തിരുവനന്തപുരം: കേരളത്തിൽ  ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് സുര്യനെല്ലി കേസ്. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം കേസിന് പിന്നിൽ മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യനെ കുടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നവെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് സിറിയക്ക് ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്.

സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ചൂടുപിടിച്ചിരുന്ന സമയത്ത് തെളിവില്ലാതെ ഒരാളെ പ്രതി ചേർക്കാൻ കഴിയില്ലെന്ന് ഐജി സിബി മാത്യൂസ് പറഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറയുന്നത് പോലെ കേട്ടാൽ മതിനെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ പറഞ്ഞെന്നും ജസ്റ്റിസ് സിറിയക്ക് ജോസഫ് പറയുന്നു.

ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ വാക്കുകളിലൂടെ

'ഡൽഹിയിൽ രാഷ്ട്രീയ ഭരണ വൃത്തങ്ങളിൽ വളരെ മതിപ്പുണ്ടാക്കിയിട്ടുള്ള ഒരു മലയാളി നേതാവാണ് പ്രഫസർ പി.ജെ കുര്യൻ. പ്രഫ.പി.ജെ കുര്യൻ 35-36 വർഷം എംപിയായിരുന്നു. അവസാനം അദ്ദേഹം രാജ്യസഭയുടെ ഡെപ്യുട്ടി ചെയർമാൻ എന്ന പദവി ക്യാബിനെറ്റ് റാങ്കോടെ വഹിച്ചതിന് ശേഷമാണ് അതിൽ നിന്നും അദ്ദേഹം പോന്നത്. ശ്രീ പി.ജെ കുര്യനെക്കുറിച്ച് പറഞ്ഞപ്പോഴാണ് എന്റെ മനസിൽ ഒരു കാര്യം ഓർമ്മയിൽ വരുന്നത്. അദ്ദേഹത്തിന് എതിരായിട്ട് സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് ഒരു ആരോപണം ഉയർന്ന് വരികയും അത് ധാരാളം മാധ്യമങ്ങൾ ചർച്ച ചെയ്യപ്പെടുകയും രാഷ്ട്രീയ മത്സരത്തിന് അത് ഉപയോഗപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരു ചരിത്രമുണ്ട്.

പിൽകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരൻ, അദ്ദേഹം ഇന്ന് ജീവിച്ചരിപ്പില്ല.അദ്ദേഹം എന്നോട് പറഞ്ഞു ഇതു സംബന്ധിച്ച് ഗവൺമെന്റിനുള്ളിൽ തന്നെ തർക്കങ്ങളുണ്ടായിരുന്നു. പി.ജെ കുര്യനെ പ്രതിസ്ഥാനത്ത് ചേർക്കണോ വേണ്ടയോ എന്ന കാര്യത്തിൽ. ഡയറക്ടർ ജനറൽ ഓപ് പ്രോസിക്യൂഷനായിരുന്ന ആൾ അയാളെ പ്രതിചേർക്കണം എന്ന് പറഞ്ഞു. അഡ്വക്കേറ്റ് ജനറലായിരുന്ന ശ്രീ എം.കെ ദാമോദരൻ അതിനുള്ള തെളിവില്ല അതുകൊണ്ട് അയാളെ പ്രതിചേർക്കുന്നത് ശരിയല്ല എന്ന പറഞ്ഞു. ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായ ഐജി സിബി മാത്യൂസ് പറഞ്ഞു തെളിവില്ലാതെ ഒരാളെ ഞാൻ പ്രതിയായിട്ട് ചേർക്കുന്നതെങ്ങനെ എനിക്കതിന് സാധിക്കില്ല എന്ന് പറഞ്ഞു.

അങ്ങനെ തർക്കം മൂത്ത് ഒടുവിൽ മുഖ്യമന്ത്രിയായിരുന്ന ഈ.കെ നായനാർ ഇവരെ ഒടുവിൽ ഇവരെയെല്ലാം വിളിച്ചു കൂട്ടി. ഇത് എം.കെ ദാമോദരൻ തന്നെ എന്നോട് പറഞ്ഞ കാര്യമാണ് അതുകൊണ്ട് ഞാൻ ഇത് പറയുന്നു. എല്ലാവർക്കും പറയാനുള്ള ഭാഗം പറയാനെന്ന് പറഞ്ഞു. ദാമോദരൻ ദാമോദരന്റെ ന്യായം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. അന്ന് സ്‌പെഷ്യൽ പ്രോസക്യൂട്ടറായിരുന്ന ജനാർദ്ദനക്കുറുപ്പ്, അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിനും പ്രതിചേർക്കണമെന്ന ആഗ്രഹമായിരുന്നു എന്നുള്ളതാണ് ഞാൻ മനസിലാക്കുന്നത്.

