കോഴിക്കോട്: സിപിഎമ്മുകാരുടെ ചവിട്ടേറ്റ് ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ ഈ മാസം 19ന് കോഴിക്കോട് കളക്ടറേറ്റിന് മുമ്പിൽ മാതാവ് ജ്യോത്സനയും കുടുംബവും സത്യാഗ്രഹമിരിക്കും. ബിജെപി പിന്തുണയോടെയാണ് പ്രക്ഷോഭം തുടങ്ങുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജഷേഖരൻ, ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും.

നിലവിൽ താമരശ്ശേരിയിൽ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സിപിഎമ്മുകാരുടെ ഭീഷണിയും പരിഹാസവും സഹിക്കാൻ കഴിയാതെയാണ് കോടഞ്ചേരിയിൽ നിന്ന് താമരശ്ശേരിയിലേക്ക് കുടുംബം താമസം മാറിയത്. എന്നാൽ ഇവിടെയും ഭീഷണി തുടരുകയാണെന്ന് ജ്യോത്സന മറുനാടനോട് പറഞ്ഞു. പൊതുയോഗം നടത്തി തന്നെയും കുടുംബത്തിനെയും അപമാനിച്ച് ഇവിടെ നിന്നും കുടിയിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പൊലീസിൽ നിന്നും കടുത്ത പരിഹാസവും അവഗണനയുമാണ് നേരിടുന്നത്. പരാതി പറയാനും കേസിന്റെ വിശദാംശങ്ങൾ അറിയാനും പൊലീസ് സ്റ്റേഷനിൽ ചെന്നാൽ അവിടെയും പരാഹാസും ഭീഷണിയുമാണെന്നും ജ്യോത്സനയും ഭർത്താവ് തേനാംകുഴി സിബി ചാക്കോയും പറഞ്ഞു.

അതേ സമയം കുടുംബത്തിനെതിരെ സിപിഎം തുടരുന്ന ഭീഷണികൾ അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എംടി രമേഷ് വ്യക്തമാക്കി. പിന്നീടെന്തെങ്കിലും പ്രശ്നമുണ്ടായാൽ സിപിഎമ്മിനും സർക്കാരുമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കോടഞ്ചേരിയിൽ ഉണ്ടായ സംഭവത്തെ തുടർന്ന് പ്രതികളെ ഭയന്ന് സ്വന്തം വീടുപേക്ഷിക്കേണ്ടി വന്ന വേളങ്കോട് സ്വദേശി ജോത്സ്‌നയ്ക്കും കുടുംബത്തിനും സിപിഎം ഭീഷണിയെ തുടർന്ന് വാടക വീടുകൾ പോലും കിട്ടുന്നില്ലെന്ന സ്ഥിതിയാണ്. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം സിപിഎം ഏറ്റുപിടിച്ചതോടെയാണ് ജോത്സ്‌നയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ തുടങ്ങുന്നത്.

വേളങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ ജനുവരി 28 ന് വീട് കയറി ആക്രമിച്ചതിനെ തുടർന്ന് ജോത്സ്‌നയുടെ നാലുമാസം പ്രായമായ ഗർഭം അലസി. ഈ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറി തമ്പിക്കും മറ്റും എതിരായുള്ള പരാതികൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു പിന്നീടുള്ള ഭീഷണി. ഇതോടെ സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറിയെങ്കിലും രക്ഷയുണ്ടായില്ല. അവിടെയും ഭീഷണി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജ്യോത്സ്‌ന കളക്ടറേറ്റിന് മുന്നിൽ സമരത്തിന് ഇറങ്ങുന്നത്.

നേരത്തേ, സംഭവത്തിൽ സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തുവന്നിരുന്നു. ഇത് വല്ല ഉത്തർപ്രദേശിലോ ഗുജറാത്തിലോ ആയിരുന്നുവെങ്കിൽ ബിജെപിയുടെ വർഗീയതയാണ് മരണത്തിന് കാരണമെന്ന് പറഞ്ഞേനെയെന്നും ഇപ്പോൾ ഈ സാംസ്‌കാരിക നായകർ പ്രതികരിക്കാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതുകൊണ്ടാണെന്നും ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

കൺമുന്നിൽ അതിക്രമം നടന്നാലും കേരളത്തിലെ സാംസ്‌കാരിക നായകർ ഒട്ടകപക്ഷികളെ പോലെ മണലിൽ തലതാഴ്‌ത്തിയിരിക്കുമെന്നും ആയിരുന്നു കുമ്മനത്തിന്റെ ആക്ഷേപം. ഇത്തരത്തിൽ ശക്തമായ പ്രതിഷേധമുയർത്തി സിപിഎമ്മിന്റെ ഇത്തരം സംഭവങ്ങളിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരികയാണ് ബിജെപി ലക്ഷ്യമിടുന്നത്.