റിസ് അരുൺ മിശ്ര

രാജസ്ഥാൻ, കൊൽക്കത്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന അരുൺ മിശ്ര, 2014 ജൂലായ് ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ആറ് കൊല്ലത്തെ സേവനത്തിന് ശേഷമാണ് അരുൺ മിശ്ര വിരമിച്ചത്. മരടിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച നാല് ഫ്‌ളാറ്റുകൾ ഇടിച്ച് നിരപ്പാക്കുന്നതിലേക്ക് നയിച്ച സുപ്രധാന വിധിയിലൂടെയും പതിറ്റാണ്ടുകൾ നിലനിന്ന പള്ളിക്കേസിൽ അന്തിമ തീർപ്പുണ്ടാക്കിയും മലയാളികൾക്കിടയിലും ജസ്റ്റിസ് അരുൺ മിശ്ര എന്ന പേര് പരിചിതമാണ്. മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ ജസ്റ്റിസ് മിശ്ര ഉത്തരവിട്ടപ്പോൾ തീരദേശനിയമലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയവർ പോലും ഞെട്ടി. വിഷയം ഹൈക്കോടതിക്ക് വിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തിൽ പറഞ്ഞതെങ്കിലും സുപ്രീംകോടതി തന്നെ പരിഗണിച്ചാൽ മതിയെന്ന് അഭിപ്രായമുയർന്നതോടെ ജസ്റ്റിസ് മിശ്ര വാദംകേൾക്കാൻ സമ്മതിക്കുകയായിരുന്നു. ഒരുമാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടപ്പോൾ ഹർജിക്കാർ പോലും ഞെട്ടി. പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമ്മാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അഭിഭാഷകർ പ്രതീക്ഷിച്ചിരുന്നുള്ളൂ. അംബരചുംബികളായ മരട് ഫ്‌ളാറ്റുകളേക്കാൾ ഉറപ്പാണ് അരുൺ മിശ്രയുടെ ഉത്തരവിനെന്ന് അവ നിലംപൊത്തിയപ്പോൾ മാത്രം തിരിച്ചറിഞ്ഞവരുമുണ്ട്. മരടിലെ ഫ്‌ളാാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെയെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയിരുന്നു. നിയമലംഘകർക്ക് മരട് ഒരു പാഠമാകട്ടെയെന്നാണ് കോടതി പറഞ്ഞത്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും വിവാദങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കേസുകളായിരുന്നു തുടക്കം മുതൽ അരുൺ മിശ്രയുടെ മുന്നിൽ എത്തിയിട്ടുള്ളത്. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിനു വിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തുകയും ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് വിളിച്ചു പറയുകയും ചെയ്തു.

സഹാറ-ബിർല ഹരേൻ പാണ്ഡ്യ കൊലപാതകത്തിന്റെ ഡയറിക്കുറിപ്പുകൾ, മെഡിക്കൽ കോളേജ് കൈക്കൂലി കേസ് പട്ടികജാതി-പട്ടികവർഗ ഭേദഗതികൾ (അതിക്രമങ്ങൾ തടയൽ നിയമം), സിബിഐയുടെ മുകൾ തട്ടിലെ കുഴപ്പം, ഭീമ കൊറെഗാവ് കേസിലെ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ, ഭൂമിയേറ്റെടുക്കൽ തുടങ്ങി രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ അദ്ദേഹം വിധിന്യായം പുറപ്പെടുവിച്ചു.

സഹാറ-ബിർള ഡയറിക്കുറിപ്പുകൾ അന്വേഷിക്കണമെന്ന എൻജിഒയായ കോമൺ കോസിന്റെ ഹർജി ജസ്റ്റിസുമാരായ അമിതവ റോയിയുടെയും മിശ്രയുടേയും ബെഞ്ച് 2017 ജനുവരിയിൽ നിരസിച്ചു.ഏറ്റവും ഒടുവിലായി, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെയുള്ള ട്വീറ്റിന് പ്രശാന്ത് ഭൂഷണിനെ കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചതും എതിർപ്പുകൾ തള്ളിയായിരുന്നു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചതിന് സുപ്രീംകോടതി ബാർ അസോസിയേഷൻ ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.