തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചേക്കും. ശ്രീ പത്മനാഭഭക്തനെന്നറിയപ്പെടുന്ന ജയകുമാറിനെ സിഇഒയായി നിയമിക്കുന്ന കാര്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനും താൽപ്പര്യമുണ്ടെന്നാണു സൂചന. ഇക്കാര്യം സർക്കാരിനെ അറിയിക്കും. പുതിയ നിയോഗത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു ജയകുമാർ പ്രതികരിച്ചു. മംഗളം പത്രത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതിയുടെ അനുമതിയോടെ ജയകുമാർ ക്ഷേത്ര നടത്തിപ്പ് ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.

രാജകുടുംബത്തിന് മുൻതൂക്കമുള്ള ഭരണ സമിതിക്കാണ് സുപ്രീംകോടതി രൂപം നൽകിയത്. ഇത് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ആയ രതീശൻ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ സിഇഒ അനിവാര്യതയാകുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശതകോടി വിലമതിക്കുന്ന സ്വത്തു പരിശോധനാ സമിതിയുടെ മേൽനോട്ടം വഹിച്ചിരുന്നു. ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്പെഷൽ ഓഫിസർ ചുമതലകളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ക്ഷേത്രഭരണത്തിൽ വലിയ അനുഭവസമ്പത്തുണ്ട്. ഈ സാഹചര്യത്തിലാണ് ജയകുമാറിനെ ക്ഷേത്ര ഭരണ ചുമതല ഏൽപ്പിക്കുന്നത്.

തിരുവിതാംകൂർ രാജകുടുംബത്തിന് പത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ അവകാശമുണ്ടെന്നു സുപ്രീംകോടതി വിധിച്ചിരുന്നു. സ്ഥിരം സംവിധാനമുണ്ടാകുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിയാണു ഭരണച്ചുമല വഹിക്കുന്നത്. സ്ഥിരം സംവിധാനമുണ്ടാക്കാൻ രാജകുടുംബത്തെ സഹായിക്കുക എന്ന കർത്തവ്യമായിരിക്കും പുതിയ സിഇഒ. ഏറ്റെടുക്കേണ്ടിവരിക. നിലവിലെ എക്സിക്യൂട്ടിവ് ഓഫീസർ തസ്തിക റദ്ദാക്കും. കാലങ്ങളായി തങ്ങളുടെ കീഴിലാണ് ക്ഷേത്ര ഭരണമെന്നും പത്മനാഭദാസനെന്ന നിലയിൽ ക്ഷേത്രഭരണം തുടരാൻ തങ്ങളെ അനുവദിക്കണമെന്നും രാജകുടുംബം കോടതിയിൽ ഉന്നയിച്ച വാദമാണ് അംഗീകരിക്കപ്പെട്ടത്.

രാജകുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലായിരിക്കും ജയകുമാർ ക്ഷേത്രഭരണമേൽക്കുക. സർക്കാരുമായും ജയകുമാറിന് അടുത്ത ബന്ധമാണുള്ളത്. ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള ജയകുമാർ കേരള സർവകലാശാലയിൽ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1978ൽ ഐ.എ.എസിലെത്തി. ചീഫ് സെകട്ടറിയായാണു വിരമിച്ചത്. വിരമിച്ചശേഷം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായും ഐ.എം.ജി. ഡയറക്ടറായും പ്രവർത്തിച്ചു. കേരള ചലച്ചിത്ര വികസന കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങളുടെ മേധാവിയായും എം.ജി. സർവകലാശാലാ വി സിയുമായിരുന്നു.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രവുമായുള്ള തന്റെ വൈകാരിക ബന്ധം ജയകുമാർ ഐ.എ.എസ് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് പഠനകാലത്ത് എന്നും ക്ഷേത്രദർശനം നടത്താറുണ്ടായിരുന്നെന്നും, പിന്നീട് വർഷങ്ങൾക്കിപ്പുറം സുപ്രീം കോടതിയുടെ നിർദേശ പ്രകാരം എ നിലവറയിൽ ഇറങ്ങാൻ നിയോഗിക്കപ്പെട്ടതുമെല്ലാമുള്ള അനുഭവങ്ങൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഐ.എ.എസിൽ കയറുന്നതിന് മുമ്പ് 1976-77 കാലഘട്ടം. 77ലെ സിവിൽ സർവീസ് പരീക്ഷയാണ് ഞാൻ എഴുതിയത്. പരീക്ഷയ്ക്ക് പ്രിപെയർ ചെയ്യുന്ന സമയത്ത്; വീട്ടിലിരുന്ന് പ്രിപെയർ ചെയ്താൽ എങ്ങുമെത്തില്ലെന്ന് എനിക്ക് മനസിലായി. വീട്ടിലെ അവസ്ഥവച്ച് എട്ടു മണിക്കൂർ പഠിക്കണമെന്ന് വിചാരിച്ചാൽ മൂന്ന് മണിക്കൂർ പോലും കഴിയില്ല എന്ന അവസ്ഥയായി.

