കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ എക്‌സൈസ് മന്ത്രി കെ ബാബു ഊരാക്കുടുക്കിൽ. വിജിലൻസിന്റെ പരിശോധനയിൽ ബാബുവിന്റെയും ബന്ധുക്കലുടെയും ലോക്കറുകളിൽ നിന്നും കണ്ടെടുത്ത സ്വർണ്ണത്തിന് കണക്കു ബോധിപ്പിക്കാൻ സാധിക്കാതെ വന്നതാണ് ബാബുവിന് മേൽ കുരുക്കായി മാറിയിരിക്കുന്നത്. പരിശോധനയിൽ 200 പവൻ സ്വർണ്ണമാണ് കണ്ടെത്തുത്. ഈ സ്വർണം വാങ്ങിയതിന്റെ ബില്ല് കൈവശമില്ലാത്തതാണ് ബാബുവിനെ കുഴയ്ക്കുന്നത്. ഇതോടെ എവിടെ നിന്നാണ് സ്വർണം ലഭിച്ചതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

നിരവധി തവണ ചോദ്യം ചെയ്തിട്ടും സ്വർണം വാങ്ങിയതിന്റെ ബില്ലുകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്ന് ബാബുവിന്റെ കേസ് അന്വേഷിക്കുന്ന വിജിലിൻസ് ഉദ്യോഗസ്ഥർ പറയുന്നത്. കെ ബാബുവിന്റെയും മക്കളുടേയും ബാങ്ക് വിജിലൻസ് പരിശോധിച്ചിരുന്നു. ഇതിൽ പെൺമക്കളുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് 200 പവൻ സ്വർണഭാരണങ്ങൾ കണ്ടെടുത്തു. വിജിലൻസ് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം മുഴുവന് നൽകിയത് മക്കളുടെ ഭർതൃവീട്ടുകാർ ആണെന്നായിരുന്നു ബാബുവിന്റെ മൊഴി.

മൂത്ത മകൾ ആതിരക്ക് 32 പവനും ഇളയമകൾ ഐശ്വര്യക്ക് 100 പവനും കല്യാണ സമയത്ത് സ്ത്രീധനമായി നൽകിയെന്നും ബാബു മൊഴി നൽകി. എന്നാൽ ഭർതൃവീട്ടുകാരെ നിരവധി തവണ വിജിലൻസ് ചോദ്യം ചെയ്തു. സ്വർണം നൽകിയെന്ന് സമ്മതിച്ച ബന്ധുക്കൾക്ക് പക്ഷെ ഇവ വാങ്ങിയതിന്റെ തെളിവ് ഹാജാരക്കാനായില്ല. ഇതേ തുടർന്ന് എത്രയും വേഗം രേഖകൾ ഹാജരാക്കാൻ വിജിലൻസ് അന്ത്യശാസനം നൽകിയിരിക്കുകയാണ്.

ഇതിനിടെ കെ ബാബുവിന്റെ മകളുടെ ഭർതൃവീട്ടുകാർ തേനിയിൽ ഭൂമി വാങ്ങയതിന്റെ രേഖകൾ, തമിഴ്‌നാട് രജിസ്‌ട്രേഷ്ൻ വകുപ്പ് വിജിലൻസിന് കൈമാറി. ബിനാമി പേരിൽ കെ ബാബു വാങ്ങിയ ഭൂമിയാണിതെന്നാണ് ആരോപണം. ഭൂമിയാണ് വാങ്ങിയിരിക്കുന്നത്. ഇളയ മകൾ ഐശ്വര്യയുടെ ഭർതൃപിതാവ് എംഎൻ ബാബു, ഇദ്ദേഹത്തിന്റെ സുഹൃത്ത് പിഎ ബേബി, ഭാര്യ ശാന്തി എന്നിവരുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമി വാങ്ങുന്നതിനായി പിഎ ബേബി ബാങ്ക് വായ്പ എടുത്തതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. അതേ സമയം ഭൂമി ഇടപാടിൽ കെ ബാബുവിനെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതേ വരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ വീടിന്റെ അളവ് വിദഗ്ദ സംഘത്തെ കൊണ്ട് വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. വീടീന് എത്ര പണം ചെലവിട്ടു എന്ന് കണ്ടെത്താനാണിത്.

നേരത്തെ നടത്തിയ അന്വേഷണത്തിൽ കെ ബാബു മകൾക്ക് വിവാഹ സമ്മാനമായി നൽകിയ ബെൻസ് കാറിന്റെ വായ്പ കഴിച്ചുള്ള തുക അടച്ചത് ഒരു അബ്കാരിയാണെന്ന് സൂചന ലഭിച്ചതായി വാർത്തകൾ പുറത്തുവന്നുന്നു. 2012ൽ മകൾ ആതിരയുടെ വിവാഹത്തിന് 45 ലക്ഷം രൂപയുടെ ബെൻസ് കാർ മകളുടെ ഭർത്താവിന്റെ അച്ഛന്റെ പേരിലാണ് ബാബു വാങ്ങിക്കൊടുത്തത്. കെഎൽ 38ഡി6005 നമ്പർ രജിസ്‌ട്രേഷനിലുള്ള കാർ ബാർകോഴ ആരോപണം വന്നശേഷം മറിച്ചുവിറ്റു. കാറിന്റെ വായ്പകഴിച്ചുള്ള ആറുലക്ഷം രൂപ മറ്റൊരു അക്കൗണ്ടിൽനിന്നാണ് അടച്ചതെന്ന് വിജിലൻസ് കണ്ടെത്തി. ഇത് ബാറുടമകളും ബാബുവും തമ്മിലുള്ള ബന്ധത്തിന് ഉറച്ച തെളിവാകുമെന്ന് വിജിലൻസ് കരുതുന്നു. ബാബു വാങ്ങിയ കാറുകളുടെ വായ്പ കഴിച്ചുള്ള തുകയും വായ്പയുടെ തിരിച്ചടവുകളും വിജിലൻസ് പരിശോധിക്കുകയുണ്ടായി.