ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി സംബന്ധിച്ച് ഇന്ത്യൻ റെയിൽവേയുടെ പ്രധാന ആശങ്ക സാമ്പത്തികം. കേരളം പറയുന്ന തുകയ്ക്ക് ഇപ്പോൾ പണി തുടങ്ങിയാലും പദ്ധതി പൂർത്തിയാകില്ലെന്നാണ് റെയിൽവേ നിലപാട്. ഒരു ലക്ഷം കോടി കടക്കുന്ന ഈ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും റെയിൽവേ വിലയിരുത്തുന്നു. എന്നാൽ ഇപ്പോഴും കേരളം പ്രതീക്ഷയിലാണ്. കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇപ്പോൾ പ്രധാനമന്ത്രി മോദിയും റെയിൽമന്ത്രി അശ്വിനി വൈഷ്ണ്വും കാട്ടിയ ചുവപ്പു സിഗ്നൽ താൽകാലികം മാത്രമാണെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന അദാനി പോർട്ടിലെ ഉന്നതര മധ്യസ്ഥരാക്കി പ്രശ്‌ന പരിഹാരത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കരുതലോടെ മാത്രമേ നടപടിയെടുക്കൂ എന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചതോടെ പദ്ധതിയുടെ അന്തിമാനുമതി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. പ്രധാനമന്ത്രി അനുഭാവപൂർവം വിഷയം കേട്ടുവെന്നും റെയിൽവേ മന്ത്രിയോടു ചർച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണു മന്ത്രി രാജ്യസഭയിൽ പഴയ നിലപാട് ആവർത്തിച്ചത്. ഇത് കേരളത്തിന് നാണക്കേടായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വികസന പ്രശ്‌നങ്ങൾ അദാനിയിലൂടെ പ്രധാനമന്ത്രിക്ക് മുമ്പിൽ നേരിട്ട് അവതരിപ്പിക്കാനാകും ശ്രമം. ഇത് വിജയിച്ചാൽ കെറെയിൽ യാഥാർത്ഥ്യമാകുമെന്ന് പിണറായി സർക്കാർ പറയുന്നു. കെ റെയിലിനെ മുൻനിർത്തി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷമാക്കാനായിരുന്നു പിണറായി ലക്ഷ്യമിട്ടത്.

പ്രധാനമന്ത്രി അനുകൂലമായാൽ പദ്ധതി നടക്കുമെന്ന് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ. ശബരിമല വിമാനത്താവളമായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതി. അത് ഇതുവരെ നടക്കുന്ന സാഹചര്യത്തിലെത്തിയിട്ടില്ല. കെ റെയിലും അതേ വഴിക്ക് പോകാൻ അനുവദിക്കില്ലെന്നാണ് പിണറായിയുടെ നിലപാട്. വിഴിഞ്ഞം പദ്ധതിയെന്നത് അവതരിപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അതും പൂർത്തിയാക്കാൻ ആറു കൊല്ലമായിട്ടും പിണറായിക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വികസന നായകനാകാൻ കെ റെയിൽ അനിവാര്യതയാണെന്ന് പിണറായി കരുതുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ എതിർപ്പും കാര്യമാക്കില്ല.

ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്റിലെ ഓഫിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയത്. അതീവ ശ്രദ്ധയോടെയും ഏറെ സമയമെടുത്തുമാണു പ്രധാനമന്ത്രി കാര്യങ്ങൾ കേട്ടതെന്നും തികച്ചും അനുഭാവപൂർണമായ സമീപനവും ആരോഗ്യകരമായ പ്രതികരണവുമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഈ ചർച്ച നടക്കുമ്പോൾ ഓഫിസിനോടു ചേർന്ന മുറിയിൽ റെയിൽവേ മന്ത്രിയുമുണ്ടായിരുന്നു. ചർച്ച കഴിഞ്ഞു പതിനൊന്നരയോടെ പുറത്തിറങ്ങിയ മുഖ്യമന്ത്രി മന്ത്രിയുമായി അനൗപചാരിക സംഭാഷണം നടത്തിയ ശേഷമാണു മടങ്ങിയത്.

പിന്നീട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും മുഖ്യമന്ത്രി കണ്ടു. റെയിൽവേ മന്ത്രി പിന്നീട് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. വൈകിട്ട് 4 നാണു പിണറായി വിജയൻ പത്രസമ്മേളനത്തിൽ ചർച്ചയെക്കുറിച്ചു വിശദീകരിച്ചത്. എന്നാൽ, 6 മണിയോടെ റെയിൽവേ ധനാഭ്യർഥന ചർച്ചയ്ക്കു രാജ്യസഭയിൽ നൽകിയ മറുപടിയിൽ, സിൽവർലൈൻ കാര്യത്തിൽ ധൃതി വേണ്ട, സമയമെടുക്കുമെന്ന മട്ടിലാണു മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ലോക്‌സഭയിൽ പറഞ്ഞ അതേ കാര്യങ്ങളാണ് പറഞ്ഞത്. ഇത് കേരളത്തിന് തിരിച്ചടിയായി. പിന്നാലെ അപമാനിക്കാൻ ബിജെപിയുടെ കേരള നേതാവുമെത്തി.

തൊട്ടുപിന്നാലെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് സമിതി ചെയർമാനും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസ്, പ്രധാനമന്ത്രി പദ്ധതിയെ കയ്യൊഴിഞ്ഞതാണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. ഡിപിആർ ആണോ രാഷ്ട്രീയ തീരുമാനമാണോ അന്തിമാനുമതിക്കു പ്രശ്‌നമെന്നു ചോദിച്ചപ്പോൾ ഡിപിആർ സംബന്ധിച്ച് റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കു മറുപടി നൽകിയെന്നും രാഷ്ട്രീയമായ എതിർപ്പ് പദ്ധതിയോട് ഉണ്ടെന്നു കരുതുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഇതേസമയം, സാമ്പത്തിക സാധ്യത, പാരിസ്ഥിതിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണു റെയിൽവേ മന്ത്രിയുടെ വിശദീകരണം.