കൊച്ചി: കൊച്ചിയിലെ കോൺഗ്രസുകാർക്കും തൃപ്പൂണിത്തുറയിലെ നാട്ടുകാർക്കും ബാബുവേട്ടൻ കുറിച്ച് പറഞ്ഞാൽ നൂറ് നാവാണ്. എപ്പോഴും എവിടേയും ഓടിയെത്തുന്ന പുഞ്ചിരി തൂകുന്ന മുഖമുള്ള കോൺഗ്രസുകാരൻ. മസിലു പടിക്കാതെ ആളുകളോട് സംസാരിക്കുന്ന നേതാവ്. തൃപ്പുണ്ണിത്തുറയെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയ അങ്കമാലിക്കാരൻ. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തൻ. അർഹതയ്ക്കുള്ള അംഗീകാരമായി ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയുമായി. എന്നാൽ മദ്യം കൈകൊണ്ട് തൊടാത്ത ബാബുവിന് കിട്ടിയ എക്‌സൈസ് വകുപ്പ് ചതിച്ചു. ബാർ കോഴ ആളിപടർന്നപ്പോൾ എക്‌സൈസ് മന്ത്രി പ്രതിക്കൂട്ടിലായി. വീട്ടിൽ റെയ്ഡിന് പൊലീസെത്തി. അങ്ങനെ അഴിമതിക്കാരനെന്ന പേരുദോഷമെത്തി. കഴിഞ്ഞ തവണ തൃപ്പുണ്ണിത്തുറയിൽ തോറ്റതോടെ ബാബുവിന്റെ മനസ് പതറി. പിന്നെ ഏകാന്തവാസത്തിലേക്ക് പോയി. ഇത് മറുനാടൻ വാർത്തയാക്കി. ഇതോടെ വീണ്ടും തൃപ്പുണ്ണിത്തുറയിലെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ഒഴുക്കായി. ബാബുവിനെ കൈപിടിച്ച് പൊതുവേദിയിലെത്തിച്ചു. മനോരമ കോൺക്ലേവിലും മേഴ്‌സി രവി അനുസ്മരണത്തിലും നിറഞ്ഞു. ഇനി പൊതു വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തും.

അങ്ങനെ ബാർ കോഴയിൽ നിശബ്ദനായ ബാബു മദ്യകച്ചവടത്തിലെ അഴിമതി ചർച്ചയാക്കി വീണ്ടും നിറയുകയാണ്. നിലവിലുള്ള നയത്തിന് വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യപ്രളയത്തിൽ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടതെന്നു സർക്കാർ വ്യക്തമാക്കണമെന്നാണ് മുൻ എക്‌സൈസ് മന്ത്രി കൂടിയായ കെ. ബാബു ആവശ്യപ്പെടുന്നത്. ഈ രഹസ്യ ഇടപാടിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ജലപ്രളയത്തിന്റെ ദുരിതങ്ങളിൽ ജനങ്ങൾ വലയുമ്പോൾ സംസ്ഥാനത്ത് മദ്യപ്രളയത്തിനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചത്. സിപിഎം ഏകപക്ഷീയമായും അതീവരഹസ്യമായും നടത്തിയ ഈ പകൽകൊള്ളയിൽ അന്വേഷണം നടത്തണമെന്നും പ്രസ്തുത ഉത്തരവ് പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.ബാബു ആവശ്യപ്പെട്ടു. തൃപ്പുണ്ണിത്തുറയിലെ രാഷ്ട്രീയ തോൽവിക്ക് ശേഷം ബാബു ഇറക്കുന്ന ആദ്യ രാഷ്്ട്രീയ പ്രസ്താവനയാണ് ഇത്. എറണാകുളത്തെ പാർട്ടിക്കാര്യത്തിൽ സജീവമാകണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും ബാബുവിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എ ഗ്രൂപ്പിന്റെ പടത്തലവനാക്കി ബാബുവിനെ മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടേയും ആഗ്രഹം. ഇത് മനസ്സിലാക്കിയാണ് കൃത്യസമയത്ത് കൃത്യവിഷയത്തിൽ ഇടപെട്ടുള്ള ബാബുവിന്റെ വരവ്.

