കോഴിക്കോട്: ഗുജറാത്ത് കലാപ കാലത്തിന് ശേഷം ബിജെപിക്കും മോദിക്കുമെതിരെ മാധ്യമങ്ങളിൽ ഏറ്റുവും കൂടുതലമായി പറഞ്ഞു കേട്ടത് ഗർഭസ്ഥ ശിശുവിനെ ശൂലംകുത്തി കൊന്ന കഥയായിരുന്നു. ബിജെപിയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചത്. ഇങ്ങനെ പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് സിപിഎം ആയിരുന്നു എന്നതും വാസ്തവമാണ്. എന്നാൽ, ഗർഭസ്ഥ ശിശുവിനെ ശൂലം കുത്തി കൊലപ്പെടുത്തിയ കഥ പ്രചരിപ്പിച്ചവർ എങ്ങനെയാണ് സ്വയം ഫാസിസ്റ്റുകളെ പോലെ പ്രവർത്തിക്കുന്നത് എന്നകാര്യം വ്യക്തമാക്കുന്നതാണ് അടുത്തകലാത്ത് കോഴിക്കോട്ട് ജില്ലയിലെ കോടഞ്ചേരിയിൽ നിന്നും പുറത്തുവന്ന വാർത്ത.

ഗർഭിണിയുടെ വയറ്റിൽ ചവിട്ടി ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ സിപിഎം നേതാക്കൾക്ക് വേണ്ടി പൊലീസ് സംവിധാനങ്ങൾ പോലും വളയുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. സംഭവത്തിൽ ഇരയാക്കപ്പെട്ടവരോട് കലിതീരാതെ വീണ്ടും വേട്ടയാടുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഉൾപെട്ട കേസിലെ ഇരകളും പാർട്ടിക്കാരുടെ ക്രൂരമർദ്ദനത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുകയും ചെയ്ത കോടഞ്ചേരി വേളങ്കോട് സിബി ചാക്കോക്കും ഭാര്യ ജ്യോത്സനക്കുമെതിരെയാണ് സിപിഎം പ്രതികാര നടപടികൾ തുടർന്ന് കൊണ്ടിരിക്കുന്നത്.

സ്വന്തം വീട്ടിൽ താമസിക്കാനാകാതെ താമരശ്ശേരിയിലെ വാടക വീട്ടിൽ താമസിക്കുന്നിടത്തും സിപിഎം ഇടപെട്ട് ഇവരെ ആട്ടിപ്പായിക്കുന്ന നിലപാടാണ് കൈകൊള്ളുന്നത്. ഈ മാസം മൂന്നാം തിയ്യതിയാണ് ഇവർ താമരശ്ശേരി വെണ്ടേക്കും മുക്കിൽ വാടക വീട്ടിലേക്ക് താമസം മാറിയത്. എന്നാൽ പ്രദേശിക നേതൃത്വം വീട്ടുടമയോട് എത്രയും പെട്ടെന്ന് ഇവരെ ഇവിടെ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ വീട്ടുടമയുടെ വീട് തകർക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ വീട്ടിൽ നിന്നും മാറിത്തരണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് വീട്ടുടമ.

നേരത്തെ ഇവരുടെ സ്വന്തം വീടായ കോടഞ്ചേരിയ വേളങ്കോട് നിന്നും പൊതുയോഗം നടത്തി അപമാനിച്ചും, ഭീഷണിപ്പെടുത്തിയും കുടിയിറക്കിയ കുടുംബത്തിന് നേരെ ഇപ്പോഴും സിപിഎമ്മിന്റെ ക്രൂരത തുടർന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം പൊതുയോഗം നടത്തി ഭീഷണിപ്പെടുത്തിയതിനെതിരെ പരാതി പറയാൻ ചെന്നപ്പോൾ പൊലീസ് അപമാനിച്ചതായും സിബി ചാക്കോയും ജ്യോത്സനയും മറുനാടൻ മലയാളിയോട് പറഞ്ഞു. തല്ലിക്കാലൊടിക്കുമെന്ന് ഭീഷണപ്പെടുത്തിയതിൽ പരാതി പറയാൻ ചെന്നപ്പോൾ തല്ലുമെന്ന് പറഞ്ഞിട്ടല്ലേയൊള്ളൂ എന്നും തല്ല് കിട്ടിയിട്ട് പരാതി സ്വീകരിക്കാമെന്നുമാണ് കോടഞ്ചേരി പൊലീസ് പറഞ്ഞിരിക്കുന്നത്.

