സന്നിധാനം: വൽസൻ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയതിനെതിരെ പ്രതികരിച്ച ദേവസ്വം ബോർഡ് അംഗവും വിവാദത്തിൽ. തില്ലങ്കേരിക്കെതിരെ ആരോപണം ഉന്നയിച്ച ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസിനെതിരെയാണ് ആരോപണം ഉയർന്നത്. ശങ്കർദാസ് നടത്തിയ ആചാര ലംഘനം തില്ലങ്കേരിക്കെതിരായ ആരോപണം മറയ്ക്കാനും ആയുധമാക്കുകയാണ്. ഇന്നലെ നട തുറക്കാനായി മേൽശാന്തി എത്തിയ വേളയിലാണ് ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് അംഗം സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടിയെന്നും ആരോപിച്ച് ആർഎസ്എസ് നേതാക്കൾ രംഗത്തെത്തി. ശങ്കർദാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വത്സൻ തില്ലങ്കേരിയും രംഗത്തുവന്നു. നേരത്തെ തില്ലങ്കേരിക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ശങ്കർദാസ്. നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് സംഭവത്തെക്കുറിച്ച് ദേവസ്വംബോർഡ് അന്വേഷിക്കുമെന്നും കെ.പി ശങ്കർദാസ് തില്ലങ്കേരിയുടെ ആചാരലംഘനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നത്.

സന്നിധാനത്ത് യുവതിയെത്തിയെന്ന അഭ്യൂഹമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ചു. എല്ലാത്തിനും നേതൃത്വം നൽകി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരി മുൻനിരയിലുണ്ടായിരുന്നു. പ്രതിഷേധം പതിനെട്ടാം പടിയിലേക്കും നീണ്ടു. അതും ഇരുമുടിക്കെട്ടില്ലാതെയാണ് തില്ലങ്കേരി പതിനെട്ടാം പടിയിൽ നിന്നത്. ദർശനത്തിന് എത്തിയ സ്ത്രീയുടെ പ്രായം 50 പിന്നിട്ടെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധക്കാരെ ശാന്തരാക്കാനും തില്ലങ്കരി മുന്നിട്ടിറങ്ങുകയായിരുന്നു. നിസഹായരായ പൊലീസുകാർതന്നെ അതിനുവേണ്ട സൗകര്യവും ഒരുക്കി. ശബരിമലയുടെ നിയന്ത്രണം ആരുടെ കൈയിലാണെന്ന് പറയാതെ പറഞ്ഞു.

പരിപാവനമായ പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ ഒരാളെയും കടത്തി വിടാറില്ല. അങ്ങനെയുള്ള സന്ദർഭത്തിലാണ് ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആചാര ലംഘനം നടന്നതെന്ന് ആക്ഷേപം ഉയരുന്നത്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാരലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. ഇന്ന് രാവിലെ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീ സന്ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ വിവാദങ്ങൾക്കിടെയാണ് വത്സൻ തില്ലങ്കേരി ഇടപെട്ടത്. ഈ സമയം 18ാം പടിയിൽ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേർ നിൽക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആൾക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത് ക്ഷേത്രാചാരങ്ങൾക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയിൽ ഭക്തരെന്ന് പറയുന്ന ആൾക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോർഡ് അംഗവും ചൂണ്ടിക്കാട്ടിയത്. അതേ സമയം പതിനെട്ടാം പടിയിൽ ആചാര ലംഘനം നടത്തിയ സംഭവത്തിൽ തന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അതേ സമയം താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പതിനെട്ടാം പടിയിൽ ആൾക്കൂട്ടം തോന്നിയതു പോലെ ഇറങ്ങിക്കയറിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട്. 18ാം പടിക്ക് മുമ്പിലുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്. ഇതിനിടെയാണ് പുറംതിരിഞ്ഞു നിന്നതും അത് വിവാദമായതും. അതിനിടെ ദർശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തിൽ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു.