കൊച്ചി: കെ റെയിൽ (കെ.ആർ.ഡി.സി.എൽ) സമർപ്പിച്ച സിൽവർ ലൈന്റെ ഡിപിആർ പരിശോധനയിലാണ്. പക്ഷെ മതിയായ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദാംശങ്ങൾ ഡിപിആറിൽ ഇല്ലെന്നു റെയിൽവേ ബോർഡ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. അതിനാൽ കെ റെയ്ലിനോട് അലൈന്മെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും, സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേക്ക് നെറ്റ്‌വർക്കിന് മുകളിലൂടെയുള്ള ക്രോസിംഗുകൾ, റെയിൽവേ ആസ്തിയെ ബാധിക്കുന്ന കൃത്യമായ വിവരങ്ങൾ (സോണൽ റെയിൽവേ വഴി) നൽകാൻ നിർദേശിച്ചിട്ടുണ്ട് മറുപടിയിൽ പറയുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 23ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. നേരത്തെ അപൂർണമായ ഡിപിആർ തയ്യാറാക്കാൻ 22 കോടി രൂപ കെ റെയിൽ ചെലവഴിച്ചതിന്റെ വിവരാവകാശ രേഖ ഗോവിന്ദൻ നമ്പൂതിരി പുറത്തുവിട്ടിരുന്നു. വിശദമായ പരിശോധനക്കും, പദ്ധതിയെ പറ്റി നിഗമനത്തിലെത്താനും കൂടാതെ സാങ്കേതിക-സാമ്പത്തിക പഠനത്തെ ആശ്രയിച്ചിരിക്കും പദ്ധതി പരിഗണിക്കുന്നത് റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കി.

അതിനിടെ സിൽവർ ലൈനിനെതിരെ കടുത്ത പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കല്ലിടലുമായി കെ-റെയിൽ മുമ്പോട്ട് പോവുകയാണ്. 530 കിലോമീറ്റർ നിർദിഷ്ടപാതയുടെ 140 കിലോമീറ്റർ അതിരടയാള കല്ലുകൾ സ്ഥാപിച്ചെന്ന് കെ-റെയിൽ വിശദീകരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിൽ വൈകാതെ തുടങ്ങും. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായായാണ് അലൈന്മെന്റിന്റെ അതിർത്തിയിൽ കല്ലിടുന്നത്.

കാസർകോട് ജില്ലയിലാണ് കൂടുതൽ കല്ലിട്ടത് -38 കിലോമീറ്റർ ദൂരം 1439 കല്ലുകളിട്ടു. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം അനുസരിച്ച് വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. അതേസമയം കല്ലിടൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പലയിടങ്ങളിലും പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സമരക്കാരെ മാറ്റിയ ശേഷമാണ് കല്ലുനാട്ടുന്നത്. സർക്കാർ കടുത്ത നിലപാടിലേക്ക് കടന്നതോടെ പ്രാദേശിക സമരസമിതികളും ശക്തിയാർജിക്കുകയാണ്.

ഇത് വകവയ്ക്കാതെ സർക്കാർ മുമ്പോട്ട് പോകും. കെ റെയിൽ പദ്ധതി നടക്കുമെന്ന് എതിർക്കുന്നവർക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിർപ്പിന് കാരണമെന്നും ഇപ്പോഴത്തെ സർക്കാർ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞാൽ നടക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. കെ റെയിൽ നടപ്പാക്കാൻ കഴിയില്ലെന്നാണ് ചിലർ പറയുന്നതെന്നും ഇപ്പോൾ അല്ലെങ്കിൽ എപ്പോഴാണ് ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറയുന്നു.

യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്പൊക്കെ പദ്ധതികൾ കൊണ്ടു വന്നാൽ സാധാരണ നടപ്പാകാറില്ലെന്നും ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങൾ കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാകില്ലെന്ന് കരുതിയ ദേശീയ പാത വികസനം ഓരോ റീച്ചായി അതി വേഗത്തിൽ നടക്കുന്നു. ഗെയിൽ പദ്ധതി നടക്കില്ലെന്ന് കരുതി അവർ തന്നെ ഉപേക്ഷിച്ചതാണ്. അത് നടപ്പായി -മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കെ റെയിൽ നടപ്പാക്കുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ലെന്നും നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ച് എതിർക്കുന്നവർക്കുള്ള വിശദീകരണമല്ലിതെന്നും യഥാർത്ഥ സംശയങ്ങൾക്ക് വിശദീകരണം നൽകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറയുന്നു.