- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകരം മന്ത്രിയേയും ചീഫ് വിപ്പിനേയും നിയമിക്കാതെ മാണി കരുക്കൾ നീക്കും; പുറത്ത് നിൽക്കുന്ന മാണി അകത്തുള്ള മാണിയേക്കാൾ അപകടകാരി; ഇനി ഇടതു പക്ഷം ലക്ഷ്യം വക്കുക കെ ബാബുവിനെ; മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് തീർത്താൽ തീരാത്ത തലവേദനയുടെ നാളുകൾ
തിരുവനന്തപുരം: ബാർ കോഴയിലെ കോടതി പരമാർശങ്ങളിൽ ധനമന്ത്രി കെ എം മാണി രാജി വയ്ക്കുന്നതോടെ സർക്കാരിനുള്ള പ്രതിസന്ധികൾ കുറയുന്നില്ല. മന്ത്രിയല്ലാതെ സർക്കാരിനെ പിന്തുണയ്ക്കുന്ന മാണി കരുത്തനാണെന്ന് മുഖ്യമന്ത്രിക്കുമറിയാം. ഇതിന് അനുസരിച്ചുള്ള കരുതലുകൾ ഉമ്മൻ ചാണ്ടി എടുക്കേണ്ടി വരും. സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന ശക്തിയാ
തിരുവനന്തപുരം: ബാർ കോഴയിലെ കോടതി പരമാർശങ്ങളിൽ ധനമന്ത്രി കെ എം മാണി രാജി വയ്ക്കുന്നതോടെ സർക്കാരിനുള്ള പ്രതിസന്ധികൾ കുറയുന്നില്ല. മന്ത്രിയല്ലാതെ സർക്കാരിനെ പിന്തുണയ്ക്കുന്ന മാണി കരുത്തനാണെന്ന് മുഖ്യമന്ത്രിക്കുമറിയാം. ഇതിന് അനുസരിച്ചുള്ള കരുതലുകൾ ഉമ്മൻ ചാണ്ടി എടുക്കേണ്ടി വരും. സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന ശക്തിയായി മാണി മാറും. മാണിയുടെ പിന്തുണയോടെ സർക്കാരുകൾ ഭരണത്തിൽ ഇരിക്കുമ്പോൾ മന്ത്രിയല്ലാതെ കഴിയേണ്ട അവസ്ഥ മാണിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതാണ് ഇനി അടുത്ത നിയമസഭയിൽ സംഭവിക്കുക. ഭരണപക്ഷ ബഞ്ചിൽ മന്ത്രിയല്ലാതെ വീണ്ടും മാണിയെത്തും. ഇതിന്റെ പക പാലായുടെ മാണിക്യത്തിന്റെ മനസ്സിലുണ്ടാകും. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സഭാ ചട്ടങ്ങളെ കീറിമുറിച്ച് രക്ഷകനാകാൻ മാണിയെ കിട്ടുകയുമില്ല.
ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് 73 അംഗങ്ങളുടെ പിന്തുണയാണുള്ളത്. മാണി പുറത്തേക്ക് പോയാൽ ഒപ്പം നാലു പേരുമുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസഭ വീഴും. ഈ സാഹചര്യമായിരുന്നു രാജി വയ്ക്കില്ലെന്ന് പറയാൻ മാണിക്ക് കരുത്ത് നൽകിയത്. എന്നാൽ ജോസഫിനെ മാണിയിൽ നിന്നും അടർത്തിയെടുത്ത ഉമ്മൻ ചാണ്ടി ചില തന്ത്രങ്ങൾ കൂടി ഒരുക്കി. മാണി പോയാൽ പിസി ജോർജിനേയും കെബി ഗണേശ് കുമാറിനേയും യുഡിഎഫിൽ തിരിച്ചെത്തിക്കാനായിരുന്നു നീക്കം. ഇതിനൊപ്പം എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയേയും നോട്ടമിട്ടുന്നുവെന്നും വ്യക്തമായി. ഇതോടെയാണ് മാണി രാജി വച്ച് മുന്നണിയിൽ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തന്നെ ബാർ കോഴയിൽ ഗൂഢാലോചനയുണ്ടെന്ന് മാണി ആരോപിച്ചിരുന്നു. രാജി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാൽ ആഞ്ഞടിക്കാനുള്ള ആയുധമൊരുക്കൽ കൂടിയായിരുന്നു അത്.
ഈ സാഹചര്യത്തിൽ മാണിക്ക് പകരം മന്ത്രിയെ കേരളാ കോൺഗ്രസ് മുന്നോട്ട് വയ്ക്കില്ല. അതുണ്ടായാൽ ആ മന്ത്രിയുമായി അടുപ്പം പുലർത്തി കേരളാ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ മുഖ്യമന്ത്രി കരുക്കൾ നീക്കുമെന്ന് മാണിക്ക് അറിയാം. അതുകൊണ്ട് തന്നെ അധികാര സ്ഥാനങ്ങളെല്ലാം പാർട്ടി ഒഴിച്ചിടും. ചീഫ് വിപ്പ് സ്ഥാനത്തും ആരും ഉണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലുണ്ടാകാനിടയുള്ള രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താകും ഇത്. തന്റെ സ്ഥാനാർത്ഥികളെ എല്ലാം ജയിപ്പിക്കാനുള്ള പ്രവർത്തനം ഇപ്പോഴേ തുടരും. അത് ഫലം കണ്ടാൽ ആറുമാസത്തിനകം കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറായി വീണ്ടും മാറുമെന്ന് പ്രതീക്ഷയിലാണ് കെ എം മാണി. അത് മുന്നിൽ കണ്ട് എല്ലാവരുമായും നല്ല ബന്ധം മാണി ഉണ്ടാക്കിയെടുക്കും.
