തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന്റെ ഇടവേളയിൽ നിർത്തിവെച്ച സിൽവർ ലൈൻ കല്ലിടലുമായി സർക്കാർ വീണ്ടും രംഗത്തെത്തി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ഇന്ന് കല്ലിടാൻ എത്തിയത്. ഇതോടെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നടപടിയിൽ ചിലർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തെത്തുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലൈൻ കല്ലിടൽ പുനരാരംഭിച്ചത്.

അതേസമയം സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, പൊലീസുകാരൻ പ്രതിഷേധക്കാരെ ചവിട്ടിവീഴ്‌ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചില പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലും ആയിട്ടുണ്ട്. ഉന്തിനും തള്ളിനും ഇടയിലാണ് പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്‌ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് സമരക്കാർ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി പൊലീസ് എത്തിയതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇതിനിടെ കോൺഗ്രസ് പ്രവർത്തകൻ എസ്.കെ.സുജിയാണ് റോഡിലേക്കു വീണു. പൊലീസ് ചവിട്ടി തള്ളിയിട്ടതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഓടിയെത്തിയ പൊലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്തയാളെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസും കോൺഗ്രസ് പ്രവർത്തരും തമ്മിൽ അടിപിടിയുണ്ടായി. പൊലീസുമായുള്ള പിടിവലിക്കിടെ ചിലരുടെ വസ്ത്രം കീറി. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസിനു സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്‌കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ഒരു മാസം മുൻപ് സ്ഥലത്ത് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ, അണ്ടൂർക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, അർച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കെ-റെയിൽ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടൽ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് അവസാനത്തോട് കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.

അതിനിടെ നരകത്തിൽ നിന്നുള്ള പദ്ധതിയാണ് കെ-റെയിലെന്നും അത് നടപ്പായാൽ കേരളജനതയുടെ ജീവിതം ദുരന്തമാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ കഴിഞ്ഞ ദിവസം പറഞ്ഞു. നിലവിലുള്ള സ്റ്റേഷനുകളെ ആശ്രയിച്ച് ബ്രോഡ്‌ഗേജാക്കി റെയിൽപ്പാത വികസിപ്പിച്ചാൽ പദ്ധതിച്ചെലവ് പകുതിയിലേറെ കുറയുമെന്നും അലോക് വർമ പറഞ്ഞു.

റെയിൽ കടന്നുപോകുന്ന ഇടങ്ങളിൽ സാമൂഹികാഘാതം ഭീകരമായിരിക്കും. കഴിഞ്ഞ നാലുവർഷം പെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിലൂടെയാണ് പാത പോകുന്നത്. പാതയിലെ 93 ശതമാനം ഭൂമിയും ദുർബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കെ-റെയിലുമായി ബന്ധപ്പെട്ട സർക്കാർ റിപ്പോർട്ടുകളെല്ലാം ഭാവനാസൃഷ്ടിയാണ്. 2018-ൽ നൽകിയ കത്തിൽ റെയിൽവേ വ്യക്തമായി പറയുന്നത് ഇത് സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണെന്നാണ്. അതിന്റെ ബാധ്യതകൾ സംസ്ഥാനം വഹിക്കേണ്ടിവരുമെന്നും അലോക് വർമ പറഞ്ഞു.