കോട്ടയം: സിൽവർലൈനിനുള്ള ഭൂമിസർവേ അനിശ്ചിതമായി വൈകും. 100 ദിവസംകൊണ്ട് സർവേ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഈ സമയത്തിനുള്ളിൽ സർവ്വേ തീരില്ല. സാമൂഹികാഘാതപഠനത്തിന് മുന്നോടിയായി ഭൂമി അളന്നുതിരിച്ച് കല്ലിടാനാണ് സർവേ. പ്രതിഷേധമാണ് സർവ്വേയെ തടസ്സപ്പെടുത്തുന്നത്. റെയിൽവേ ഭൂമി അളന്ന് അടയാളപ്പെടുത്തുന്നതും വെല്ലുവിളിയാണ്. സർവ്വേ വൈകുമ്പോൾ പദ്ധതിക്ക് കേന്ദ്രാനുമതിയും വൈകുമെന്നതാണ് വസ്തുത.

ഭൂവിവരം ഡിജിറ്റൽ രൂപത്തിലാണ് രേഖപ്പെടുത്തേണ്ടത്. പലയിടത്തും സ്വന്തം ഭൂമിവിവരം കൃത്യമായി നൽകാൻ റെയിൽവേയ്ക്ക് കഴിയുന്നില്ല. വിശദ പദ്ധതിരേഖ പരിശോധിച്ചശേഷം റെയിൽവേ ബോർഡ് നിർദ്ദേശിച്ചതുപ്രകാരമാണ് റെയിൽഭൂമിയുടെയും വിവരം ശേഖരിക്കുന്നത്. സിൽവർലൈനിനുള്ള 185 ഹെക്ടർ ഭൂമിയുടെയും സമ്പൂർണ വിവരം, നിലവിലെ പാതമുറിച്ച് കടന്നുപോകുന്നിടത്തെ വിവരങ്ങൾ, സ്റ്റേഷനുകളിൽ വേണ്ടിവരുന്ന മാറ്റങ്ങൾ, നിലവിലെ പാത മാറ്റേണ്ടയിടങ്ങൾ എന്നിവയെല്ലാം ശേഖരിച്ചു നൽകണം.

തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിലവിലെ സ്റ്റേഷനിൽ വലിയ മാറ്റങ്ങൾ വരും. അതിനിടെ പദ്ധതിക്ക് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സമയബന്ധിതമായി സമർപ്പിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത്ത്കുമാർ പറഞ്ഞു. പുതിയ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദസന്ദർശനമായിരുന്നു അത്. ബോർഡിൽനിന്ന് അനുകൂലതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ റെയിൽ പറയുന്നു. കെ റെയിലിൽ പ്രതിഷേധ സമരവും ഇനി കൂടും. ബിജെപി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് സജീവമാകുകയാണ്. അതും സർവ്വേയ്ക്ക് കൂടുതൽ വെല്ലുവിളിയാകും.

കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധത്തിലുള്ളത്. എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന കെ-റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമല്ല. അതു വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ആയിരക്കണക്കിനു കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടാൻ ഇടയാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി ആവശ്യം. ഇതു തന്നെയാണ് കോൺഗ്രസിന്റേയും നിലപാട്.

2022ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 400 വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിൽ ഇത്തരം പദ്ധതി അടിച്ചേൽപ്പിക്കുന്നതിനു പകരം വന്ദേഭാരത് ട്രെയിനുകൾ ഓടാൻ പറ്റുന്ന രീതിയിൽ ട്രാക്കുകളുടെ വിപുലീകരണത്തിനുവേണ്ട സഹായമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കേണ്ടതെന്ന വാദവും സജീവമാണ്.

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചതായി ഒരു ഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്നാണ് കെ-റെയിൽ വൃത്തങ്ങൾ പ്രതികരിക്കുന്നത്. ഡിപിആറിന് അനുമതി കാത്തിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച പല നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. സിൽവർലൈൻ ഡിപിആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയോടൊപ്പം അതിനുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിക്കുന്നുണ്ടെന്ന് കെ-റെയിൽ വ്യക്തമാക്കുന്നു.

സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അനുമതി നൽകും എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നാണ് കെ- റെയിൽ വിശദീകരിക്കുന്നത്.