മാണിയെ അവഗണിച്ച് മുന്നോട്ട് പോയാൽ സർക്കാരിനെ വലിച്ച് താഴെയിടും. അതിന് മുമ്പ് ബാർ കോഴയിലെ അന്വേഷണക്കുരുക്ക് ഒഴിവാക്കിയെടുക്കുകയാണ് ലക്ഷ്യം. അതിനുള്ള കരുതൽ ഉണ്ടാകും. ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവും കുടുങ്ങിയിട്ടുണ്ട്. ഈ മാസം അവസാനം സഭ ചേരുമ്പോൾ കെ ബാബു വിഷയം സഭയിൽ സ്വാഭാവികമായും പ്രതിപക്ഷം ഉയർത്തും. ഇവിടെ ചിലതൊക്കെ മാണിക്കും പറയാനുണ്ടാകും. അതിനെ പ്രതിപക്ഷവും പിന്തുണയ്ക്കും. അങ്ങനെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ മാണി തന്നെ എത്തും. മറ്റ് താൽപ്പര്യമൊന്നുമില്ലാത്തതിനാൽ സർക്കാരിനെ കടന്നാക്രമിക്കാനും കഴിയും. ബില്ലുകളും മറ്റും വോട്ടിനിടുമ്പോൾ പാർ്ട്ടിയുടെ നയം എന്തെന്ന് മാണി തീരുമാനിക്കും. ഇവിടെയെല്ലാം ഉമ്മൻ ചാണ്ടി നേരിടേണ്ടി വരിക അഗ്‌നപരീക്ഷയാകും.
ഭരണമുന്നണിക്ക് ഒപ്പം നിൽക്കുമ്പോഴും പ്രതിപക്ഷ സ്വരമാകും മാണി സഭയിൽ എടുക്കുക. ബാബുവിനെതിരെ നിയമപോരാട്ടത്തിന് ബിജു രമേശ് തയ്യാറെടുക്കുന്നുണ്ട്. പ്രതിപക്ഷ പിന്തുണയോടെയാണ് ഇത്. ഈ അവസരത്തിൽ ചർച്ചകളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ മാണി ഗ്രൂപ്പ് നേതാക്കൾ ചാനൽ ചർച്ചകളിൽ എത്തും. ബാർ കോഴയിൽ വിധി വന്നപ്പോൾ കോൺഗ്രസ് നേതാക്കളാണ് മാണിയെ കടന്നാക്രമിച്ചത്. വിഡി സതീഷന്റേയും ടിഎൻ പ്രതാപന്റേയും തുറന്നു പറച്ചിലുകൾ മുന്നണി മര്യാധകൾ ലംഘിക്കുന്നതായി. ഘടകകക്ഷികളും കൈവിട്ടു. പ്രതിരോധം തീർക്കാനുള്ള പഴുതുകളൊന്നും ആരും ഉപയോഗിച്ചില്ല. ഇതിന്റെ വേദന മാണിക്കുണ്ട്. അതിനാൽ യുഡിഎഫിലെ ഒരു പാർട്ടിക്ക് വേണ്ടിയും പ്രതിരോധം തീർക്കാൻ മാണിയെ കിട്ടില്ല. മുനവച്ചുള്ള പ്രയോഗങ്ങളുമായി സർക്കാരിനെ വേദനിപ്പിക്കാൻ മാണി ഗ്രൂപ്പിലെ മുൻ നിര നേതാക്കൾ എവിടേയും ഉണ്ടാകും.
ഇതെല്ലാം ഉമ്മൻ ചാണ്ടിക്ക് കടുത്ത വെല്ലുവിളിയാണ്. പാലായിൽ മാണിയെ ജനം കൈവിട്ടില്ല. മാണി കള്ളനല്ലെന്ന് പാലാക്കാരെങ്കിലും വിശ്വസിക്കുന്നതിന്റെ ഫലമാണിതെന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ ബാർ കോഴയിൽ പഴികേട്ട കെ ബാബുവിന്റെ തൃപ്പുണ്ണിത്തുറയിൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാമതായി. സൗഹൃദ മത്സരങ്ങളെ അതിജീവിച്ച് മാണി പാലയിൽ നടത്തിയ കുതിപ്പ് ഉമ്മൻ ചാണ്ടിക്കും ഭീഷണിയാണ്. മാണിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്തുള്ള മാണിയുടെ വോട്ടുകൾ കോട്ടയത്തെ പല മണ്ഡലങ്ങളിലും കോൺഗ്രസ് നേതാക്കളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കും. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തോടെ നിയമസഭാ പോരിന് തയ്യാറെടുക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഈ ഭീഷണിയെ ഇനിയുള്ള നാളുകളിൽ കരുതി ഇരിക്കേണ്ടതുണ്ട്.