തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ എങ്ങനെ സംഘടിപ്പിക്കുമെന്ന കാര്യത്തിൽ ഭരണപക്ഷത്തെ എംഎൽഎമാർക്കും ആശങ്ക. ഇക്കാര്യം കഴിഞ്ഞ ദിവസം സമാജികർക്കായി സംഘടിപ്പിച്ച സെമിനാറിലും ചിലർ ഉന്നയിക്കുകയും ചെയ്തു. കെ റെയിൽ നിർമ്മാണത്തിന് 69 ലക്ഷം ക്യുബിക് മീറ്റർ പാറ വേണ്ടി വരുമെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ തടസം നേരിട്ടാൽ 2025 ൽ പദ്ധതി പൂർത്തിയാകില്ലെന്നും എംഡി വ്യക്തമാക്കി. നിയമസഭാംഗങ്ങൾക്കായി പദ്ധതി വിശദീകരിക്കാൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ചോദ്യങ്ങളും മറുപടിയും.

അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും പങ്കെടുത്ത സെമിനാർ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. നിലവിലെ നിർമ്മാണത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ കേരളത്തിൽ നിന്ന് തന്നെ ലഭ്യമാകുമോ എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. പ്രതിപക്ഷം കെ റെയിലിൽ ഉയർത്തുന്ന ആശങ്കകളും സംശയങ്ങളുമായിരുന്നു ഭരണപക്ഷ എംഎൽഎമാർ ചോദ്യങ്ങളായി ഉന്നയിച്ചത്. പദ്ധതി നിർമ്മാണത്തിന് വേണ്ട പ്രകൃതി വിഭവങ്ങൾ എങ്ങനെ ലഭ്യമാക്കുമെന്ന സംശയം മുൻ മന്ത്രി ടിപി രാമകൃഷ്ണനും സഭയിലെ പുതുമുഖം സേവ്യർ ചിറ്റിലപ്പള്ളിയും ഉയർത്തി. പരമാവധി മണ്ണും പാറയും ഇവിടെ നിന്ന് കണ്ടെത്തും. ശേഷിക്കുന്നവയ്ക്കായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കും. സാധനങ്ങൾ ലഭ്യമാക്കേണ്ട ബാധ്യത കോൺട്രാകർമാർക്കാണ്.

നിലവിൽ പറഞ്ഞിരിക്കുന്ന 63941 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാകുമോ എന്നായിരുന്നു ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജന്റെ സംശയം. എന്നാൽ 2025 ൽ പൂർത്തിയാക്കാൻ കഴിഞ്ഞാലേ പദ്ധതിച്ചെലവ് ഈ തുകയിൽ നിൽക്കുയെന്ന് എംഡി വ്യക്തമാക്കി. പിന്നീട് വേണ്ടി വരുന്ന ഓരോ വർഷവും ചെലവ് 5% ഉയരും. നിലവിൽ ഭൂമി ഏറ്റെടുക്കലിന് രണ്ടും പദ്ധതി നിർമ്മാണത്തിന് മൂന്നും വർഷങ്ങളും വേണ്ടി വരും. പദ്ധതി പൂർത്തിയാകാൻ എത്ര കാലം എടുക്കുമെന്ന് എ പ്രഭാകരൻ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.

24 കിലോ മീറ്റർ എസി റോഡ് നിർമ്മിക്കാൻ 3 വർഷമാണ് വേണ്ടി വരുമ്പോൾ കെ റെയിലിന് എത്ര കാലം വേണമെന്നായിരുന്നു തോമസ് കെ തോമസിന്റെ ആശങ്ക. ആ രീതിയിൽ 20 വർഷത്തിന് മുകളിൽ വേണ്ടിവരും. സ്റ്റോപ്പുകൾ വർധിപ്പിച്ചാൽ 3 മണിക്കൂർ 54 മിനിട്ട് കൊണ്ട് തെക്ക് വടക്ക് യാത്രയെന്ന ലക്ഷ്യം സാധ്യമാകില്ല. അതിനാൽ സിൽവർ ലൈനിന് 11 സ്റ്റോപ്പുകളേ ഉണ്ടാകു. 160 കിലോമീറ്ററിൽ അധികം വേഗത്തിൽ പോകണമെങ്കിൽ സ്റ്റാന്റേഡ് ഗേജ് തന്നെ വേണമെന്നും അംഗങ്ങളുടെ സംശയങ്ങൾക്ക് കെ റെയിൽ എംഡി മറുപടി നൽകി. പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം പരിപാടിയിൽ പങ്കെടുത്തില്ല

ലോക്‌സഭയിലും കെ റെയിൽ ചർച്ച

അതേസമയം ഇന്നലെ ലോക്‌സഭയിൽ റെയിൽവേയുടെ ധനാഭ്യർഥന ചർച്ചകൾക്കിടയിൽ ചൂടുള്ള വിഷയമായി സിൽവർലൈൻ പദ്ധതിയും. പദ്ധതി ജനവിരുദ്ധമാണെന്നും അനുമതി നൽകരുതെന്നും യുഡിഎഫ് അംഗങ്ങളും, സംസ്ഥാന വികസനത്തിന് തടസ്സം നിൽക്കാതെ അനുമതി നൽകണമെന്ന് ഇടതു മുന്നണി അംഗങ്ങളും ആവശ്യപ്പെട്ടു.

ചർച്ചയ്ക്കു തുടക്കമിട്ട കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പ്രസംഗത്തിനൊടുവിൽ സിൽവർ ലൈൻ വിഷയം ഉന്നയിച്ചു. പദ്ധതിക്ക് അനുമതിയുണ്ടോയെന്ന് റെയിൽവേ മന്ത്രി മറുപടിയിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തത്വത്തിൽ അനുമതിയുണ്ടെന്നു പറഞ്ഞാണ് സംസ്ഥാന സർക്കാർ ജോലികളുമായി മുന്നോട്ടു പോകുന്നത്. അനുമതി നൽകിയില്ലെങ്കിൽ റെയിൽവേ ഭൂമി കൂടി ഉൾപ്പെടുത്തി പദ്ധതിക്ക് ഡിപിആർ ഉണ്ടാക്കാൻ കഴിയുന്നത് എങ്ങനെയാണെന്ന് മന്ത്രി വ്യക്തമാക്കണം. കേരളം മുഴുവൻ എതിർക്കുന്ന പദ്ധതിയാണിത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും ഈ പദ്ധതി നടപ്പാക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആയിരങ്ങളെ വഴിയാധാരമാക്കുന്ന സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ഇ.ടി.മുഹമ്മദ് ബഷീറും ആവശ്യപ്പെട്ടു. ഇത് പാരിസ്ഥിതിക ദുരന്തമാകുമെന്ന് മെട്രോമാൻ ഇ.ശ്രീധരനടക്കം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജനവികാരം കണക്കിലെടുത്ത് പദ്ധതി ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ പറഞ്ഞ 400 വന്ദേഭാരത് ട്രെയിനുകളിൽ 10 എണ്ണം കേരളത്തിനു തന്ന് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിന്റെ സമ്മർദം കാരണം കേന്ദ്രസർക്കാർ സിൽവർലൈൻ സ്വപ്ന പദ്ധതിക്ക് തടസ്സം നിൽക്കുകയാണെന്ന് എ.എം.ആരിഫ് കുറ്റപ്പെടുത്തി. പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്ന് തോമസ് ചാഴികാടനും ആവശ്യപ്പെട്ടു.