അങ്ങനെ ഞാൻ ഓവർ ബ്രിഡ്ജിൽ പോയി ലോഡ്ജിൽ ഒരു റൂമെടുത്തു. അന്ന് യൂണിവേഴ്സിറ്റിയിൽ എനിക്ക് ചെറിയൊരു പണിയുണ്ട്.ആറ് മാസം ലോഡ്ജിലെ അന്തേവാസിയാണ്. മൊബൈൽ ഇല്ലാത്തതു കൊണ്ട് ഞാൻ എവിടെയാണെന്ന് ആർക്കുമറിയില്ല. രാപ്പകൽ മുറിയിലിരുന്ന് പഠിക്കും. ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകും. ആ ആറു മാസമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. രാത്രി മൂന്ന് മണിവരെയാണ് പഠിത്തം. അതിനു ശേഷം കുളിയും കഴിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകും. അവിടെയിരുന്ന് സൂര്യോദയമൊക്കെ കഴിഞ്ഞ് ഗണപതി കോവിലിലും ദർശനം നടത്തിയ ശേഷമാണ് റൂമിലേക്ക് പോവുക. തുടർന്ന് രാവിലെ 11 മണിവരെ കിടന്നുറങ്ങും. ഇതിനുശേഷം പഠിത്തം തുടരും. ഇതായിരുന്നു ദിനചര്യ.

പത്മനാഭ സ്വാമിക്ഷേത്രത്തിൽ ചെന്നിരിക്കുമ്പോൾ ഒന്നും പ്രാർത്ഥിക്കാറില്ല. എനിക്ക് ഐ.എ.എസ് തരണമേയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ ഇതാ അങ്ങയുടെ മുമ്പിൽ നിൽക്കുകയാണ്. എന്റെ ജീവിതം വേസ്റ്റ് ആക്കരുത്. അങ്ങ് തന്ന ജീവിതം യൂസ്ഫുൾ ആകണം. ജീവിത സായാഹ്നത്തിൽ കിട്ടിയ അവസരങ്ങൾ കളഞ്ഞുകുളിച്ചല്ലോ എന്ന് ഞാൻ എന്നോടു തന്നെ പറയാൻ അവസരം ഉണ്ടാകരുത് എന്നേ അന്നും ഇന്നും ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ. അവിയെ ഇരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഒന്നുവേറെയായിരുന്നു. നീ ഒറ്റയ്ക്ക് പൊയ്ക്കോ ഞാൻ കൂടെയുണ്ട് എന്ന് ആരോ പറയുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ടെന്നും ജയകുമാർ വെളിപ്പെടുത്തിയിട്ടുണട്്.

വലിയൊരു ഊർജവും ആത്മവിശ്വാസവുമുണ്ട്. അങ്ങനെ ആറുമാസം പഠിച്ചു, പരീക്ഷ എഴുതി പാസായി. കേരള കേഡർ കിട്ടി, വലിയ ഡാമേജ് ഇല്ലാതെ ഉദ്യോഗസ്ഥനായിരുന്നു, ഇവിടെ ചീഫ് സെക്രട്ടറിയായി. ഇതിനിടയിൽ ദേവസ്വം സെക്രട്ടറിയായിരുന്ന സമയത്താണ് പത്മനാഭ സ്വാമിക്ഷേത്രം കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. അങ്ങനെ കോടതി നിർദേശ പ്രകാരം നിലവറയിൽ ഇറങ്ങി നിധിയുടെ മൂല്യനിർണയം നടത്താനും സാധിച്ചുവെന്നും ജയകുമാർ ഒരു മാധ്യമത്തോട് നേരത്തെ മനസ്സ് തുറന്നിരുന്നു. അങ്ങനെ ഒരു വ്യക്തിയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചുമതലയിലേക്ക് എത്തുന്നുവെന്ന സൂചന പുറത്തു വരുന്നത്.