തിരുവനന്തപുരം: ബിനാമി ഇടപാടുകൾ തടയാനുള്ള പുതിയ കേന്ദ്രനിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി കെ. ബാബുവിനെതിരായ കേസ് ശക്തമാക്കും. ബിനാമികളിലൊരാളായ ബാബുറാമിന്റെ ഉടമസ്ഥതയിലുള്ള 44 കണ്ണായ സ്ഥലങ്ങളിലെ ഭൂമിക്ക് രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം പത്തു കോടി രൂപ മൂല്യമുണ്ട്. വിപണിവില 100 കോടി കടക്കും. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാളുടെ ബിസിനസ് വളർച്ച എങ്ങനെയാണെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബാബു പറയുന്നത് ബാബുറാമിനെ കുഴപ്പത്തിലാക്കും. ഏതായാലും ഈ യൂത്ത് കോൺഗ്രസ് നേതാവിന്റെ സ്വത്തിലെ വളർച്ച ഞെട്ടിക്കുന്നതാണെന്ന് വിജിലൻസ് വിലയിരുത്തുന്നു. ബാബുറാമിനും മോഹനനും പുറമേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പത്തിലേറെപ്പേർ ബിനാമികളായിട്ടുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. ഒരു മണ്ഡലം പ്രസിഡന്റിനും എൽ.ഐ.സി ഉദ്യോഗസ്ഥനായിരുന്ന ഉറ്റബന്ധുവിനും അനധികൃത സ്വത്തുണ്ട്.

ബാബുവിനെതിരെ വിജിലൻസ് മതിയായ തെളിവുകൾ കണ്ടെത്തിയെന്നാണ് കോൺഗ്രസിലെ വിലിയൊരു വിഭാഗത്തിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ബാബുവിനെ പിന്തുണയ്ക്കാൻ അധികമാരും എത്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന പതിവ് പല്ലവിയിലേക്ക് കാര്യങ്ങളെത്തിക്കും. ഇന്നലെ കൊച്ചിയിൽ നടന്ന യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ബാബു ഉദ്ഘാടനം ചെയ്തിരുന്നു. എ ഗ്രൂപ്പിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു ഇത്. കെപിസിസി അധ്യക്ഷൻ വി എം സുധീരന് ഇക്കാര്യത്തിൽ അമർഷമുണ്ട്. അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നാണ് സുധീരന്റെ പക്ഷം. വിജിലൻസ് റെയ്ഡിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പലതും സുധീരനും മനസ്സിലാക്കിയിട്ടുണ്ട. ഏത് സമയത്തും ബാബു അറസ്റ്റിലാകുമെന്നും കെപിസിസി വിലയിരുത്തുന്നു.

അതിനിടെ കെ. ബാബുവിന്റെ മരുമകനും പിതാവും കർണാടകയിലെ കുടകിൽ വൻതോതിൽ ഭൂമിവാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇതിന്റെ രജിസ്‌ട്രേഷൻ രേഖകൾ ശേഖരിക്കും. ഇളയ മകളുടെ വിവാഹത്തിന് 200 പവൻ നൽകിയെന്നും രണ്ട് പെൺമക്കൾക്കും ആഡംബര കാറുകൾ നൽകിയെന്നും കണ്ടെത്തിയിരുന്നു. മൂത്തമകളുടെ ഭർത്താവിന്റെ പേരിൽ തൊടുപുഴയിലെ ബാങ്കുകളിലുള്ള ലോക്കറുകൾ തുറന്നുപരിശോധിക്കും. മന്ത്രിയായിരുന്നപ്പോൾ ബാബുവിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവരുടെ ആദായനികുതി രേഖകളും സ്വത്തുവിവരങ്ങളും ശേഖരിക്കുന്നുണ്ട്. കൊട്ടാരക്കര, മട്ടാഞ്ചേരി, പാലക്കാട് സ്വദേശികളായ മുൻ സ്റ്റാഫംഗങ്ങൾക്ക് വരവിൽകവിഞ്ഞ സ്വത്തുണ്ട്. ബാബുവിന്റെ ബന്ധുവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ആമ്പല്ലൂർ സ്വദേശിയുടെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള അങ്കമാലിക്കാരന്റെയും സ്വത്തുവിവരങ്ങളും പരിശോധിക്കും. ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴിയുള്ള സ്പിരിറ്റ് ഇടപാടിൽ കൈക്കൂലി വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ എറണാകുളത്തെ മുൻ കെ.എസ്.യു നേതാവിനെക്കുറിച്ചും എക്‌സൈസിൽ അബ്കാരിനയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്.

