പത്തനംതിട്ട/തിരുവല്ല: സിൽവർലൈൻ പദ്ധതിക്ക് എതിരെയുള്ള മല്ലപ്പള്ളിയിൽ അടക്കം കൊടുമ്പിരി കൊള്ളവേ പത്തനംതിട്ട ജില്ലയിലും കല്ലിടലുമായി മുന്നോട്ടു പോകാൻ സർക്കാർ. ഇന്ന് മുതൽ കല്ലിടൽ തുടങ്ങും. പ്രതിഷേധം ഉറപ്പായതു കൊണ്ട് തന്നെ സുരക്ഷ ഒരുക്കാൻ വിപുലമായ പൊലീസ് സംവിധാനമാണ് തയ്യാറാക്കുക.

ജില്ലയിൽ കടമ്പനാട്, പള്ളിക്കൽ, പന്തളം, ആറന്മുള, കിടങ്ങന്നൂർ, കോയിപ്രം, ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം എന്നീ വില്ലേജുകളിലൂടെയാണു സിൽവർലൈൻ കടന്നുപോകുന്നത്. മൊത്തം 21 കിലോമീറ്റർ ദൂരം. ജില്ലയിൽ ആകെ 44.71 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ടവയാണ്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് സർവേ നമ്പറും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

സർവേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളിൽ 400 ഓളം വീടുകൾ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂർ, കുന്നന്താനം പഞ്ചായത്തിലാണ് ഇതിൽ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800ഓളം വരും. സ്ഥലമേറ്റെടുക്കൽ നടപടിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുത്തെങ്കിൽ മാത്രമേ നഷ്ടമാകുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കൃത്യമായി കണക്ക് വ്യക്തമാകൂ. നിർദിഷ്ട റെയിൽവേ ലൈൻ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

റെയിൽ പാതയ്ക്കായി നദിക്ക് കുറുകെ ജില്ലയിൽ പാലങ്ങൾ വേണ്ടിവരും. ആറാട്ടുപുഴയ്ക്ക് സമീപം പമ്പാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറയ്ക്കും ഇടയിൽ മണിമലയാറ്റിലുമാണ് പാലങ്ങൾ നിർമ്മിക്കേണ്ടി വരിക. നഗര പ്രദേശങ്ങളിൽ മേൽപാലങ്ങൾ നിർമ്മിക്കാനും ഗ്രാമങ്ങളിൽ മണ്ണിട്ട് ഉയർത്തി പാത നിർമ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

11 ജില്ലകളിൽ കൂടി നിർദിഷ്ട പാത കടന്നുപോകുന്നുണ്ട്. ഇതിൽ സ്റ്റേഷനോ സ്റ്റോപ്പോ ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് ചെങ്ങന്നൂരിനു സമീപം പിരളശേരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയത്തും സ്റ്റോപ്പുണ്ട്. ആദ്യഘട്ടത്തിൽ ജില്ലയിൽ ഇരവിപേരൂരിൽ സ്റ്റേഷൻ അനുവദിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ വേണ്ടത്ര യാത്രക്കാരെ കിട്ടില്ലെന്ന കാരണത്താൽ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അതേസമയം പത്തനംതിട്ട ജില്ലയിൽ സിൽവർ ലൈൻ പാത കടന്നുപോകുന്നത് അതീവ പ്രളയ മേഖലയിലൂടെയാണ് എന്നതും ആശങ്കയ്ക്ക് ഇട നൽകുന്നതാണ്. 2018ലെയും കഴിഞ്ഞ വർഷത്തെയും പ്രളയത്തിൽ 8 മീറ്റർ വരെ ജലനിരപ്പ് ഉയർന്ന പ്രദേശമാണ് പാതയ്ക്കായി കണ്ടെത്തിയത്. മാലക്കര, കല്ലൂപ്പാറ എന്നിവിടങ്ങളിലെ കേന്ദ്ര ജല കമ്മിഷൻ ഓഫിസിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് കല്ലൂപ്പാറ മേഖലയിൽ മണിമലയാറ്റിലെ ജലനിരപ്പ് 8.7 മീറ്റർ ഉയർന്നു. പമ്പ, മണിമല നദികൾ കടന്നാണ് സിൽവർലൈൻ പാത കടന്നുപോകുന്നത്.

ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ഭാഗത്താണ് പാത ജില്ലയിൽ പ്രവേശിക്കുന്നത്. കോയിപ്രം വില്ലേജിലെ മീനാറുംകുന്ന് ഭാഗത്ത് പമ്പാനദി കടന്ന് നെല്ലിമല വഴി ഇരവിപേരൂർ പോസ്റ്റ് ഓഫിസ് ഭാഗത്ത് എത്തും. ഇരവിപേരൂർ പോസ്റ്റ് ഓഫിസിനും നെല്ലാടിനും മധ്യേ ടികെ റോഡ് മുറിച്ചു കടക്കും. പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മണിമലയാർ മുറിച്ചുകടന്ന് കല്ലൂപ്പാറ പഞ്ചായത്തിൽ പ്രവേശിക്കും.

