- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ കേരളത്തിന്റെ വികസനം മുരടിപ്പിക്കുമോ? കെ റെയിൽ എന്തുവില കൊടുത്തും നടപ്പിലാക്കുമെന്ന് വാശി പിടിക്കുന്ന സർക്കാർ മുൻഗണനയിൽ നിന്നും ഒഴിവാക്കിയത് 43,200 കോടിയുടെ പദ്ധതികൾ; വിദേശ വായ്പ്പക്ക് കേന്ദ്രാനുമതി വേണ്ടി പദ്ധതികളിൽ സർക്കാറിനിപ്പോൾ മൗനം
തിരുവനന്തപുരം: സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കായി 43,200 കോടി രൂപയുടെ മറ്റ് 20 പദ്ധതികൾ സംസ്ഥാന സർക്കാർ മുൻഗണനയിൽ നിന്നും ഒഴിവാക്കി. വിദേശ വായ്പയ്ക്കു കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി വേണ്ട പദ്ധതികളിലാണ് സർക്കാർ അവഗണന കാണിച്ചിരിക്കുന്നത്. സിൽവർലൈൻ പദ്ധതിയെക്കുറിച്ചു ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സംവാദത്തിൽ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സാമ്പത്തികകാര്യ വകുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സും ധനമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തും തെളിവായി അദ്ദേഹം ഉയർത്തിക്കാട്ടി.
സിൽവർലൈൻ പദ്ധതിക്കുവേണ്ട വിദേശവായ്പ അനുമതിക്കായി സംസ്ഥാന സർക്കാർ സമീപിച്ചപ്പോൾ മുൻപു സമർപ്പിച്ച 20 പദ്ധതികൾ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിനു മുൻപിലുണ്ടായിരുന്നു. നടപ്പാക്കിക്കൊണ്ടിരിക്കുന്ന 5900 കോടി രൂപയുടെ 12 പദ്ധതികളും ആലോചനയിലുള്ള 37,300 കോടി രൂപയുടെ 8 പദ്ധതികളുമായിരുന്നു ഇവ. വിദേശ വായ്പ വേണ്ട പുതിയ പദ്ധതികൾ ഏറ്റെടുക്കുംമുൻപ്, അതിനകം അനുമതി ലഭിച്ച മറ്റു പദ്ധതികൾ പൂർത്തീകരിക്കണമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾക്കു കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് നൽകിയിരുന്നു. ഇതോടെയാണ് ഈ പദ്ധതികൾക്കായി കടുംപിടിത്തം പിടിക്കാത്ത നിലപാടിലേക്ക് കേരളം മാറിയത്.
സിൽവർലൈൻ പദ്ധതിക്കാണു മുൻഗണന വേണ്ടതെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് കേരളത്തിന് ഈ ഉപാധിയിൽ ഇളവു നൽകി. ഈ പദ്ധതികൾക്കായി കേരളത്തിനു ലഭിക്കുന്ന വിദേശ വായ്പ മറ്റു സംസ്ഥാനങ്ങൾക്കുവേണ്ടി വിനിയോഗിക്കാനും സാമ്പത്തികകാര്യ വകുപ്പിന്റെ 2020 ഓഗസ്റ്റിൽ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗം തീരുമാനമെടുത്തതായാണു മിനിറ്റ്‌സ് സഹിതം ശ്രീധർ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്.
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിക്കൊണ്ട് 2021 ജനുവരിയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതെല്ലാം പദ്ധതികളുടെ മുൻഗണനാ ക്രമമാണ് ഇത്തരത്തിൽ മാറ്റിയതെന്ന വിവരം ഇതിലില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കേന്ദ്രത്തിനു നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിൽവർലൈനിനു വേണ്ടി മാറ്റിവച്ച പദ്ധതികൾ ഏതൊക്കെയെന്നു സംസ്ഥാന സർക്കാരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കേന്ദ്ര സാമ്പത്തിക കാര്യവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന 37,300 കോടി രൂപയുടെ 8 പദ്ധതികളിലൊന്ന് സിൽവർലൈൻ തന്നെയായിരുന്നുവെന്നു കെറെയിൽ എംഡിയുടെ വിശദീകരണം. മൂന്നും നാലും റെയിൽപാതകൾ നിർമ്മിക്കുന്നതിനു വിദേശവായ്പയ്ക്കായി 2018 ൽ കേന്ദ്രത്തിനു സമർപ്പിച്ച പദ്ധതിയാണു പട്ടികയിലുണ്ടായിരുന്നത്. 33,000 കോടി രൂപയാണ് അന്നു വായ്പ ആവശ്യപ്പെട്ടിരുന്നത്. പിന്നീടാണു സിൽവർലൈൻ എന്ന പേരോടെ പദ്ധതി ഇപ്പോഴത്തെ രൂപത്തിലായതെന്നുമാണ് കെ റെയിൽ എംഡി വിശദീകരിക്കുന്നത്.
അതേസമയം കണ്ണൂരിൽ അടക്കം കെ റെയിൽ കല്ലിടൻ നിർത്തിവെച്ചിരിക്കയാണ്. പദ്ധതി തൽക്കാലികമായി നിർത്തിവെച്ചതായും പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ സർവ്വേ തുടരേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