ഭീഷണി തുടരുന്നതിനാൽ കഴിഞ്ഞ മൂന്ന് മാസമായി സിബി ചാക്കോക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. വീട് വിറ്റ് വേറങ്ങോട്ടെങ്കിലും മാറിത്താമസിക്കാനും ഇവർ സമ്മദിക്കുന്നില്ല. കോടഞ്ചേരിയിലെ വീടും സ്ഥലവും വാങ്ങാൻ വരുന്നവരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരച്ചയക്കുകയാണ്. സംഭവത്തിൽ വി എം സുധീരൻ ഡിജിപിക്ക് പരാതി നൽകി. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ വരുന്ന നടപടി എന്താണെന്ന് അറിഞ്ഞതിന് ശേഷം കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുമെന്നും വി എം സുധീരൻ മറുനാടനോട് പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയത്തിനപ്പുറമുള്ള പിന്തുണയാണ് കുടുംബത്തിന് വേണ്ടതെന്നും സുധീരൻ പറഞ്ഞു.

നേരത്തെ ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട് ടി സിദ്ധീക്ക് അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു. നാളെ കോഴിക്കോട് കളക്റ്റ്രേറ്റിന് മുന്നിൽ നടക്കുന്ന സത്യാഗ്രഹത്തിന് ബിജെപി പിന്തുണ അറിയിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ പങ്കെടുക്കും. വേളങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ ജനുവരി 28 ന് വീട് കയറി ആക്രമിച്ചതിനെ തുടർന്ന് ജോത്സ്നയുടെ നാലുമാസം പ്രായമായ ഗർഭം അലസി. ഈ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറി തമ്പിക്കും മറ്റും എതിരായുള്ള പരാതികൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു പിന്നീടുള്ള ഭീഷണി. ഇതോടെ സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറിയെങ്കിലും രക്ഷയുണ്ടായില്ല. അവിടെയും ഭീഷണി തുടരുകയാണ്.

കണ്ണൂർ പാർട്ടി ഗ്രാമത്തിൽ സിപിഎമ്മിന്റെ ഊരു വിലക്ക് മൂലം ജീവിതം വഴിമുട്ടിയ ദളിത് ചിത്രലേഖയുടേതിന് സമാനമായ ഊരുവിലക്കാണ് ജ്യോത്സ്യനയും കുടുംബവും നേരിടുന്നത്. സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ പോരാടിയ യുവതിക്ക് വീടുവയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ അഞ്ചു സെന്റ് ഭൂമി നൽകിയത് എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു. സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റിൽ വീടു പണി പൂർത്തിയാവാനിരിക്കെയാണു സർക്കാരിന്റെ ഇരുട്ടടി. സ്വാശ്രയ മെഡിക്കൽ കോളജിൽ ലക്ഷങ്ങൾ കോഴ നൽകി അനധികൃതമായി പ്രവേശനം നേടിയ സമ്പന്നരെ സഹായിക്കാൻ പ്രത്യേക നിയമം തന്നെ നിർമ്മിച്ച സർക്കാർ തന്നെയാണ് ഒരു ദളിത് യുവതിക്കെതിരെ കടുത്ത ആക്രമണം നടത്തുന്നതെനന്തും ശ്രദ്ധേയമാണ്.