ഈ മേഖലയിൽ മണ്ണിട്ട് ഉയർത്തി പാത നിർമ്മിച്ചാൽ പ്രളയജലം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വരുമെന്നാണ് സിൽവർലൈൻ പ്രതിരോധ സമിതിയുടെ ആശങ്ക. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ 3 ദിവസം തുടർച്ചയായി പ്രളയജലം കയറി കടന്ന നെല്ലാട് മേഖലയിലൂടെയാണു ടികെ റോഡ് മുറിച്ചുകടന്ന് പാത പോകുന്നത്. വീടുകൾ ഉൾപ്പെടെ 128 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഇരുവശത്തും ബഫർ സോൺ കൂടി വേണമെങ്കിലും ആ സ്ഥലത്തിന് സർക്കാർ വില നൽകില്ല. അവിടെ നിർമ്മാണങ്ങൾക്കും നിയന്ത്രണം ഉണ്ട്.

ഇന്ന് കെ റെയിലിലെ പ്രതിഷേധം കണിക്കിലെടുത്ത് കല്ലിടലിനു സുരക്ഷ ഒരുക്കാൻ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണമാണ് പൊലീസ് ഒരുക്കുന്നത്. സമീപത്തെ എല്ലാ സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരോടും ഇന്ന് കല്ലിടൽ ഡ്യൂട്ടിക്ക് ആറന്മുള എത്താനുള്ള നിർദേശമുണ്ട്. ജില്ലയിൽ സിൽവർലൈൻ കടന്നുപോകുന്ന മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ വിളിച്ചുകൂട്ടി. ക്രമീകരണങ്ങൾ ചർച്ച ചെയ്തു. കെറെയിൽ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ചുമതലയുള്ള തഹസിൽദാരായി വർഗീസ് മാത്യുവിനെ നിയമിച്ചു.

ഓരോ വില്ലേജിലും ഏറ്റെടുക്കുന്ന സ്ഥലവും സർവേ നമ്പറും:

കടമ്പനാട്

ആകെ സ്ഥലം 2.3013 ഹെക്ടർ
സർവേ നമ്പർ (ബ്ലോക്ക് നമ്പർ 13) 454, 464, 465, 466, 469, 470, 471, 474, 495, 496, 497, 498.

പള്ളിക്കൽ

ആകെ സ്ഥലം 9.3622 ഹെക്ടർ
സർവേ നമ്പർ (ബ്ലോക്ക് നമ്പർ 34)
554, 555, 557, 558, 559, 561, 562, 563,839, 840, 845, 846, 848, 849, 857, 863, 873, 874, 877, 878, 885, 886, 901, 902, 903, 914, 915, 1021, 838, 847.
(ബ്ലോക്ക് നമ്പർ 35) 70, 74, 75, 76, 77, 78, 146, 147, 149, 151, 154, 155, 156,159, 285, 301, 304, 306, 308, 309, 310, 311,335, 338, 342, 343, 344, 351, 352

പന്തളം

ആകെ സ്ഥലം 1.8563 ഹെക്ടർ
(ബ്ലോക്ക് നമ്പർ 1) 6, 7, 8, 10, 11, 27, 28, 37, 43, 44, 55, 59, 60, 61, 696

ആറന്മുള

ആകെ സ്ഥലം 2.2121 ഹെക്ടർ
(ബ്ലോക്ക് നമ്പർ 11) 484, 485, 486, 488, 491, 492, 493, 494, 495, 500.

കോയിപ്രം

ആകെ സ്ഥലം 6.1431 ഹെക്ടർ
(ബ്ലോക്ക് നമ്പർ 21) 122, 123,
124,125,127,136, 227, 228, 231, 232, 241, 242, 243, 249, 251, 252, 261, 262, 263, 300, 304, 305, 310, 312, 313, 316, 317,
322, 323, 324, 327, 329, 330, 333,334,335,337,338,503, 230, 240, 303.

ഇരവിപേരൂർ

ആകെ സ്ഥലം 6.4404 ഹെക്ടർ
(ബ്ലോക്ക് നമ്പർ 12) 6, 8,10,16, 30, 31, 32, 54, 55,147, 148, 151, 152,153,157,158, 233, 237, 238, 240, 253, 254, 255, 256, 241
(ബ്ലോക്ക് നമ്പർ 13)444, 445, 450, 463, 464, 465, 511, 512, 513, 514, 656.

കവിയൂർ

ആകെ സ്ഥലം 4.2838 ഹെക്ടർ
(ബ്ലോക്ക് നമ്പർ 14)61, 62, 69, 70, 71, 72, 77, 78, 79, 82, 83, 84, 86, 87, 108, 109, 110, 222, 223, 224, 228, 229, 230, 231, 234, 235.

കല്ലൂപ്പാറ

ആകെ സ്ഥലം 3.8757 ഹെക്ടർ (ബ്ലോക്ക് നമ്പർ17) 378, 379, 384, 385, 386, 388, 389, 390, 418, 419, 423, 424, 425, 432, 433, 442, 443, 449, 452, 458, 459, 460, 484
.
കുന്നന്താനം

ആകെ സ്ഥലം 8.2421 ഹെക്ടർ(ബ്ലോക്ക് നമ്പർ 16) 1, 3, 4, 7, 8, 16, 191, 196, 200, 201, 202, 203, 204, 213, 214, 217, 218, 220, 222, 223, 229, 234, 236, 303, 305, 306, 307, 313, 314, 316, 319, 320, 321, 336, 358, 359, 360, 361, 362, 224.