- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മന്ത്രി പറഞ്ഞതല്ല, കെ റെയിൽ എംഡി പറഞ്ഞതാണ് ശരി'; സിൽവർ ലൈൻ പാതക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി; സജി ചെറിയാന് പാർട്ടി സെക്രട്ടറിയുടെ തിരുത്ത്; ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കുന്നില്ലെന്ന് കോടിയേരി; ബഫർ സോൺ എത്ര മീറ്റർ? 30 മീറ്ററോ 20 മീറ്ററോ എന്നതിൽ സർവത്ര ആശയക്കുഴപ്പം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ബഫർ സോൺ സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പങ്ങളാണ് ഉണ്ടാകുന്നത്. പദ്ധതിക്ക് ബഫർസോൺ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നു. പദ്ധതിക്ക് ബഫർസോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതല്ല, കെ-റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്ന് കോടിയേരി പറഞ്ഞു.
സിൽവർ ലൈനിന് ബഫർ സോൺ ഇല്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. ഇതു തിരുത്തി കെ റെയിൽ എംഡി തന്നെ രംഗത്തുവരികയും ചെയ്തു. സിൽവർ ലൈനിന് ഇരുഭാഗത്തുമായി ഇരുപതു മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്നാണ് എംഡി വി അജിത് കുമാർ വ്യക്തമാക്കിയത്. ഇതിൽ അഞ്ചു മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. ശേഷിച്ച അഞ്ചു മീറ്ററിൽ നിർമ്മാണത്തിന് അനുമതി തേടണമെന്നും അജിത് കുമാർ അറിയിച്ചു.
പദ്ധതിക്കായി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി അറിയിച്ചു. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. ഹൈക്കോടതി അനുമതി നൽകിയ പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിൽവർ ലൈൻ സർവേ തടയാൻ കോൺഗ്രസ് കരുതൽ പട രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോടിയേരിയുടെ പ്രതികരണം ഇങ്ങനെ: '' എല്ലാ പടയും വരട്ടെ'' പൊലീസ് സംയമനം പാലിക്കുന്നതു കൊണ്ടാണ് കൂടുതൽ നടപടികളിലേക്കു പോവാത്തത്. ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി മുമ്പ് യുഡിഎഫ് കല്ലിട്ടിരുന്നുവെന്നും അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം ബഫർസോൺ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ വീണ്ടും തുടരുകയാണ്. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി വിശദീകരണം. എന്നാൽ അവിടെയും ആശയക്കുഴപ്പം തീരുന്നില്ല. കേന്ദ്ര പാതയിൽ നിന്നും 30 മീറ്റർ ചുറ്റളവിൽ നിർമ്മാണം വിലക്കണമെന്നാണ് സിൽവർ ലൈൻ ഡിപിആറിന്റെ ഭാഗമായുള്ള എക്‌സിക്യുട്ടീവ് സമ്മറിയിൽ സർക്കാറിനുള്ള നിർദ്ദേശം. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്നാണ് കെറെയിൽ എംഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം.
എന്നാൽ അതേസമയം, വിവരാവകാശ നിയമപ്രകാരം കെ റെയിൽ നേരത്തെ കെ റെയിൽ വിരുദ്ധ സമരസമിതിക്ക് നൽകിയ മറുപടിയിൽ ബഫർ സോൺ 15 മീറ്ററാണ്. എക്‌സിക്യുട്ടീവ് സമ്മറി നിർദ്ദേശിച്ച 30 മീറ്റർ എന്നത് ഇരുവശങ്ങളിലായി 15 മീറ്റർ വീതം എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. അങ്ങനെയെങ്കിൽ അത് എന്തുകൊണ്ട് കൃത്യമായി ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയില്ല എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. എംഡി പറഞ്ഞ 10 മീറ്ററിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണത്തിനു വിലക്കും ബാക്കി അഞ്ചിൽ എൻഒസി നിർബന്ധവും എന്നാണ്. എൻഒസി വേണ്ട പ്രദേശം സർക്കാർ ഏറ്റെടുക്കുന്നില്ല. ഈ സ്ഥലത്തെ നിർമ്മാണത്തിന് ഭാവിയിൽ അനുമതി കിട്ടാൻ സാധ്യത വളരെ കുറവാണ്. സ്ഥലമുടമ വിൽക്കാനും ബുദ്ധിമുട്ടും, നഷ്ടപരിഹാരവുമുണ്ടാകുമോ എന്നും ഉറപ്പില്ല.
സിൽവർ ലൈൻ പാതയുടെ ഇരുവശത്തും ബഫർ സോണായി പ്രഖ്യാപിക്കുന്ന സ്ഥലം ഉപയോഗശൂന്യമാകുമെന്ന് ആശങ്കയും ശക്തമാണ്. പാതയുടെ അരികിൽ നിന്നും അഞ്ചു മീറ്റർ സ്ഥലത്ത് നിർമ്മാണം അനുവദിക്കില്ല. എന്നാൽ, ചെറിയ രീതിയിലുള്ള കൃഷികൾ ആകാം. വലിയ വൃക്ഷങ്ങൾ വളർത്താൻ പാടില്ല. ശേഷിക്കുന്ന അഞ്ചു മീറ്ററിൽ പ്രത്യേക അനുമതിയോടെ ചെറിയ നിർമ്മാണങ്ങൾ നടത്താമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.എന്തൊക്കെയാണ് വ്യവസ്ഥകളെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഇരുവശത്തും കമ്പി വേലി കെട്ടി വേർതിരിക്കും.
സ്ഥലമുടമയ്ക്ക് ആ പ്രദേശം വേണ്ടെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്നും എം ഡി വ്യക്തമാക്കിയിരുന്നു.എന്നാൽ, ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാകില്ലെന്നാണ്. വെള്ളക്കെട്ടായിരിക്കും പ്രദേശത്തെ പ്രധാന പ്രശ്നം. കൂടാതെ, അതിവേഗ ട്രെയിനിന്റെ പ്രകമ്പനം മറികടക്കുന്ന തരത്തിൽ വേണം പുതിയ നിർമ്മാണങ്ങൾ നടത്താൻ. അതിന് ഭൂമിയുടെ അടിത്തറ ഉൾപ്പെടെ ബലപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടി വരും.
ഭീമമമായ ചെലവായിരിക്കും ഇതിനെല്ലാമുണ്ടാകുന്നത്. ബഫർ സോണിന് നഷ്ടമാകുന്ന സ്ഥലത്തിന് കൂടി നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് സർക്കാർ. ഇന്ത്യൻ റെയിൽവേ പാതയോട് ചേർന്ന 30 മീറ്ററാണ് ബഫർ സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനും ഭാവിയിലെ വികസനം മുന്നിൽ കണ്ടുമാണ് ബഫർ സോൺ നിർണയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