1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ലെന്ന് ബാബു പറയുന്നു. 1996 ൽ ബിയറും വിദേശമദ്യവും ഉൽപാദിപ്പിക്കുന്നതിനായി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകൾ ലഭിക്കുകയും ചെയ്തു. അത് വിവാദമായതിനെ തുടർന്ന് 1999ൽ ആർക്കും ഇവ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 1999ലെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയത്തിന്റെ മറവിൽ അതീവരഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ ഇടതുമുന്നണി ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. ഘടകകക്ഷികളെ പോലും അറിയിക്കാതെ, മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ നിയമസഭയിൽ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പറയാതെ നിലവിലുള്ള മദ്യനയത്തിൽ മാറ്റം വരുത്താതെ ഇപ്പോൾ ധൃതിപിടിച്ച് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിലൂടെ സർക്കാറിന് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിരിക്കുകയാണെന്നും ബാബു പറഞ്ഞു. തന്നെ ബാർകോഴയിൽ അഴിമതിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചവർക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയാണ് ബാബു നൽകുന്നത്.

ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്നു ബാബു. എന്തിനും പോന്ന സംഘാടകൻ. ബാർ കോഴയിൽ പെട്ടതോടെ മാനസികമായി തളർന്നു. ഇതോടെ കുറേക്കാലം വീട്ടിൽ തന്നെ ഇരുന്നു. അതിഥികളെ കാണാൻ കൂട്ടാക്കിയില്ല. ഇതെല്ലാം മറുനാടൻ വാർത്തയാക്കി. ഇതോടെയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള സഹപ്രവർത്തകർ ബാബുവിന് ആത്മബലം നൽകാൻ എത്തിയത്. പതിയെ ബാബു പൊതുപരിപാടിക്കെത്തി. അതും പഴയ ലുക്കിൽ. തുടർച്ചയായി തൃപ്പൂണിത്തുറയിൽ നിന്നും വിജയിച്ചു കയറിയ ബാബുവിനെ കഴിഞ്ഞ തവണ അടിതെറ്റിയത് ബാർകോഴ കേസ് കാരണമാണ്. യുഡിഎഫിനെ മൊത്തം പിടിച്ചു കുലുക്കിയ വിവാദത്തിൽ കെ എ മാണിയും ബാബുവുമായിരുന്നു പ്രധാനമായും ആരോപണ വിധേയരുടെ സ്ഥാനത്തുണ്ടായിരുന്നത്. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിജിലൻസ് കണ്ടെത്തലും കൂടിയായപ്പോൾ കെ ബാബു തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായി.

ഇതോടെ കൊച്ചിയിലെ രാഷ്ട്രീയ വേദികളിൽ ബാബുവിന്റെ അസാന്നിധ്യ ശ്രദ്ധിക്കപ്പെട്ടു. അസുഖവും അഴിമതി കേസുകൾ തീർത്ത ആഘാതവും കൂടിയായപ്പോൾ അദ്ദേഹം തീർത്തും തളർന്നിരുന്നു. കോൺഗ്രസുകാർ പോലും അവഗണിച്ചത് ബാബുവിന് കടുത്ത നിരാശയാണ് സമ്മാനിച്ചത്. മറുനാടൻ വാർത്ത സൈബർ ലോകത്ത് ചർച്ചയായതോടെ പല കോൺഗ്രസ് നേതാക്കളും മുന്മന്ത്രിയെ കുറിച്ച് ഓർത്തു. ഇതോടെ എന്താണ് അദ്ദേഹത്തിന് പറ്റിയതെന്ന ചർച്ചകളു തുടങ്ങി. ഒടുവിൽ മാസങ്ങൾക്ക് ശേഷം ബാബു ഒരു പൊതുചടങ്ങിൽ പങ്കെടുത്തു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച മനോരമ കോൺക്ലേവിൽ പങ്കെടുക്കാനാണ് ബാബു എത്തിയത്. ഇടവേളയ്ക്ക് ശേഷം ബാബു എത്തിയത് കോൺഗ്രസ് പ്രവർത്തകർക്കും ആവേശമായി. അഡ്വ. ജെയ്സൺ ജോസഫ്, മുൻ കൊച്ചി മേയർ ടോണി ചമ്മണി തുടങ്ങിയവർക്കൊപ്പമാണ് ബാബു എത്തിയത്. ശശി തരൂർ അടക്കമുള്ള നേതാക്കളും മനോരമയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിന്നീട് മേഴ്‌സി രവി അനുസ്മരണത്തിനും എത്തി. അപ്പോഴും രാഷ്ട്രീയം പറയാൻ ബാബു മടിച്ചു. ബ്രൂവറി ചലഞ്ചിലെ പ്രസ്താവനയോടെ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ് ബാബു.

