കൊച്ചി: കേസ് നടത്തിപ്പിലെ വീഴ്‌ച്ചയുടെ പേരിൽ ഹൈക്കോടതിയിൽ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്ന് വിവാദങ്ങളുടെ കളിത്തോഴനായി വാർത്തകളിൽ നിറയുന്ന അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാൾ. വർഷങ്ങളുടെ സർവീസുള്ളതിനാലായിരുന്നു 1996ൽ കെപി ദണ്ഡപാണി ഹൈക്കോടതി ജസ്റ്റിസുമാരുടെ പട്ടികയിൽ ഇടം പിടിച്ചത്. നിരവധി സീനിയർ അഭിഭാഷകരോടൊപ്പമായിരുന്നു ദണ്ഡപാണിയുടെയും ജഡ്ജി നിയമനം.

എന്നാൽ ഇന്നത്തേതു പോലെ തന്നെ വിവാദവും ദണ്ഡപാണിയുടെ സ്ഥാനാരോഹണത്തിന് പുറകേ തന്നെ വരികയാണുണ്ടായത്. അന്നത്തെ ജുഡിഷ്യൽ നിയമപ്രകാരം ജഡ്ജിമാരിൽ നിശ്ചിത ശതമാനം ആളുകൾ സംസ്ഥാനത്തിനു പുറത്തുനിന്നു വേണമെന്നായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ ആളുകളാകുമ്പോൾ ഒരുപരിധി വരെ നീതി നിർവ്വഹണം കൃത്യമായി നടക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഈ നിയമത്തിന്റെ കുരുക്കിലാണ് ദണ്ഡപാണിക്ക് ''പണി'' കിട്ടുന്നത്. പോരാത്തതിന് ഭാര്യയോ അടുത്ത ബന്ധുക്കളോ അഭിഭാഷകരായി ജോലി ചെയ്യുന്ന കോടതികളിൽ ജഡ്ജിയായി നീതിനിർവ്വഹണം നടത്താൻ കഴിയില്ല എന്ന നിയമവും ഇപ്പോഴത്തെ എജിക്ക് തിരിച്ചടിയായി. ജസ്റ്റിസായി ചുമതലയേറ്റെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ 'വിവാദ നായകനെ'കേരളത്തിനു പുറത്തേക്കു തട്ടി. എന്നാൽ ഗുജറാത്തിലേക്ക് പോയി അവിടത്തുകാർക്കുവേണ്ടി 'നീതി നിർവ്വഹണം' നടത്താൻ എന്തായാലും ദണ്ഡപാണി തയ്യാറായില്ല. ഈ സമയമൊക്കെയും ദണ്ഡപാണിയുടെ പത്‌നി സുമതി ദണ്ഡപാണി കേരള ഹൈക്കോടതിയിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്ന കാലവും.

സുപ്രീം കോടതിയുടെ സ്ഥലം മാറ്റം ഉത്തരവ് അവഗണിച്ച് ദണ്ഡപാണി കേരള ഹൈക്കോടതിയിൽ തന്നെ ജഡ്ജിയായി ചില കേസുകൾ കേൾക്കാൻ തുടങ്ങിയതോടെ ചിരകാല ശത്രുക്കൾ സടകുടഞ്ഞെഴുന്നേല്ക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഗുജറാത്തിൽ പോകേണ്ട ജഡ്ജി കേരളത്തിലിരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു 'കണ്ണുകടി'ക്കാരുടെ ആക്ഷേപം.

ഏതായാലും ആറ്റുനോറ്റു കിട്ടിയ ദണ്ഡപാണിയുടെ ജഡ്ജിസ്ഥാനം പിന്നെ കയ്യാലപ്പുറത്തെ തേങ്ങ കണക്കെയായി. സുപ്രീം കോടതിയിലെ ചില അഭിഭാഷകരുടെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ' ഒടുവിൽ നിയമപോരാട്ടമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും എത്തി. ജസ്റ്റിസ് കെപി ദണ്ഡപാണിക്കെതിരെ അന്ന് കോടതിയിൽ ഹാജരായത് ഹൈക്കോടതിലെ തന്നെ സീനിയർ അഭിഭാഷകനെന്നു പേരു കേട്ട അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു. ഇരുപക്ഷത്തിന്റേയും വാദങ്ങൾ കുറച്ചുകാലം നീണ്ടുനിന്നു.

