- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അലൈന്മെന്റ് മാപ്പ് വ്യാജം; മന്ത്രിസഭ അംഗീകരിച്ച അലൈന്മെന്റിൽ മാറ്റമില്ല; നിലവിൽ പ്രചരിക്കുന്ന മാപ്പുകളിൽ കെ-റെയിലിന് ഉത്തരവാദിത്തമില്ല; മുമ്പും വ്യാജ അലൈന്മെന്റ് പ്രചരിപ്പിക്കപ്പെട്ടിരുന്നു; വിശദീകരണവുമായി കോർപറേഷൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ പേരിൽ നിലവിൽ പ്രചരിപ്പിക്കപ്പെടുന്ന അലൈന്മെന്റ് മാപ്പ് വസ്തുതാ വിരുദ്ധമാണെന്ന് കെ റെയിൽ കോർപ്പറേഷൻ. ഈ മാപ്പുകളിൽ കെ റെയിലിന് ഉത്തരവാദിത്തമില്ലാത്തതാണെന്നും കോർപ്പറേഷൻ അറിയിച്ചു. സിൽവർലൈൻ സ്റ്റേഷനുകളെ നേർരേഖയിൽ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ് ഇതെന്നും ഇത് വെറും സൂചകമാണെന്നും ഫെയ്സബുക്ക് പോസ്റ്റിലുണ്ട്.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടില്ല. 2020 ന്റെ തുടക്കത്തിൽ സിൽവർലൈനിന്റെ വ്യാജ അലൈന്മെന്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ വഞ്ചിതരാകരുതെന്ന് 2020 മാർച്ച് നാലിന് കെറെയിൽ ഔദ്യോഗിക ഫെയ്സ്സ്ബുക്ക് പേജിൽ അഭ്യർത്ഥിച്ചിരുന്നതുമാണ്. ഇപ്പോൾ റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ള ഈ അലൈന്മെന്റ് പ്ലാനാണ് കെ റെയിലിന്റെ വെബ്സൈറ്റിലുള്ളത്', കോർപ്പറേഷൻ വ്യക്തമാക്കുന്നു.
കെ റെയിൽ കോർപ്പറേഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം കാസർഗോഡ് അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ പദ്ധതിയുടെ അന്തിമ അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോം (https://themterorailguy.com/) എന്ന വെബ്സൈറ്റിൽ, സിൽവർ ലൈൻ സ്റ്റേഷനുകളെ നേർ രേഖയിൽ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സിൽവർലൈനിന്റെ ആദ്യ അലൈന്മെന്റ് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്.
പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്. ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്മെന്റാണെന്നും ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോമിൽ (https://themterorailguy.com/) വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക അലൈന്മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്മെന്റിൽ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്.
2020 ന്റെ തുടക്കത്തിൽ സിൽവർലൈനിന്റെ വ്യാജ അലൈന്മെന്റ് സോഷ്യൽ മീഡിയയിൽ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ വഞ്ചിതരാകരുതെന്ന് 2020 മാർച്ച് നാലിന് കെ റെയിൽ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ അഭ്യർത്ഥിച്ചിരുന്നതുമാണ്. വിശദമായ സർവേക്കു ശേഷമാണ് സിൽവർലൈനിന്റെ അലൈന്മെന്റ് തീരുമാനിച്ചത്. 2020 ജൂൺ ഒമ്പതിന് സിസ്ട്ര ഈ അലൈന്മെന്റ് അടങ്ങുന്ന ഡിപിആർ സമർപ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോൾ റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ള ഈ അലൈന്മെന്റ് പ്ലാനാണ് കെറെയിലിന്റെ വെബ്സൈറ്റിലുള്ളത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ കെ റെയിൽ അലൈന്മെന്റ് മാറ്റിയെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ ആരോപിച്ചിരുന്നു. കെ റെയിൽ കടന്നു പോകുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കുറിച്ചിമുട്ടത്താണ് അലൈന്മെന്റ് മാറ്റിയതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
അലൈന്മെന്റ് മാറ്റിയതിന്റെ പ്രയോജനം ആർക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രി സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ റെയിൽ കടന്നു പോകുന്ന നിരവധി സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ അലൈന്മെന്റ് മാറ്റിയിട്ടുണ്ട്. ആരെ രക്ഷിക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂർ ചോദിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആരോപണം രാഷ്ട്രീയമായി വില കുറഞ്ഞതാണെന്നു മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.'ഉപഗ്രഹ സർവേ വഴിയാണ് അലൈന്മെന്റ് തയാറാക്കിയത്. ആരുടെ വീട്, ഏതു വഴി എന്നുള്ളത് അവരാണ് തീരുമാനിക്കുന്നത്. അലൈന്മെന്റ് തീരുമാനിച്ചത് അന്തിമമായിട്ടില്ല. അതുസംബന്ധിച്ച സാമൂഹികാഘാത പഠനമാണ് നടക്കാൻ പോകുന്നത്. അതിനുള്ള കല്ലിടാൻ പോകുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം കുത്തിപ്പൊക്കുന്നത്. സാധ്യതാ, സാമൂഹികാഘാത, പാരിസ്ഥിതിക പഠനം നടത്തി ഡിപിആർ തയാറാക്കി അന്തിമ അലൈന്മെന്റിലേക്കു പോകാൻ വേണ്ടി തീരുമാനിച്ച ഘട്ടത്തിൽ, നേരത്തെ ഒരു അലൈന്മെന്റുണ്ടായിരുന്നു, അത് ഞാൻ മാറ്റി എന്നൊക്കെ പറയുന്നതു രാഷ്ട്രീയമായി വില കുറഞ്ഞ ആരോപണമാണ്,'' സജി ചെറിയാൻ പറഞ്ഞു.
'എന്റെ വീടിന്റെ മുൻപിൽ കൂടി അലൈന്മെന്റ് കൊണ്ടുവരാൻ തിരുവഞ്ചൂർ മുൻകൈ എടുക്കണം. എന്റെ വീടിന്റെ മണ്ടയ്ക്കു കൂടി കൊണ്ടുവരട്ടെ. അതിൽ ഞാൻ സന്തോഷവാനാണ്. ഒരു പൈസയും വേണ്ട. കോടിക്കണക്കിനു രൂപ വില കിട്ടുന്ന ചെങ്ങന്നൂരിലെ എന്റെ വീടും സ്ഥലവും എന്റെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൊടുക്കാൻ എഴുതി വച്ചതാണ്. വീട് സിൽവർലൈനിനു വിട്ടുനൽകിയാൽ സർക്കാരിൽനിന്നു ലഭിക്കുന്ന പണം തിരുവഞ്ചൂരും കോൺഗ്രസ് നേതാക്കളും ചേർന്ന് പാലിയേറ്റീവ് സൊസൈറ്റിക്കു കൊടുത്താൽ മതി. എനിക്ക് ഒരു പൈസയും വേണ്ട.''സജി ചെറിയാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