കുറച്ചു കാലം മുമ്പ് എന്തിനും വിളിച്ചാൽ ഓടിയെത്തുന്ന നേതാവായിരുന്നു ബാബു. ബാർകോഴ കേസിലെ വിജിലൻസ് കേസിൽ കെ ബാബു പ്രതിയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബാബുവിന്റെ വീട് റെയ്ഡ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം അടക്കം വിജിലൻസ് പിടിച്ചു കൊണ്ടു പോയിരുന്നു. ഇങ്ങനെ അഴിമതി ആരോപണങ്ങളാൽ നാണം കെട്ടും സമൂഹത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ബാബു രാഷ്ട്രീയ വനവാസം സ്വീകരിച്ചത്. ഇതോടെ അദ്ദേഹം തൃപ്പൂണിത്തുറയിൽ പൂർണ്ണാ ലെയ്‌നിലെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. കെ.ബാബുവിനെ നേരിൽ കാണാനായി മറുനാടൻ മലയാളി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയപ്പോഴും ആളും ആൾത്തിരക്കും ഉണ്ടായിരുന്നില്ല. മന്ത്രിപദമൊഴിഞ്ഞ് എറണാകുളത്ത് പോയ ശേഷം ബാബു തിരുവനന്തപുരത്തേക്ക് പോയതുമില്ല.

തൃപ്പുണ്ണിത്തറയിലെ അപ്രതീക്ഷിത തോൽവി അദ്ദേഹത്ത ശരിക്കും ഉലച്ചിരുന്നു. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും സ്വന്തം നാട്ടുകാർ കൈവിടില്ലെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ആ പ്രതീക്ഷ തെറ്റിയതോടെ അദ്ദേഹം ശരിക്കും വലഞ്ഞിരുന്നു. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കഷ്ടകാലത്ത് ദുരിതവുമായെത്തി. സദാ തിരക്കിലായിരുന്ന നേതാക്കൾ വല്ലപ്പോഴും മാത്രമെത്തുന്ന അവസ്ഥയായി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ബാബു നിർത്തിയിരുന്നു. ഇത് മൂലം ഏറ്റവും നഷ്ടമുണ്ടായത് ഉമ്മൻ ചാണ്ടിക്കായിരുന്നു. രാഷ്ട്രീയ പ്രശ്‌നത്തിൽ വലം കൈ സഹായം നഷ്ടമായ അവസ്ഥ. ബാബുവിനെ വീണ്ടും എ ഗ്രൂപ്പിൽ സജീവമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനറാകുന്നതോടെ ഗ്രൂപ്പ് പ്രവർത്തനത്തിൽ നിന്നും അകലം പാലിക്കും. ഈ സാഹചര്യത്തിൽ എറണാകുളത്തെ എ ഗ്രൂപ്പിന്റെ മുഖമായി ബാബുവിനെ മാറ്റും. അങ്ങനെ കേരളാ രാഷ്ട്രീയത്തിലെ ഇടപെടലുകളുടെ നേതാവാക്കി ബാബുവിനെ മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടെ തന്ത്രം.

ജനങ്ങൾക്കിടയിൽ നിന്നും ഓടിയൊളിക്കില്ലെന്ന സന്ദേശമാണ് ബാബു പുതിയ പത്രക്കുറിപ്പിലൂടെ കോൺഗ്രസുകാർക്കും തൃപ്പുണ്ണിത്തുറക്കാർക്കും ബാബു നൽകുന്നത്. ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്‌സൈസ് വകുപ്പ് തന്നെ വീഴ്‌ത്തുകയായിരുന്നു. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു.

പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി. പക്ഷേ പഴയ സഹപ്രവർത്തകരുടെ ഇടപെടിലൂടെ വീണ്ടും പൊതുരംഗത്ത് എത്തുകയാണ് ബാബു.