സർക്കാർ അഭിഭാഷകന്റെ റോളിൽ ഇപ്പോഴത്തെ അറിയപ്പടുന്ന മാദ്ധ്യമനിരീക്ഷൻ അഡ്വ. ജയശങ്കറും ദണ്ഡപാണിയെ എതിർക്കാനുണ്ടായിരുന്നു. ഒടുവിൽ ഏതാണ്ട് ദണ്ഡപാണിക്ക് അനുകൂലമെന്ന് തോന്നുന്ന വിധിയാണ് അന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വന്നതെന്ന് ജയശങ്കർ വക്കീൽ ഇന്നും ഓർക്കുന്നു. നാലു ഖണ്ഡിക മാത്രമുള്ള വിധിപ്രഖ്യാപനത്തിൽ 'വരികൾ'ക്കിടയിൽ പക്ഷേ ദണ്ഡപാണിക്ക് എതിരായ ചില പരാമർശങ്ങളും വായിച്ചെടുക്കാമായിരുന്നു.

സുപ്രീം കോടതി സ്ഥലം മാറ്റിയ ജഡ്ജി വീണ്ടും ആ സ്ഥാനത്തിരിക്കുന്നത് എന്തായാലും ഭാവിയിൽ നീതിനിർവ്വഹണ വ്യവസ്ഥക്ക് ചേർന്നതല്ലെന്നു കോടതി പറയാതെ പറഞ്ഞതോടെയാണ് ദണ്ഡപാണി മുട്ടുമടക്കിയതെന്ന് അഡ്വക്കേറ്റ് ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിൽ കേസ് കേൾക്കുന്ന പണി അതോടെ അദ്ദേഹം അവസാനിപ്പിച്ചെങ്കിലും രാജി വച്ചിരുന്നില്ല .ഒടുവിൽ ഏതാണ്ട് ഒന്നര വർഷത്തിനു ശേഷം സജീവമല്ലാത്ത ജഡ്ജിമാരുടെ പ്ട്ടികയിൽപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽനിന്ന് ഒഴിവാക്കപ്പെടുകയാണുണ്ടായത്.

ജഡ്ജി എന്ന കെട്ടുപാട് അവസാനിച്ചതോടെ ദണ്ഡപാണി വീണ്ടും തന്റെ 'വക്കീൽ കമ്പനി' യുമായി ഹൈക്കോടതിയിൽ നിയമസേവനം തുടരാൻ തീരുമാനിച്ചു. അഡീഷണൽ ജഡ്ജിയായി ഇരുന്ന ആൾക്ക് വീണ്ടും അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യാൻ നിയമതടസമൊന്നുമില്ല എന്ന വാദമുയർത്തി പൂർവ്വാധികം ശക്തനായി ദണ്ഡപാണി കോടതിയിൽ പണി തുടരുകയായിരുന്നു. അന്ന് ഇതിനെതിരെ അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ജഡ്ജിയായിരുന്ന വ്യക്തി വീണ്ടും അഭിഭാഷകനായി മാറുന്നതിലെ അനൗചിത്യമായിരുന്നു അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്നാൽ പിന്നീട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായി മാറിയ അദ്ദേഹം ക്രമേണ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായും മാറി. അഡ്വക്കേറ്റ് ജനറൽ എന്ന സർക്കാർ അഭിഭാഷകരുടെ തലവനായുള്ള സ്ഥാനാരോഹണവും ഈ ബന്ധത്താൻ നടന്നു. എന്നാൽ അന്ന് ജഡ്ജിയായ കാലം മുതൽ തുടർന്ന വിവാദം അദ്ദേഹത്തെ ഇപ്പോഴും പിന്തുടരുകയാണെന്നതാണ് സത്യം.