കോട്ടയം: അര നൂറ്റാണ്ടോളമായി സംസ്ഥാന രാഷ്ട്രീയത്തിൽ അതികായനായി നിന്ന വ്യക്തിത്വമാണ് കെ എം മാണിയുടേത്. പാലയിലെ മാണിക്യം എന്ന് അറിയപ്പെടുന്ന അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ പോലും സ്‌നേഹത്തോടെ മാണി സാർ എന്ന് വിളിക്കും. യുവാവായിരുന്ന കാലത്ത് കോൺഗ്രസിൽ നിന്നും പുറത്തുചാടി അന്ന് പി ടി ചാക്കോയ്‌ക്കൊപ്പം നിന്ന് കത്തോലിക്കരെ കൂടുതലായി ഉൾപ്പെടുത്തി കേരളാ കോൺഗ്രസ് എം രൂപീകരിച്ച് പാർട്ടി പിന്നീട് വളരും തോറും പിളർത്തി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായി നിന്ന വ്യക്തി കൂടിയാണ് മാണി. ഇങ്ങനെ അഞ്ച് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ അതികായനാണ് ഒരു ചാനൽ ചർച്ചയിൽ മദ്യവ്യവസായി ഉന്നയിച്ച ആരോപണത്തിൽ തെറ്റി വീഴുന്നത്.

അടച്ച ബാറുകൾ തുറക്കുന്നതിനായി അഞ്ച് കോടി കോഴ വാങ്ങിയ മാണിയുടെ വിഷയം കേരളത്തിലെ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ രാജിയല്ലാതെ ഇപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ മറ്റ് യാതൊരു വഴികളും ഇല്ല. ഹൈക്കോടതിയുടെ പരാമർശമാണ് രാജിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അഴിമതിക്കെതിരെ പൊരുതി നിയമസഭയിൽ പലപ്പോഴും കത്തിക്കയറിയ നേതാവിനാണ് ഇപ്പോൾ അഴിമതിയിൽപെട്ട് രാഷ്ട്രീയ ഉന്നതിയിൽ നിന്നും താഴേക്ക് പതിച്ചിരിക്കുന്നത്.

ചരിത്രമായി മാറിയ 13 ബജറ്റുകൾ അവതരിപ്പിച്ച ഇന്ത്യയിലെ തന്നെ അപൂർവ്വ വ്യക്തിയാണ് കെ എം മാണി. 1976ലെ ആദ്യ ബജറ്റുമുതൽ 2015ൽ ബാർകോഴയുടെ പശ്ചാത്തലത്തൽ ബഹളങ്ങൾക്കിടയിലും അദ്ദേഹം സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രിയെന്ന പദവിയെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മാണിയെന്ന നേതാവ് അധപ്പതനത്തിലേക്ക് വീണത്. ഒന്നര വർഷം മുമ്പു വരെ കേരള രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള നേതാവായിരുന്നു മാണി. കത്തോലിക്കാ വിഭാഗത്തിനെ ഒപ്പം നിർത്താൻ വേണ്ടി സിപിഐ(എം) തീരമാനം എടുത്തപ്പോൾ ഒപ്പം നിർത്താൻ വേണ്ടി സിപിഐ(എം) തീരുമാനിച്ചത് മാണിയെ ആയിരുന്നു. ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതിയമായി നടക്കുമ്പോഴാണ് മാണിയെ ബാർകോഴ പിടികൂടിയത്.

വിജിലൻസ് കോടതി വിധിക്ക് ശേഷം തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിധി വന്നപ്പോൾ പാലായിലെ വൻ വിജയത്തിന്റെ ബലത്തിൽ മാണി രാജിയെ പ്രതിരോധിക്കാൻ ശ്രമിച്ചിച്ചെങ്കിലും പ്രഹരം ഹൈക്കോടതിയിൽ നിന്നും ഏൽക്കുകയായിരുന്നു. മാണിയുടെ അനുപമമായ നിയമസഭാ ചരിത്രത്തിൽ രണ്ടു ഘട്ടങ്ങളുണ്ട്. യുവാവായിരുന്ന മാണി ആദ്യഘട്ടത്തിലാണ് മാണി സഭയിൽ അഴിമതിക്കും കോഴക്കുമെതിരെ ഗർജിക്കുന്ന സിംഹമായിരുന്നു. വമ്പന്മാരായ മന്ത്രിമാർ മാണിയുടെ ചാട്ടുളി പോലുള്ള പ്രയോഗങ്ങൾ ഏറ്റു പുളഞ്ഞിട്ടുണ്ട്. ഇഎംഎസ്, സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, എം എൻ ഗോവിന്ദൻ നായർ, ഏ കെ ആന്റണി എന്നിങ്ങനെ കേരളം നിസ്വാർഥരെന്നു കണക്കാക്കുന്നവരെല്ലാം മാണിയുടെ അഴിമതി ആരോപണം നേരിട്ടവരായിരുന്നു.

ഈഎംഎസ്സ്, കേരളത്തിന്റെ ശാപമാണെന്ന് നിന്ദിച്ച ഒരേ ഒരാൾ മാണിയാണ്. ഇഎംഎസ് അഴിമതി വീരനാണെന്ന് സമർഥിക്കാൻ മാണി അദ്ദേഹത്തെ ഉപമിച്ചത് ഇങ്ങനെയായിരുന്നു. 'ഏറ്റവും വലിയ അഴിമതിക്കാരായ, കൊള്ളക്കാരായ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും മുളമൂട്ടടിമയും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അടുക്കൽ വന്ന് വെറ്റിലയും പാക്കും വച്ച് ഗുരുദക്ഷിണ നൽകുമായിരുന്നു എന്ന് ഞാൻ പറയുകയാണ്.- മാണി 23.10.1969 ൽ നിയമസഭയിൽ നടത്തിയ പ്രസംഗമായിരുന്നു ഇത്.

