കോട്ടയം: പൊതുപ്രവർത്തനരംഗത്തു വന്നശേഷം കെ.എം.മാണി ഇരുപതിനായിരം കോടി രൂപയുടെ സ്വത്തു സമ്പാദിച്ചെന്ന് ജോർജ് സി.കാപ്പൻ വിജിലൻസിൽ മൊഴി നൽകി. 1956 മുതൽ കെ.എം.മാണിയെ നേരിട്ടറിയാം. തന്റെ അച്ഛനും എംപി.യും എംഎ‍ൽഎ.യുമായിരുന്ന ചെറിയാൻ ജെ.കാപ്പന്റെ ജൂനിയറായാണ് കെ.എം.മാണി അഭിഭാഷകവൃത്തി തുടങ്ങിയത്. എംഎ‍ൽഎ. ആയപ്പോൾമുതലാണ് അനധികൃതസ്വത്ത് സമ്പാദിച്ചുതുടങ്ങിയതെന്നും മൊഴിയിലുണ്ട്.

അമ്പപതുകൊല്ലത്തെ പൊതുപ്രവർത്തനത്തിലൂടെ മാണി അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കളെ കുറിച്ച് ജോർജ് സി കാപ്പിൻ വ്യക്തതയോടെ തന്നെ മൊഴി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രിയായിരിക്കെ, കെ.എം.മാണി നികുതിവെട്ടിപ്പിനു കൂട്ടുനിന്നെന്ന് ജോർജ് സി.കാപ്പൻ വിജിലൻസിൽ പരാതിപ്പെട്ടിരുന്നു. പരാതിയിൽ വിജിലൻസ് കേസെടുത്തു. കേസിൽ മൊഴിനൽകവെയാണ് അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും ജോർജ് സി.കാപ്പൻ പറഞ്ഞത്. ഈ സാഹചര്യത്തിൽ മാണിക്കെതിരെ അന്വേഷണം കടുപ്പിക്കാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം.

ലെഡ് ഓക്‌സൈഡ് നിർമ്മാണക്കമ്പനിയായ കുറിച്ചിയിലെ സൂപ്പർ പിഗ്മെന്റ്‌സിന്, കെ.എം.മാണി ഒരുകോടി അറുപത്താറുലക്ഷം രൂപയുടെ നികുതിയിളവു നൽകിയതായി ജോർജ് സി.കാപ്പൻ മൊഴി നൽകി. ഇതുസംബന്ധിച്ചു രേഖകളും ഹാജരാക്കി. വിജിലൻസ് കോട്ടയം ഡിവൈ.എസ്‌പി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ലെഡ് ഓക്‌സൈഡ് നിർമ്മാണക്കമ്പനിക്ക് നികുതിയിളവ് നൽകിയതുസംബന്ധിച്ച കേസ് മാത്രമാണ് കോട്ടയം വിജിലൻസ് കോടതി അന്വേഷിക്കുന്നതെന്ന് ഡിവൈ.എസ്‌പി. അറിയിച്ചു. എന്നാൽ ഈ മൊഴിയുടെ വിശദാംശങ്ങൾ ജേക്കബ് തോമസിന് അന്വേഷണ ഉദ്യോഗസ്ഥൻ കൈമാറി. ഇതോടെയാണ് ബാർ കോഴയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുന്നത്.

ഈ സാഹചര്യത്തിൽ മാണിക്കെതിരായ ബാർ കോഴക്കേസിന്റെ തുടരന്വേഷണത്തിൽ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളും ആസ്തിയും വിജിലൻസ് പരിശോധിക്കും. അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണഘട്ടത്തിൽ ലഭിച്ച പരാതികളിൽ ചിലത് പ്രഥമദൃഷ്ട്യാ തെളിവില്‌ളെന്ന കാരണത്താൽ മാറ്റിവച്ചിരുന്നു. ഇവ പുന$പരിശോധിക്കാനാണ് ജേക്കബ് തോമസിന്റെ നിർദ്ദേശം. മാണിക്കെതിരെ പുതിയ ചില പരാതികൾ കൂടി ലഭ്യമായതായും സൂചനയുണ്ട്. ഇവയെല്ലാം ചേർത്ത് സമഗ്ര അന്വേഷണം നടത്തും. തിരുവനന്തപുരം സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്‌പി നജ്മൽ ഹസനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ സംഘത്തിൽ, സ്‌പെഷൽ സെൽ സി.ഐയെയും കൂടി ഉൾപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. അനധികൃതസ്വത്തുസമ്പാദനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുന്ന വിഭാഗമാണ് സ്‌പെഷൽ സെൽ.

സ്വത്തുസമ്പാദനം സംബന്ധിച്ച അന്വേഷണം വിദേശത്തേക്ക് നീളാനും സാധ്യതയുണ്ട്. ജോസ് കെ. മാണി എംപിക്ക് ശ്രീലങ്കയിൽ നിക്ഷേപമുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്. മാണിയും മകനും നടത്തിയ വിദേശയാത്രകൾ പരിശോധിക്കും. ബാറുടമകൾ സത്യം വിളിച്ചുപറയുമെന്നാണ് വിജിലൻസ് പ്രതീക്ഷിക്കുന്നത്. എഫ്.ഐ.ആർ ഇടുന്നതിനുമുമ്പ് വിജിലൻസ് മുമ്പാകെ മാണിക്കെതിരായി മൊഴി നൽകിയ 15 ഓളം ബാറുടമകളെ വീണ്ടും വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനോ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനോ ആണ് വിജിലൻസിന്റെ ലക്ഷ്യം.