തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ ബ്രൂണോ എന്ന വളർത്തുനായയെ ചൂണ്ടയിൽ കൊളുത്തി തല്ലിക്കൊന്നവർക്ക് പൊലീസ് അനുവദിച്ചത് സുഖവാസം തന്നെ. പേരിന് അറസ്റ്റ് രേഖപ്പെടുത്തി മനസാക്ഷിയെ മരവിപ്പിച്ച കുറ്റം ചെയ്തവരെ പൊലീസ് വെറുതെ വിട്ടു.

ന്നൊൽ കേസിൽ വിഴിഞ്ഞം പൊലീസ് നടപടിയെടുത്തില്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തിൽ വിട്ടത് നിയമാനുസൃതമാണ്. പരാതി കിട്ടിയപ്പോൾ അന്വേഷണം ആരംഭിച്ചിരുന്നു. ചാർജ് ഷീറ്റ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ മറുനാടനോട് പറഞ്ഞു.

എന്നാൽ കൂടുതൽ ചോദ്യങ്ങളിൽ നിന്നും സിഐ ഒഴിഞ്ഞുമാറി. അന്വേഷണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കൊടുപാതകം ചെയ്തവർക്ക എങ്ങനെയാണ് ജാമ്യം കിട്ടിയതെന്ന് ആർക്കും വ്യക്തതയില്ല. ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. മൃഗങ്ങളെ കൊല്ലുന്നതിന് ഉള്ള വകുപ്പാണ് ഇത്. മൃഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ഇതും ജാമ്യം കൊടുക്കാവുന്ന വകുപ്പാണ്. അതായത് മൃഗങ്ങളോട് അതിക്രൂരത കാട്ടിയവർക്ക് സുഖവാസമാണ് നിയമം പോലും ഒരുക്കുന്നത്.

വിഴിഞ്ഞത്തെ കേസിൽ പട്ടിയെ മോഷ്ടിച്ചു കൊണ്ടു പോയാണ് കൊല്ലുന്നത്. ഇവിടെ പ്രതികൾക്കെതിരെ മോഷണക്കുറ്റവും ചുമത്താം. ഇതിലൂടെ അവരെ ജാമ്യമില്ലാ കേസിൽ പ്രതികളാക്കുകയും ചെയ്യാം. എന്നാൽ പൊലീസ് അതു ചെയ്തില്ല. ഇതോടെയാണ് ബ്രൂണോയോ ക്രൂരത കാട്ടിയവർക്ക് ജയിൽ വാസമില്ലാതെ ജാമ്യം കിട്ടിയത്. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്. ശല്യക്കാരാകുന്ന മൃഗങ്ങളെ കർഷകരും മറ്റും കൊല്ലാറുണ്ട്. ഇവർക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് അടിമലത്തുറയിലെ ക്രൂരതയിലും പൊലീസ് എടുത്തത്.

ഇതിനിടെ ബ്രൂണോയ്ക്ക് ആദരമർപ്പിച്ച് ഹൈക്കോടതി രംഗത്തെത്തി. ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് 'ബ്രൂണോ'യുടെ പേര് നൽകുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഉത്തരവിലെ ഭാഗമിങ്ങനെ പൊതുതാൽപര്യ ഹർജിയുടെ പേര് 'In Re: Bruno Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights'

ഈ ആവശ്യം കോടതി രജിസ്ട്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹർജിക്ക് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു', ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അടിമലത്തുറയിലേത് അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി അടുത്തിടെ മൃഗങ്ങൾക്കെതിരായി ഉണ്ടായ ക്രൂരതകളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഹർജി പരിഗണിച്ച് സർക്കാരിന്റെ വിശദീകരണവും നേടിയ ശേഷം ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് സ്വമേധയാ ഹർജി ബ്രൂണോയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലുള്ള നിഷ്‌ക്രിയത്വമാണ് ഹർജിയിലെ പരിഗണനാ വിഷയം.

ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജിയെന്ന് കോടതി വ്യക്തമാക്കി.മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം, മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തുടർച്ചയായി വാർത്തയാകുന്ന സാഹചര്യത്തിൽ, ക്രൂരതകൾ തടയുക മാത്രമല്ല ക്രൂരതയ്ക്ക് ഇരയാകുന്ന മൃഗങ്ങൾക്ക് സഹായകരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.

അടിമലത്തുറ സംഭവത്തിൽ നായയ്ക്ക് നേരെയുണ്ടായ ക്രൂരതയിൽ പൊലീസ് കേസെടുത്ത പ്രതികൾക്ക് ഉടൻ കുറ്റപത്രം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്ത തവണ ഹർജി പരിഗണിക്കുന്നതിനു മുൻപായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

സർക്കാരിനൊപ്പം അനിമൽ വെൽഫയർ ബോർഡും കോടതിക്ക് റിപ്പോർട്ട് നൽകണം.സംസ്ഥാനത്തെ മൃഗാശുപത്രികളിലെ സൗകര്യങ്ങളും വ്യക്തമാക്കണം. തെരുവുനായ്ക്കളുടെ അടക്കം സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. നാട്ടുകാരായ ചിലർ ചേർന്നാണ് നായയെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയിൽ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലയെന്നായിരുന്നു ആക്ഷേപം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്‌നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.