രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്. ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിസ വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലും അതിശയിപ്പിച്ചുകൊണ്ടാണ് മന്ത്രാലയം തീരുമാനം നടപ്പാക്കുന്നത്. ഇതിനകം ഒരുലക്ഷതത്തിലേറെ വിസകൾ റദ്ദാക്കിയതായി ജസ്റ്റിസ് മന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം നൽകി.

എത്രത്തോളം വിസകൾ റദ്ദാക്കിയിട്ടുണ്ടെന്ന് വിർജീനിയ കോടതിയുടെ ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നൽകിയത്. നിയമപരമായി അമേരിക്കയിൽ താമസിക്കാൻ യോഗ്യതയുള്ള ആരുടെയും വിസയെ ബാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് മന്ത്രാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിലെ എറേസ് റ്യൂവെനി കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകളുമായി ചേരുന്നതല്ല. ഏകദേശം 60,000-ത്തോളം വിസകൾ റദ്ദാക്കിയതായാണ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക്.

അമേരിക്കൻ കോടതിയിൽനിന്ന് ഡൊണാൾഡ് ട്രംപിന് ആദ്യം തിരിച്ചടിയുണ്ടായെങ്കിലും, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് അൽപമൊന്ന് ആശ്വസിക്കാനുള്ള വകയുമുണ്ടായി. ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ തടയുന്ന ട്രംപിന്റെ തീരുമാനം മതപരമായ വിവേചനമാണെന്ന മനുഷ്യാവകാശ സംഘടനയുടെ വാദം ബോസ്റ്റണിലെ ഫെഡറൽ കോടതി തള്ളി.. നേരത്തെ വിർജീനിയയിലെയും സിയാറ്റിലിലെയും കോടതികൾ ട്രംപിന്റെ തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവച്ചിരുന്നു.

ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സിറിയ, യെമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെയാണ് ട്രംപ് അമേരിക്കയിൽ വിലക്കിയത്. പെർമനന്റ് റെസിഡന്റ്‌സിനെവരെ ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. പിആർ ഉള്ളവരെ നീക്കുന്നത് അടുത്ത വെള്ളിയാഴ്ചവരെ തടഞ്ഞുകൊണ്ടാണ് വിർജീനിയ കോടതി ഉത്തരവിട്ടത്. ട്രംപിന്റെ വിസ വിലക്കിനെതിരെ അമേരിക്കയിൽ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ലോകമെമ്പാടും അമേരിക്കൻ പ്രസിഡന്റിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

ബോസ്റ്റണിലെ കോടതി തീരുമാനം നടപ്പാക്കുന്നതിന് ഏഴുദിവസത്തെ സ്റ്റേ അനുവദിച്ചെങ്കിലും ദേശീയ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു വിലക്കേർപ്പടുത്തിയതെന്ന കാര്യം അംഗീകരിച്ചു. ട്രംപിന്റെ ഉത്തരവിലെവിടെയും മുസ്ലിം രാജ്യങ്ങളെന്ന് പറയുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മതപരമായ വിവേചനമുണ്ടെന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ വാദം തള്ളി.