അതിനിടെ ബാബുവിനെതിരെ ബിനാമി വകുപ്പ് ചുമത്താനാണ് നീക്കം. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിനാമി (ഭേദഗതി) നിയമം ചുമത്തിയാൽ ബിനാമികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനാകും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെയും അന്വേഷണത്തിന്റെ ഭാഗമാക്കാം. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന കൊച്ചിയിലെ ഒരു ഡസനിലേറെ പേരുടെ ആദായനികുതി വിവരങ്ങൾ വിജിലൻസ് ശേഖരിക്കും. വരുമാനവുമായി പൊരുത്തമില്ലാത്ത സ്വത്തുക്കൾ ബിനാമിയായി കണക്കാക്കും. വിവരം നൽകാത്തവർക്ക് ആറുമാസം തടവുശിക്ഷയ്ക്കും നിയമത്തിൽ വകുപ്പുണ്ട്. സംസ്ഥാനത്ത് ബിനാമി സ്വത്തുക്കളെക്കുറിച്ചുള്ള കേസും അന്വേഷണവും ആദ്യമായാണെന്ന് വിജിലൻസ് മേധാവി ജേക്കബ് തോമസ് പറയുന്നു. അതിനിടെ ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. ഇത് മനസ്സിലാക്കിയാണ് കെപിസിസി അധ്യക്ഷൻ സുധീരൻ പരസ്യപ്രതികരണങ്ങൾക്ക് എത്താത്തത്. കെ. ബാബുവിനെതിരായ കേസിൽ അനധികൃത സമ്പാദ്യത്തിന്റെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിജിലൻസിന്റെ 5/2006 സർക്കുലർ പ്രകാരം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി. രേഖകൾ നശിപ്പിക്കാനും അന്വേഷണം തടസപ്പെടുത്താനും ഇടയുള്ളതിനാൽ അനധികൃത സ്വത്തുള്ളവരെ വാറണ്ടുപോലുമില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതാണ് ഈ സർക്കുലർ.

ബിനാമി നിയമത്തിൽ കുടുങ്ങിയാൽ കാര്യം തീർത്തും പരിതാപകരമാകും. സ്ഥാവര ജംഗമ വസ്തുക്കൾ, പ്രത്യക്ഷവും പരോക്ഷവുമായ സ്വത്തുക്കൾ, സ്വർണം, ഓഹരി നിക്ഷേപം എന്നിവയിലെ ബിനാമി ഇടപാടുകൾ കണ്ടെത്താം. കുറഞ്ഞ ശിക്ഷ ഒരു വർഷത്തെ തടവ്. പുറമേ ബിനാമി സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം തുക പിഴയീടാക്കാം. തെറ്റായ വിവരം നൽകിയാലും അഞ്ചു വർഷം തടവും സ്വത്തിന്റെ 10 ശതമാനം പിഴയും ചുമത്താം. ഇതെല്ലാം മനസ്സിലാക്കിയാണ് ബാബുവിന്റെ കേസിൽ ബിനാമി വകുപ്പ് ചുമത്തുന്നത്. സാധാരണ ഗതിയിൽ ബിനാമി വകുപ്പ് കേരളത്തിൽ ആർക്കെതിരേയും ചുമത്താറില്ല. ബിനാമികളേയും ബാബുവിനേയും തമ്മിൽ ബന്ധപ്പെടുത്താൻ നിരവധി തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനാമി നിയമം ബാബുവിന്റെ കേസിൽ എത്തുന്നത്. അറസ്റ്റ് ചെയ്താൽ ജാമ്യം ലഭിക്കുന്നത് പോലും ഇതോടെ അനിശ്ചിതത്തിലാകും.

ബാബുവിന്റെ പ്രധാന ബിനാമികളിലൊരാളായ ബാബുറാം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോടികളുടെ അനധികൃത ഇടപാടുകൾ നടത്തിയായി വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെ പരിശോധനയിലാണ് അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ബാബുറാം 27 വസ്തു ഇടപാടുകൾ നടത്തിയതായി വിജിലൻസ് കണ്ടെത്തി. അഞ്ചുവർഷത്തിനിടെയാണ് കോടികളുടെ ഇടപാടുകൾ നടത്തിയത്. ഇയാൾക്ക് 41 ഇടങ്ങളിൽ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകൾ ബാബുറാമിന്റെ പക്കൽനിന്ന് വിജലൻസ് പിടിച്ചെടുത്തു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിന്റെ വീട്ടിൽ ഉൾപ്പെടെ ആറിടത്തെ പരിശോധനയിൽ നൂറിലധികം രേഖകളും സ്വർണവും പണവുമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. കോഴ നൽകിയ ബാറുടമകളുടെ പേരും തുകയും രേഖപ്പെടുത്തിയ ലിസ്റ്റും പിടിച്ചെടുത്തവയിലുണ്ട്. കെ ബാബുവിന്റെ വീട്ടിൽനിന്ന് 30 രേഖകളും ബാബുറാമിന്റെ വീട്ടിൽനിന്നും 85 രേഖകളുമാണ് വിജിലൻസ് സംഘം കണ്ടെടുത്തത്.

ബാബുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന നന്ദകുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചി വിജിലൻസ് ഓഫീസിൽ ഡിവൈഎസ്‌പി ബിജിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദ്യം നന്ദകുമാറിന്റെ ധനകാര്യ സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോ എന്ന് കാര്യം പരിശോധിക്കുന്നതിനായാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ബാബു മന്ത്രിയായ ശേഷം നന്ദകുമാർ തൃപ്പൂണിത്തുറയിൽ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. മറ്റു വരുമാന മാർഗങ്ങളില്ലാത്ത നന്ദകുമാറിന് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ചയുണ്ടായതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തൃപ്തികരമായ തെളിവുകൾ ലഭിച്ചാൽ നന്ദകുമാറിനെതിരെയും വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തേക്കും. നന്ദകുമാറിന്റെ ഭാര്യയുടെ പേരിൽ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന്റെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്‌നാട്ടിലെ തേനിയിലേക്ക് വ്യാപിപ്പിക്കാനും വിജിലൻസ് നീക്കം തുടങ്ങി. തേനി ജില്ലയിലെ മയിലാടും പാറ വില്ലേജിൽ നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകൾ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും വിജിലൻസ് കണ്ടെടുത്തിരുന്നു. ബിനാമി ഇടപാടാണോ എന്നാണ് വിജിലൻസ് പരിശോധിക്കുക. ഭൂമി ഇടപാടിൽ തനിക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ബാബു പ്രതികരിച്ചിരുന്നു. എന്നാൽ, ഇത് മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് വിജിലൻസ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി തമിഴിൽ തയ്യാറാക്കിയ ആധാരങ്ങൾ പരിശോധിക്കും. ഇതിനായി ആധാരങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യും. മന്ത്രിയായിരിക്കെ ഔദ്യോഗിക രേഖകളിൽപ്പെടുത്താതെ ബാബു പലവട്ടം തേനിയിൽ പോയിട്ടുള്ളതായും സൂചനയുണ്ട്. അവിടെ 120 ഏക്കർ ഭൂമി വാങ്ങിയതായാണ് വിജിലൻസിനു ലഭിച്ച വിവരം. ഈ ഭൂമി ഇടപാടിന് ഇടനിലക്കാരായി നിന്ന തമിഴ്‌നാട്ടുകാർ അടക്കമുള്ളവരെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിരവധി പേർ ഗ്രൂപ്പായി തേനിയിൽ ഭൂമി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തേനിയിലെത്തും. അവിടെ സബ് രജിസ്ട്രാർ ഓഫീസിൽ എത്തി പിടിച്ചെടുത്ത ആധാരങ്ങളും രേഖകളും ഒത്തുനോക്കും. ഇതിന് ശേഷമാകും ഭൂമി കൈമാറിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക.

ചില ഭൂമി ഇടപാടുകൾക്കായി മരുമകന്റെ കുടുംബം ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നാണ് ബാബുവിന്റെ വിശദീകരണം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താൻ ബാങ്ക് രേഖകളും വിജിലൻസ് പരിശോധിക്കും. പണത്തിന്റെ ഉറവിടം കണ്ടെത്താനും നീക്കമുണ്ട്. ഇന്നലെ ബാബുവിന്റെ ഇളയ മകളുടെ പാലാരിവട്ടം പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറും വിജിലൻസ് പരിശോധിച്ചു. ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അതിനിടെ ബാബുവിന്റെ മകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങൾ വിജിലൻസ് കണ്ടെടുത്തു.പഞ്ചാബ് നാഷണൽ ബാങ്ക് പാലാരിവട്ടം വെണ്ണല ശാഖയിലെ ലോക്കറിൽ നിന്നാണ് 117 പവൻ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്. അധികം പഴക്കമില്ലാത്ത ഇവ സ്ത്രീധനമായി ബാബു നൽകിയതാണെന്ന് കരുതുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിനുള്ള പ്രധാന തെളിവുകളിലൊന്നായി ഇത് മാറും. പരിശോധന നടക്കുമ്പോൾ ഐശ്വര്യയുടെ ഭർത്താവ് വിപിനും ബാങ്കിലുണ്ടായിരുന്നു. സ്വർണാഭരണങ്ങൾ ലോക്കറിൽ തന്നെ സീൽ ചെയ്തു.

ഐശ്വര്യയുടെ പേരിൽ വെണ്ണലയിലെ യൂണിയൻ ബാങ്കിലുള്ള രണ്ടാമത്തെ ലോക്കറും മൂത്തമകൾ ആതിരയുടെ തൊടുപുഴയിലെ ബാങ്കിലുള്ള ലോക്കറും ബാബുവിന്റെ പേരിൽ തൃപ്പൂണിത്തുറ എസ്‌ബിറ്റിയിലുള്ള ലോക്കറും വിജിലൻസ് ഉദ്യോഗസ്ഥർ തുറന്നു പരിശോധിക്കും.