മുഖ്യമന്ത്രി അച്യുതമേനോന്റെ മരുമകൻ സി അച്യുതന് ടി സി സി യിൽ ഉദ്യോഗം ലഭിച്ചതിന്റെ പേരിൽ മാണി ഉയർത്തിയ കോലാഹലത്തിനു മുഖ്യമന്ത്രിയുടെ രാജികൊണ്ടല്ലാതെ തൃപ്തിപ്പെടാൻ മാണി തയ്യാറില്ലായിരുന്നു. കൂത്താട്ടുകുളത്തു റേഷനരി കരിഞ്ചന്തയിൽ മറിച്ചു വിറ്റതിനു പൂട്ടിയ റേഷൻ മൊത്തവ്യാപാരക്കട തുറപ്പിച്ചതിനു അന്നത്തെ ധനമന്ത്രി ഡോ കെ ജി അടിയോടി കോഴവാങ്ങിയെന്നാരോപിച്ചു നിയമസഭയിൽ നടത്തിയ ഉഗ്രൻ പ്രകടനവും മാണി നടത്തിയിരുന്നു.

മന്ത്രിമാരായിരുന്ന എം എൻ ഗോവിന്ദൻ നായരും വക്കം പുരുഷോത്തമനും ഔദ്യോഗിക വസതികൾക്ക് പകരം ഭാര്യയുടെ പേരിലുള്ള വീടുകളിൽ താമസിച്ചു യഥാക്രമം 455 രൂപയും 457രൂപയും വാടകയായി വാങ്ങിയിരുന്നതു ഏറ്റവും വലിയ അഴിമതിയായി ചിത്രീകരിച്ചതും മാണിയായിരുന്നു. ഇത് 'ചെറ്റത്തര'മാണെന്നു പറഞ്ഞു മാണി ഇരുവരെയും നാണം കെടുത്തി. മാത്രമല്ല 'ഭീമമായ' വാടക കീശയിലാക്കിയിട്ടു ഇരുവരും വസ്തു നികുതി വെട്ടിക്കുകയാണെന്നും മാണി രേഖകൾ ഉദ്ധരിച്ചു സമർഥിച്ചു. ഇങ്ങനെയുള്ള മാണിയാണ് പൂട്ടിയ ബാർ തുറപ്പിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.

റബറിന്റെ രാഷ്ട്രീയമാണ് കെ എം മാണിയുടേതെന്ന് എതിരാളികൾ പരിഹസിക്കുമെങ്കിലും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ റബ്ബർ എന്ന നാണ്യവിളയുമായി ബന്ധപ്പെട്ടു തന്നെ കിടക്കുന്നതാണ്. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായിട്ടാണ് മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി കുറച്ചുകാലം ഹൈക്കോടതിയിലെ അഭിഭാഷകനായി. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കോൺഗ്രസ് രാഷ്ട്രീയമായിരുന്നു അന്ന് മാണിക്ക്.

1959 ൽ കെപിസിസിയിൽ അംഗമായി. 1964 മുതൽ കേരള കോൺഗ്രസ്സിന്റെ ഭാഗമായി. 1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ്. ഏറ്റവും അധികം എംഎൽഎയായ നേതാവും മാണിയാണ്. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. തുടർച്ചയായി 9 നിയമസഭകളിൽ അംഗമായിരുന്നും മാണി. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. സമുദായ സമവാക്യങ്ങൾക്കൊപ്പം പാലയിലേക്ക് വികസനം വാരിക്കോരി കൊണ്ടുവന്നാണ് മാണി ജനമനസിൽ ഇടം പടിച്ചത്. സ്വന്തം മണ്ഡലത്തിലേക്ക് പല പദ്ധതികളും വകമാറ്റിയതിന്റെ പേരിൽ രാഷ്ട്രീയ പരിഹാസങ്ങളും മാണിക്ക് നേരിടേണ്ടി വന്നിരുന്നു.

യുഡിഎഫിലെ നിർണ്ണായക ഘടക കക്ഷിയായ മാണിക്ക് രാഷ്ട്രീയ പരമായ പിഴവ് പറ്റിയത് കേരളാ കോൺഗ്രസ് സെക്യുലർ നേതാവായ പി സി ജോർജ്ജിനെ കൂടെ കൂട്ടിയപ്പോഴാണ്. ഇതിന് ശേഷം ജോർജ്ജുമായി ഭിന്നത ഉണ്ടായ വേളയിലാണ് കേരളാ കോൺഗ്രസിനെ വിവാദങ്ങൾ ഒന്നൊന്നായി പിടികൂടിയതും ബാർകോഴയിലേക്ക് കാര്യങ്ങളെ നയിച്ചതും. കോഴ ആരോപണത്തിന്റെ തുടക്കത്തിൽ രാജിവെക്കാൻ തയ്യാറായിരുങ്കിൽ മാണിക്ക് അത് രാഷ്ട്രീയമായി തിരിച്ചു വരാനുള്ള അവസരമായിരുന്നു. ഇപ്പോൾ കോടതിയുടെ വിമർശനം ഏറ്റ് പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ അത് ചരിത്രത്തിന്റെ ആവർത്തനം കൂടി ആകുകയാണ്. കേരളാ കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് ഈ രാജി ഇടയാക്കുമോ എന്നതാണ് ചോദ്യം. വരും ദിവസങ്ങളിലും രാജിയുടെ ഭവിഷ്യത്ത് എന്തെന്ന് അറിയുകയും ചെയ്യാം.