- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിൽ ചർച്ചയാക്കുക സിൽവർ ലൈൻ; അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതും ചർച്ച കൊഴുപ്പിക്കാൻ; വോട്ട് കുറയാതിരിക്കാൻ കല്ലിടൽ ഇനി ഒരു മാസത്തേക്ക് വേണ്ടെന്ന രഹസ്യ നിർദ്ദേശം കെ റെയിലിന് കൈമാറി സർക്കാരും; ധർമ്മടത്ത് എല്ലാം താൽകാലികമായി നിർത്തി; പ്രതിഷേധങ്ങൾ ഒഴിവാക്കാൻ തന്ത്രപരമായ നീക്കം; കല്ലിടൽ ഇനി വോട്ടെടുപ്പിന് ശേഷം
കൊച്ചി: തൃക്കാക്കരയിൽ വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോഴും വിവാദങ്ങൾ ഒഴിവാക്കാൻ ഇനി ഈ മാസം കെ റെയിൽ കല്ലിടൽ ഉണ്ടാകില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് ഇത്. കെ റെയിൽ പ്രതിഷേധങ്ങളും പൊലീസ് നടപടിയും പ്രചരണ സമയത്ത് ചർച്ചയാകാതിരിക്കാനാണ് നീക്കം. ഇതിനുള്ള നിർദ്ദേശം കെ റെയിലിന് സർക്കാർ തലത്തിൽ നിന്നും അനൗദ്യോഗികമായി കിട്ടി കഴിഞ്ഞു. കല്ലിടൽ തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെ റെയിൽ ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്.
തൃക്കാക്കരയിൽ കെ എസ് അരുൺകുമാര് സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. കെ റെയിൽ സംവാദങ്ങളിൽ സിപിഎമ്മിന് വേണ്ടി സംസാരിക്കുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ നീക്കം. അതിനിടെയാണ് കല്ലിടലിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട്. പ്രതിഷേധം ചർച്ചയാക്കാതെ വികസന അജണ്ട തെരഞ്ഞെടുപ്പ് കാലത്ത് നിറയ്ക്കാനാണ് നീക്കം.
നിയമസഭയുടെ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് മെയ് 31 ന് തൃക്കാക്കര തയ്യാറെടുക്കുന്നത്. സിറ്റിങ് എംഎൽഎ ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. തുടർഭരണം കിട്ടിയ പിണറായി വിജയൻ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമായൊരു ഉപതെരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിലേത്. കോൺഗ്രസിന്റെ തട്ടകമായ മണ്ഡലത്തിൽ ഒരു അട്ടിമറി വിജയം നേടാനായാൽ സർക്കാരിനതുണ്ടാക്കുന്നത് വലിയ നേട്ടമായിരിക്കും. അതേസമയം, സീറ്റ് നിലനിർത്താൻ കഴിഞ്ഞാൽ സർക്കാരിനെതിരേയുള്ള തങ്ങളുടെ പ്രചാരണങ്ങൾക്ക് ജനകീയ അംഗീകാരം കിട്ടിയെന്ന തരത്തിൽ ആഘോഷിക്കാൻ കോൺഗ്രസിന് കഴിയും.
തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പാണെന്ന് മുന്നണി കൺവീനർ ഇ.പി. ജയരാജൻ പറയുന്നു. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും അതിൽ തെല്ലും ഭയമില്ലെന്നും തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ജയരാജൻ പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കാത്തിരിക്കൂ, കെ റെയിലിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതും. കെ റെയിൽ ജനങ്ങൾക്ക് എതിരായിട്ടുള്ളതല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ജനങ്ങൾക്കു വേണ്ടിയുള്ള ഒരു വികസനകാര്യത്തെ ഏതെങ്കിലും ജനങ്ങൾ എതിർക്കുമോ?, ജയരാജൻ ആരാഞ്ഞു. തെറ്റായ പ്രചരണങ്ങളെ ജനങ്ങൾ തന്നെ പ്രതിരോധിക്കും, ജയരാജൻ കൂട്ടിച്ചേർത്തു.
ഇങ്ങനെ പറയുമ്പോഴും കല്ലിടൽ പ്രതിഷേധങ്ങളെ സിപിഎം ഭയക്കുന്നുവെന്നതാണ് വസ്തുത. സിൽവർ ലൈൻ സംവാദത്തിൽ അനുകൂലിക്കാനെത്തിയ വിദഗ്ധരും 'കല്ലിടലിൽ' കൈമലർത്തിയതോടെ കെ-റെയിൽ പ്രതിരോധത്തിലായിരുന്നു. പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടൽ നീക്കം തുടരുമ്പോഴാണ് 'സാമൂഹികാഘാതത്തിന്റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടൽ നിർബന്ധമില്ലെന്ന' മുൻ റെയിൽവേ ബോർഡംഗം സുബോധ് ജെയിന്റെ തുറന്നുപറച്ചിൽ അധികൃതരെ തിരിഞ്ഞു കുത്തുന്നത്. ഇതിന് പിന്നാലെ ധർമ്മടത്ത് അടക്കം പ്രതിരോധം ശക്തമായി. ഇത് സർക്കാരിന് നാണക്കേടുമുണ്ടാക്കി. അതുകൊണ്ട് തന്നെ തൃക്കാക്കര പ്രചരണ കാലത്ത് കല്ലിടൽ ഉണ്ടാകില്ല.
കേന്ദ്രാനുമതിയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകൾ പാകുന്നതിലെ സർക്കാർ ശാഠ്യം നേരത്തേതന്നെ വിമർശനത്തിനിടയാക്കിയിരുന്നു. കല്ലിടൽ തൽക്കാലം നിർത്തിയതിനെതുടർന്ന് വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്റെ പരാമർശങ്ങൾ വീണ്ടും ചൂടേറിയ ചർച്ചക്ക് വഴിതുറന്നു. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപുകളുടെ പശ്ചാത്തലവും സർക്കാരിനെ ഞെട്ടിച്ചു. ഏതു നിയമത്തിന്റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.
സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച് മാർക്ക് ചെയ്താൽ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും. സ്വകാര്യഭൂമിയിൽ കല്ലിടൽ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയിൽവേ ഭൂമിയിൽ കല്ലിടൽ ഇനിയും തുടങ്ങിയിട്ടില്ല. റെയിൽവേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടിയാണ് സിൽവർ ലൈനിൽ റെയിൽവേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനിടെയാണ് വന്ദേഭാരതിലെ കേന്ദ്ര പ്രഖ്യാപനവും.
സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ ബുധനാഴ്ചത്തെ ബദൽ സംവാദത്തിൽ കെ റെയിൽ എം.ഡി. പങ്കെടുക്കില്ല. സർക്കാർ അനുമതി ഇല്ലാത്തതിനാലാണ് എം.ഡി. അജിത് കുമാർ പങ്കെടുക്കാത്തതെന്ന് കെ റെയിൽ അറിയിച്ചു. ബദൽ സംവാദമല്ല, തുടർ സംവാദമാണെന്ന നിലപാടാണ് കെ റെയിൽ സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