സിബി മാത്യൂസ് അദ്ദേഹത്തിന്റെ ഭാഗം പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശശിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. എല്ലാവരേയും കേട്ടിട്ട് ഒടുവിൽ മുഖ്യമന്ത്രി നായനാർ പറഞ്ഞുവത്രേ ഓൻ പറയുന്നത് പോലെ ചെയ്താൽ മതിയെന്ന്. അതായത് ഐജി പറഞ്ഞത് പോലെ ചെയ്താൽ മതി എന്ന് അതായത്. അദ്ദേഹത്തെ പ്രതി ചേർക്കണ്ട എന്ന്.അങ്ങനെയാണ് ശ്രീ. പി.ജെ കുര്യനെ ആ കേസിൽ പ്രതി ചേർക്കാതിരുന്നത്'.

സൂര്യനെല്ലി സംഭവമിങ്ങനെ

കേരളത്തിൽ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസിന് ആസ്പദമായ സംഭവങ്ങൾ 1996ലാണ് ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നു.പ്രതികളിലും ആരോപണ വിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരുമായിരുന്നു. പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചു കൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005-ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു.

ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.1996-ൽ പതിനാറ് വയസുണ്ടായിരുന്ന പെൺകുട്ടി, മൂന്നാറിലെ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂളിൽ കോൺവെന്റിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. പിതാവ് തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. പെൺകുട്ടി സ്ഥിരമായി വീട്ടിലേയ്ക്കും തിരിച്ചും സഞ്ചരിച്ചിരുന്ന ബസിലെ ജോലിക്കാരനായ രാജു എന്ന വ്യക്തിയുമായി പ്രേമത്തിലാകുകയും രാജുവിന്റെ വാക്ക് വിശ്വസിച്ച് 1996 ജനുവരി 16-ന് കോൺവെന്റിൽ നിന്ന് അമ്മയ്ക്ക് അസുഖമാണെന്ന കള്ളം പറഞ്ഞ് പുറത്ത് കടക്കുകയും രാജുവിനൊപ്പം പോവുകയുമായിരുന്നു.

രാജു പെൺകുട്ടിയെ പൊൻകുന്നം തെക്കേത്തുകവല സ്വദേശിനിയായ ഉഷ എന്ന സ്ത്രീയ്ക്ക് കോതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയറിയാതെ കൈമാറുകയും, ഉഷ തന്റെ പരിചയക്കാരനായ അഭിഭാഷകൻ ധർമ്മരാജനുമായി ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റ് നിരവധിയാൾക്കാർക്ക് ലൈംഗികമായി പീഡിപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു.ധർമ്മരാജൻ പെൺകുട്ടിയെ കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ നിരവധി പേർക്ക് പീഡിപ്പിക്കാൻ അവസരം നൽകി പണം വാങ്ങി.

ഇതിനിടെ, തമിഴ്‌നാട്ടിലെ കമ്പത്ത് വിലാസിനിയെന്ന സ്ത്രീയുടെ വീട്ടിലും കുറവിലങ്ങാട്ടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലും, നാദാപുരത്തെ ഒരു വീട്ടിലും പീഡനത്തിനായി താമസിപ്പിച്ചിരുന്നു. കുമളി റസ്റ്റ് ഹൗസിൽ വച്ചായിരുന്നു ഏറ്റവുമധികം ലൈംഗിക പീഡനം നടന്നത്. ഒടുവിൽ ആറുദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.സൂര്യനെല്ലി കേസ്സിൽ പെൺകുട്ടിയെ 40 ദിവസത്തിനകം 37 പേർ ചേർന്ന് 67 തവണ പീഡിപ്പിച്ചെന്നും, അവയിൽ അമ്പതോളം പ്രാവശ്യം കൂട്ട ബലാൽസംഗമായിരുന്നുവെന്നും, സർക്കാർ പിന്നീട് 2013-ൽ ഒരു അപ്പീൽ വിചാരണവേളയിൽ കോടതിയെ അറിയിച്ചിരുന്നു.

പീഡനങ്ങൾക്കായി 3090 കിലോമീറ്റർ ദൂരം സഞ്ചരിപ്പിച്ചിരുന്നുവെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.ധർമ്മരാജൻ കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയും തുടർപീഡനങ്ങൾക്ക് അവസരമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചനയുടെ ഫലമായാണ് രാജു പെൺകുട്ടിയെ ഉഷയ്ക്കും ധർമ്മരാജനും കൈമാറിയതെന്നും, ധർമ്മരാജൻ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമാണ് പെൺകുട്ടിയെ തടങ്കലിൽ വെച്ചതെന്നും ഹൈക്കോടതി പുനർവിചാരണയിൽ കണ്ടെത്തിയിരുന്നു.തുടർച്ചയായ പീഡനത്തെത്തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടിയെ കിടത്തി ചികത്സിക്കണമെന്ന് ഡോക്ടർ പറയുകയുമുണ്ടായി. പെൺകുട്ടി മരിച്ചുപോകുമോ എന്ന ഭയം കാരണം ഇതിന് സമ്മതിക്കാതെ 1996 ഫെബ്രുവരി 26-നു വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു.