ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ചും വിനു വി ജോണിനെ ബഹിഷ്‌ക്കരിക്കാനുമുള്ള സിപിഎമ്മിന്റെയും ട്രേഡ് യൂണിയനുകളുടെയും നിലപാടിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും വെല്ലുവിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഐഎൻടിയുസിയുടെ നിലപാടിനെ പൂർണമായും കെ സി വേണുഗോപാൽ തള്ളി. ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമർശത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി പി എം നേതാക്കളും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ഏഷ്യാനെറ്റ് ന്യൂസിനെതിരെ രംഗത്തെത്തിയിരുന്നു.

നേത്തെ മാധ്യമസ്ഥാപനത്തിന് മുന്നിലെ സമരം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ടായാൽ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് എന്തായാലും നിലപാട് ഐഎൻടിയുസിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനങ്ങളുടെ കരണത്തടിക്കാൻ ആർക്കും അവകാശമില്ലെന്നും സതീശൻ വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യങ്ങൾ നിഷേധിക്കരുത്. നിങ്ങൾ ജോലിക്ക് പോകേണ്ടെന്നും പുറത്തിറങ്ങരുതെന്നും പറയാൻ ആർക്കും അവകാശമില്ല, പണിമുടക്കാനും പണിമുടക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അത് ഒരു വലിയ ആവശ്യത്തിന് വേണ്ടിയാണ്. റോഡിലിറങ്ങുന്നവരെ തടയാൻ ആർക്കും അവകാശമില്ല. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇതാണോ നവ കേരളം. ഇനിയിത്തരം പണിമുടക്കുകൾ വരുമ്പോൾ കൃത്യമായ കാര്യങ്ങൾ അറിയിക്കും. തെരുവിലിറങ്ങി വെല്ലുവിളിച്ചാൽ അത് ഏത് ട്രേഡ് യൂണിയനായാലും അംഗീകരിക്കാനാവില്ല.

ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് മാർച്ച് നടന്നത്. 28-ാം തീയതി വൈകിട്ട് നടന്ന ന്യൂസ് അവർ ചർച്ചയാണ് തൊഴിലാളി സംഘടനകളുടെ മാർച്ചിന് ആധാരം. പണിമുടക്കിന്റെ ആദ്യ ദിവസം നടന്ന ആക്രമണ സംഭവങ്ങളെ അപലപിക്കുകയായിരുന്നു ന്യൂസ് അവർ. അക്രമണ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവൽക്കരിക്കുന്ന എളമരം കരീമിന്റെ പ്രസംഗം ന്യൂസ് അവറിൽ സംപ്രേഷണം ചെയ്തിരുന്നു. ചെറിയ പ്രശ്‌നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നുവെന്ന തരത്തിലായിരുന്നു എളമരത്തിന്റെ പ്രസംഗം.