കൊച്ചി: വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈൻ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാൻ ഇ.ശ്രീധരൻ പറയുന്നത് ചർച്ചയാക്കാൻ സിപിഎം. സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പിൽ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈനിനു പകരമാകില്ലെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. ഇതിനെ ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.

ബജറ്റിൽ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകൾ കൂടി നിർമ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സിൽവർലൈൻ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിൻ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം. വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യൻ റെയിൽവേയിൽ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സിൽവർ ലൈൻ വേണമെന്ന നിലപാട് ആവർത്തിക്കാനാണ് സിപിഎമ്മും സർക്കാരും ആലോചിക്കുന്നത്.

ശ്രീധരന്റെ വാക്കുകൾ അവർ ചർച്ചയാക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ പദ്ധതി രേഖയിൽ മാറ്റം വരുത്തി പുതിയ തലത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. സിൽവർലൈനിന് എതിരല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകളും പ്രതീക്ഷയാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കുന്ന തരത്തിൽ പദ്ധതി അവതരിപ്പിക്കും. കോൺഗ്രസിനേയും ബിജെപിയേയും എല്ലാം പറഞ്ഞ് മനസ്സിലാക്കാൻ ഇടനിലക്കാരും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ യാത്രയും ഈ ലക്ഷ്യത്തോടെയാണ്. കേന്ദ്ര സർക്കാരിൽ സമ്മർദ്ദത്തിന് പ്രവാസി വ്യവസായിയെ തന്നെ രംഗത്തിറക്കാനാണ് സർക്കാർ ശ്രമം.

കേരളത്തിൽ ഇപ്പോഴുള്ള പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്നതാണു കാരണം. പാതകളിലെ തുടർച്ചയായ കടുത്ത വളവുകളാണു ഇതിനു തടസം. ഇവ നിവർത്തുക എളുപ്പമല്ല. വളരെ സാമ്പത്തിക ചെലവേറിയ ജോലിയാണ്. അതിനായി ട്രെയിൻ ഗതാഗതം നിർത്തി വയ്‌ക്കേണ്ടി വരും. തിരക്കേറിയ റൂട്ടുകളായതിനാൽ ട്രെയിൻ സർവീസ് നിർത്തി വയ്ക്കൽ പ്രായോഗികമല്ലെന്നും ശ്രീധരൻ വിശദീകരിക്കുന്നു.

കേരളത്തിൽ ഇപ്പോൾ കാണുന്ന പല ബ്രോഡ്‌ഗേജ് പാതകളും പഴയ മീറ്റർഗേജ് പാതകൾ അലൈന്മെന്റിൽ കാര്യമായ മാറ്റം വരുത്താതെ ബ്രോഡ്‌ഗേജാക്കിയവയാണ്. മീറ്റർ ഗേജ് പാതയിലെ കടുത്ത വളവുകൾ അതേ പോലെ തന്നെ ഈ പാതകളിലുണ്ട്. തിരുവനന്തപുരം-കൊല്ലം, കൊല്ലം-എറണാകുളം, എറണാകുളം-ഷൊർണൂർ പാതകളിലാണു ഈ പ്രശ്‌നമുള്ളത്. എറണാകുളം-ഷൊർണൂർ പാതയിൽ വളവുകൾ കൂടുതലാണ്-ശ്രീധരൻ പറയുന്നു.

മംഗളൂരു-ഷൊർണൂർ പാതയിൽ വളവുകൾ കുറവാണെങ്കിലും അവിടെ വേഗം കൂട്ടണമെങ്കിൽ ഏറെ പണികൾ ചെയ്യണം. 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കണമെങ്കിൽ പുതിയ അലൈന്മെന്റിൽ തൂണുകളിലോ ഭൂമിക്കടിയിലൂടെയോ പുതിയ മൂന്നാം പാത നിർമ്മിക്കണമെന്നും ഇ.ശ്രീധരൻ പറയുന്നു. താഴെ കൂടി ഇനിയൊരു പാത നിർമ്മാണം കേരളത്തിൽ സാധ്യമല്ലെന്നും ശ്രീധരൻ വിശദീകരിക്കുന്നുണ്ട്.

സിൽവർലൈനിൽ ഇരുദിശയിലും 37 സെമി ഹൈസ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുമെന്നാണു രേഖകളിലുള്ളത്. അങ്ങനെയെങ്കിൽ വിരലിലെണ്ണാവുന്ന വന്ദേഭാരത് ട്രെയിനുകളെ അത്തരമൊരു പദ്ധതിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. 3 വർഷം കൊണ്ടു 400 വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാൻ കഴിയുമോയെന്നതും ചോദ്യ ചിഹ്നമാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണമാണു ഇപ്പോൾ നടക്കുന്നത്. ആദ്യ 75 ട്രെയിനുകളുടെ കൂട്ടത്തിലുള്ളതാണിവ. കോച്ച് ഫാക്ടറികളിലെ ഉൽപാദനം 2 മടങ്ങ് വർധിപ്പിച്ചാൽ മാത്രമേ ഒരേ സമയം എൽഎച്ച്ബി കോച്ചുകളും വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണവും വേഗത്തിലാക്കാൻ കഴിയൂ. ഇതെല്ലാം വന്ദേഭാരതിനുള്ള വെല്ലുവിളിയാണ്.

അതിനിടെ സിൽവർലൈൻ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയിൽവേ വൃത്തങ്ങൾ വിശദീകരിച്ചു. പദ്ധതിസംബന്ധിച്ച് കേരളസർക്കാരുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വ്യക്തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. അലെയ്ന്മെന്റ്, സാമ്പത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്.

ഇതിനുപുറമേ, പദ്ധതിക്കായി റെയിൽവേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ, പദ്ധതിയിൽ ഓഹരിപങ്കാളിത്തം വഹിക്കുന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയിൽവേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്നതിൽ ഭരണതലത്തിലുള്ള തീരുമാനങ്ങൾക്ക് ഇനിയും കടമ്പകളുണ്ടെന്നും റെയിൽവേ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.