തിരുവനന്തപുരം: ബാർകോഴയിൽപ്പെട്ട് ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് പദവി രാജിവെക്കേണ്ടി വന്നതോടെ അടുത്തത് എക്‌സൈസ് മന്ത്രി കെ ബാബുവാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് ഉള്ളത്. ബിജു രമേശ് ബാബുവിനെതിരെ പരാതിയുമായി രംഗത്തിറങ്ങുകയും വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ കോടതിയിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ ബാബുവിന്റെ മന്ത്രിസ്ഥാനം തുലാസിലായിട്ടുണ്ട്. ഇതിനിടെ അദ്ദേഹത്തിന്റെ പി ആർ ടീം മന്ത്രിയെ വികസനത്തിന്റെ നായകനാക്കാനുള്ള ശ്രമങ്ങളുമായി രംഗത്തെത്തി.

ബിജു രമേശ് ആരോപണവുമായി രംഗത്തെത്തിയ വേളയിൽ തന്നെ തന്നെ പിആർ ടീമിനെ സമർത്ഥമായി ഉപയോഗിക്കാൻ ബാബു ശ്രമിച്ചിരുന്നു. ആദ്യഘട്ടത്തിൽ ബിജുവിനെ ആക്രമിക്കുന്ന വിധത്തിൽ പ്രസ്താവനകളുമായി ബാബു കളം നിറയുകയാണ് ഉണ്ടായത്. ഇത് ബാബുവിന്റെ ആത്മവിശ്വാസമായി തന്നെ കരുതി. എന്നാൽ, ബിജുവിന്റെ മൊഴിപ്പകർപ്പ് അടക്കം കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതും മാണിയുടെ പരാമർശവും കൂടിയായപ്പോൾ ബാബു അപകടം മണത്തു. ഇതോടെ വികസന മന്ത്രിയെന്ന വിധത്തിലാക്കി മാദ്ധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകുകയാണ് അദ്ദേഹത്തിന്റെ പി ആർ വിഭാഗം.

വിഴിഞ്ഞെ തുറമുഖ പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ചുള്ള വാർത്താക്കുറിപ്പാണ് ഏതാനും ദിവസങ്ങളിലായി ദിവസങ്ങളായി നിരന്തരം മാദ്ധ്യമപ്രവർത്തകർക്ക് ലഭിക്കുന്നത്. ഇന്ന് പുലർച്ചെ തന്നെ വാർത്താക്കുറിപ്പ് മാദ്ധ്യമപ്രവർത്തകർക്ക് ലഭിച്ചു. മന്ത്രിയുടെ രാജി ആവശ്യം ഉയരുന്നതിന് ഇടയിൽ തന്നെയാണ് വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ റിലീസുകളാണ് മാദ്ധ്യമപ്രവർത്തകർക്ക് നൽകുന്നത്. ബിജു രമേശിനെ പ്രതിരോധിക്കാനുള്ള വിവരങ്ങളും ശേഖരിച്ച് മാദ്ധ്യമപ്രവർത്തകർക്ക് നൽകാനും അദ്ദേഹത്തിന്റെ മാദ്ധ്യമ വിഭാഗം ശ്രമം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രതിഷേധം ഭയന്ന് എക്‌സൈസ് മന്ത്രി കെ ബാബു തൃശൂർ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കിയിട്ടുണ്ട്. അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു. ബാർകോഴയുടെ പശ്ചാത്തലത്തത്തിൽ ഡിവൈഎഫ്‌ഐ, യുവമോർച്ച തുടങ്ങിയ സംഘടനകൾ മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. പ്രതിഷേധം ഉയരുന്നിടത്ത് പോകേണ്ട എന്ന തീരുമാനത്തിലാണ് കെ ബാബു. കെ.എം മാണിയും കഴിഞ്ഞദിവസം ബാബുവിനെതിരെ രംഗത്തുവന്നതോടെയാണ് ബാബുവിന്റെ നില പരുങ്ങലിലായത്.

അതേസമയം ബിജു രമേശ് ഹൈക്കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്ന് ബാബു പറഞ്ഞു. തന്നെ കരിവാരിത്തേയ്ക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്നും കെ ബാബു പറഞ്ഞു. ഇതിനെ നേരിടാൻ നിയമപരമായും രാഷ്ട്രീയമായും ശക്തിയുണ്ടെന്നും കെ എം മാണിയോട് യാതൊരു ശത്രുതയുമില്ലെന്ന് ബാബു പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കെ ബാബു പറഞ്ഞു. യുഡിഎഫിനെ ഒരുവിധത്തിലും ദുർബലപ്പെടുത്തുന്ന നടപടി ഉണ്ടാവില്ലെന്ന് കെ എം മാണി പറഞ്ഞിട്ടുണ്ടെന്നും താന് കെ എം മാണിയെ മുതിർന്നനേതാവെന്ന നിലയിലാണെന്നും ബാബു പറഞ്ഞു.

അതേസമയം ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനോട് കോൺഗ്രസ് മൃദുസമീപനം കാണിക്കുന്നതിൽ കേരളാ കോൺഗ്രസില് അതൃപ്തി പുകയുന്നുന്നുണ്ട്. മാണിയോട് കോൺഗ്രസ് നീതി കാണിച്ചില്ലെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്തി പറയുകയുണ്ടായി. മാണിയുടെ രാജിക്കായി രംഗത്ത് വന്ന വിഡി സതീശനും ടിഎൻ പ്രതാപനും കെ ബാബുവിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നതിനെയാണ് കേരള കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യുന്നത്. ആരോപണം ഉയർന്നപ്പോൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും മാണിക്കെതിരെ രംഗത്ത് വന്നവർ ഇപ്പോൾ മൗനം പാലിക്കുന്നത് നീതികേടാണെന്നാണ് കേരളാ കോൺഗ്രസ് പറയുന്നത്.

മാണിയെ മാത്രം രാജി വെയ്പിക്കുകയായിരുന്നു ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം. പിജെ ജോസഫ് വിഭാഗം ഇടഞ്ഞ് നിൽക്കുന്നതിനാലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ കേരളാ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വരാത്തത്. തന്റെ പരിധിയിൽ വരാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജിയുടെ പരാമർശമാണ് കെ എം മാണി രാജിവെയ്ക്കാൻ കാരണമെന്നും കേരള കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.