- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ നിർത്തി വച്ചിട്ടില്ല, മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എംഡി; മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ; 50 കൊല്ലം കഴിയുമ്പോൾ സിൽവർലൈൻ കൊണ്ട് കടങ്ങൾ ഉണ്ടാവില്ലെന്നും വി അജിത്കുമാർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തുമെന്നും കെ റെയിൽ എംഡി വ്യക്തമാക്കി. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിപിആർ തട്ടിക്കൂട്ട് ആണെന്ന ആരോപണം വസ്തുതവിരുദ്ധമാണ്. കെ റെയിൽ നാടിനെ രണ്ടായി വിഭജിക്കില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ പാലങ്ങളോ അണ്ടർ പാസേജോ നിർമ്മിക്കും. അമ്പതുകൊല്ലം കഴിയുമ്പോൾ സിൽവർ ലൈൻ കൊണ്ട് കടങ്ങൾ ഉണ്ടാകില്ലെന്നും ജനസമക്ഷം സിൽവർ ലൈൻ എന്ന പരിപാടിയിൽ അജിത് കുമാർ പറഞ്ഞു. ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുന്നവരാണ്. ഏത് പദ്ധതി വന്നാലും എതിർക്കുന്നവരുണ്ടാകും. അവരാണ് കെ റെയിലിനെതിരേയും രംഗത്ത് വരുന്നത്. സാമ്പത്തിക ലാഭം മാത്രമല്ല പദ്ധതിമൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റവും പരിഗണിക്കണം. കെ റെയിൽ വരേണ്യവർഗ്ഗത്തിനുള്ളത് മാത്രമല്ലെന്നും മൂന്നരകോടി ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും എം.ഡി പറഞ്ഞു. കൊച്ചി വിമാനത്താവളം വന്നപ്പോഴും അത് വരേണ്യവർഗ്ഗത്തിന്റേതാണെന്ന പ്രചരണം നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിൽവർ ലൈൻ ലാഭത്തിൽ ആകുമെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.അമിത ചെലവ് വേണ്ടി വരുന്നതുകൊണ്ടാണ് സിൽവർ ലൈൻ ഹൈ സ്പീഡ് മാതൃകയിൽ വിഭാവനം ചെയ്യാതിരുന്നത്. ഏതൊരു പദ്ധതിയെയും എതിർക്കുന്നവർ തന്നെ ആണ് സിൽവർ ലൈനിനെയും എതിർക്കുന്നത്. സിൽവർ ലൈൻ വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള പദ്ധതി എന്ന പ്രചാരണം തെറ്റാണ്. മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി മാത്രമേ സ്ഥലം ഏറ്റെടുക്കൂ.സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ല.വേലി കെട്ടുന്ന സ്ഥലങ്ങളിൽ രണ്ട് ഭാഗങ്ങളിലേക്കും പോകാൻ സൗകര്യങ്ങൾ ഉണ്ടാകുമെന്നും കെ റെയിൽ അധികൃതർ മറുപടി നൽകി.
രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സിൽവർ ലൈൻ ഡിപിആർ സംസ്ഥാനസർക്കാർ സമർപ്പിച്ചിട്ട് രണ്ട് വർഷം പൂർത്തിയായിരുന്നു. പദ്ധതിക്ക് അനുമതി നൽകുന്നതിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പദ്ധതിക്ക് തത്വത്തിൽ മാത്രം അനുമതിയുള്ളപ്പോൾ സർക്കാർ നടത്തിയ കല്ലിടൽ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴി വച്ചത്. 2020 ജൂൺ 17 സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം സമർപ്പിച്ചത്. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്ന് ഡിപിആർ പറയുന്നു. ഒരു ലക്ഷം കോടിയിലേറെ ചെലവ് വരുമെന്ന് റെയിൽവെ പറയുന്നു. ഡിപിആറിൽ വ്യക്തത കുറവുണ്ടെന്ന് റെയിൽവെ ബോർഡ് അറിയിച്ചു.
സർവെ നടപടികളും കല്ലിടലും കേരളത്തെ സംഘർഷഭരിതമാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സർവെ നടപടികൾ സ്റ്റേ ചെയ്തു. ഫെബ്രുവരിയിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കല്ലിടൽ വീണ്ടും സംഘർഷത്തിനിടയാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