തിരുവനന്തപുരം: അഴിക്കോട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധിയിലേക്ക് നയിച്ചത് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ഇറക്കിയ നോട്ടീസുകൾ. ഇതിൽ മുസ്ലിംമായ കെ എം ഷാജിക്ക് വോട്ടു ചെയ്യണമെന്നും അമുസ്ലീമായ എം വി നികേഷ് കുമാറിന് വോട്ടു ചെയ്യരുതെന്നുമാണ് അഭ്യർത്ഥിച്ചിരുന്നത്. ഈ നോട്ടീസ് തെളിവായി എടുത്തു കൊണ്ടാണ് ലീഗ് നേതാവിനെ ഇപ്പോൾ അയോഗ്യനാക്കിയത്. എൻഡിഎഫിനെതിരെ അടക്കം ശക്തമായ നിലപാട് സ്വീകരിച്ച ലീഗ് നേതാവാണ് കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിന്റെ വോട്ടു വേണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ മുസ്ലിം വർഗീയതയെ എതിർത്ത വ്യക്തി തന്നെ വോട്ടു നേടാൻ മുസ്ലിം മതവികാരം ഉപയോഗിക്കുകയായിരുന്നു.

ഈ നോട്ടീസുകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് വർഗീയ പ്രചരണത്തിലൂടെയാണ് ഷാജി വിജയിച്ചതെന്ന പരാതി നൽകിയത്. നികേഷ് കുമാർ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വർഗീയമായി അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രദേശത്തെ മുസ്ലിം വീടുകളിൽ വിതരണം ചെയ്തതെന്ന് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നത്. അതേസമയം ഈ നോട്ടീസ് തങ്ങൾ പുറത്തിറക്കിയതെല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

മണ്ഡലത്തിൽ മത്സരം മുറുകിയ ഘട്ടത്തിലാണ് ലഘുലേഖ വിതരണം ചെയ്തത്. മുസ്ലിം വീടുകളിൽ കയറി ലഘുലേഖ വിതരണം ചെയ്തത് ലീഗിന്റെ ആളുകളായിരുന്നു. ഇതേതുടർന്ന് പരാതി ഉയർന്ന ഘട്ടത്തിൽ വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വർഗീയത അടങ്ങുന്ന പോസ്റ്ററുകൾ പിടിച്ചെടുത്തു. ഈ പോസ്റ്ററുകൾ പിന്നീട് പുറത്തുവന്നു. അല്ലാഹുവിന്റെ പേരിൽ വോട്ടു തേടാനായിരുന്നു ലീഗ് ശ്രമിച്ചത്.

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റർ. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ) എന്നാണ് പോസ്റ്റർ തുടങ്ങുന്നത്.

അമുസ്ലിങ്ങൾ ഒരിക്കലും സ്വർഗ്ഗത്തിലേക്കുള്ള പാലം കടക്കില്ലെന്നും, മുസ്ലിങ്ങൾക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാർത്ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാർത്ഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ്. കെ.എം ഷാജി എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും 'കെ. മുഹമ്മദ് ഷാജി' എന്ന് പ്രത്യേകം പോസ്റ്ററിൽ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ(സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാൻ എല്ലാ മുഹ്മിനുകളും പ്രാർത്ഥിക്കുക എന്നാണ് പോസ്റ്ററിലെഴുതിയത്. പ്രിന്റിങ് ആൻഡ് പബ്ലിഷഡ് ബൈ പ്രസിഡന്റ് ഓഫ് ഓവർസീസ്, കണ്ണൂർ ജില്ല കമ്മിറ്റി എന്നാണ് പോസ്റ്ററിന് കീഴെ രേഖപ്പെടുത്തിയിട്ടുള്ളത്.

'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യ നാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാൻ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക'- എന്നാണ് പോസ്റ്ററിലുള്ളത്.

'സത്യ വിശ്വാസികളേ! ദുർമാർഗിയായ ഒരാൾ നിങ്ങളുടെ അടുത്ത് ഒരു വാർത്തയും കൊണ്ട് വന്നാൽ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങൾ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയിൽ നിങ്ങൾ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാൻ' എന്ന ഖുറാൻ വചനവും പോസ്റ്ററിൽ ചേർത്തിട്ടുണ്ട്.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പോസ്റ്ററുകളാണിവയെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിശോധിക്കുന്ന എം.സി.സി സ്‌ക്വാഡ് അംഗം ഷാജു കെ.വി സമർപ്പിച്ച രേഖയിൽ പറയുന്നു. പത്തോളം വ്യത്യസ്ത പോസ്റ്ററുകളുടെ കെട്ടുകൾ വളപട്ടണം പൊലീസ് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയത്ു. തുടർന്ന് കേസ് മുന്നോട്ടു പോയതോടെ പ്രതിരോധിക്കാൻ ഷാജിക്ക് കഴിഞ്ഞില്ല.

കെ.എം ഷാജിയുടെ പേര് പോലും പോസ്റ്ററിൽ വളരെ രാഷ്ട്രീയമായി ഉപയോഗിച്ചിരിക്കുകയാണെന്ന് വിവാദ നോട്ടീസ് വിരവാവകാശത്തിലൂടെ നേടിയെടുത്ത ഹസീബ് കല്ലൂരിക്കാരൻ പറഞ്ഞിരുന്നു. 'അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്നാണ് പോസ്റ്റർ ആരംഭിക്കുന്നത്. മുസ്ലിങ്ങളുടെ അഭിവാദന രീതിയാണത്. സാധാരണ അസ്സലാമു അലൈക്കും എന്ന് മാത്രം പറയുമ്പോൾ വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് കൂടി പറയുമ്പോൾ അതിന് വല്ലാത്ത ഒരു പൂർണയ വരുന്നു. കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല എന്നാണ് അവർ പോസ്റ്ററിലെഴുതിയിരിക്കുന്നത്. ഇവിടെ നികേഷ് കുമാറിനെയാണ് അമുസ്ലിം എന്ന് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് പി ഡി രാജൻ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയെ സമീപിക്കുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു. നിയമപോരാട്ടം കഴിഞ്ഞ ശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുകയുള്ളൂ.