- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അദ്ദേഹത്തിന്റെ താൽപര്യമുള്ള ആളുകളിൽ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ.... ഇല്ലെങ്കിൽ പറയട്ടെ: ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ; കെ റെയിലിൽ കള്ളക്കളികളും?
കോട്ടയം: കെ റെയിലിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അലൈന്മെന്റിൽ മാറ്റം വരുത്തിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത് തനിക്ക് നേരിട്ട് അറിയാം. അദ്ദേഹത്തിന് താൽപര്യമുള്ള ആളുകൾക്ക് ബാധിക്കാതിരിക്കാനാണ് അലൈന്മെന്റിൽ മാറ്റം വരുത്തിയത്. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയാണ് തിരുവഞ്ചൂർ നൽകുന്നത്. കോട്ടയത്ത് അതിശക്തമായ പ്രതിരോധത്തിന് തിരുവഞ്ചൂർ നേരിട്ടിറങ്ങുകയാണ്.
'നിയമ വിരുദ്ധമായ പ്രവർത്തനം നടത്തുന്നത് സർക്കാരാണ്. അതിനെതിരെയാണ് ജനങ്ങൾ സംഘടിച്ചത്. ജനങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമർത്താനുള്ള നോട്ടമാണ് നടത്തുന്നത്. ഇന്നലെ ഒരു മന്ത്രി ചെങ്ങന്നൂരിൽ വെച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകൾ അലൈന്മെന്റിൽ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അദ്ദേഹത്തിന്റെ താൽപര്യമുള്ള ആളുകളിൽ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കിൽ പറയട്ടെ-ഇതാണ് തിരുവഞ്ചൂരിന്റെ ആരോപണം.
അതായത് ഇഷ്ടമുള്ളവരെ ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നുവെന്ന ഗുരുതരമായ ആരോപണം. മന്ത്രിയുടെ പേര് തിരുവഞ്ചൂർ പറഞ്ഞിട്ടില്ല. ഏതായാലും വരും ദിവസങ്ങളിൽ ഈ ആരോപണം വലിയ ചർച്ചയാകും. നിയമസഭയിൽ മന്ത്രിയുടെ പേര് തിരുവഞ്ചൂർ വെളിപ്പെടുത്തുമെന്നാണ് സൂചന. അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയിൽ ഉദ്യോഗസ്ഥർ പറയട്ടെ. അത് കേരളത്തിൽ ഉടനീളം നടന്നിട്ടുണ്ട്. താൽപര്യമുള്ള ആളുകൾക്ക് അലൈന്മെന്റിൽ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചുകൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂർവ്വമാണെന്ന് പറയാൻ കഴിയില്ല.' തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
റവന്യൂ നിയമങ്ങൾ ജനങ്ങൾക്ക് അറിയില്ലായെന്നത് സർക്കാർ മുതലെടുക്കുകയാണ്. അത് ശരിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിചേർത്തു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ലിടണമെങ്കിൽ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണം. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാൻ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
പൊലീസുകാർ ജനപക്ഷത്തു നിൽക്കണമെന്നും നാട്ടുകാരെ ഉപദ്രവിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സർവേയ്ക്കെത്തുന്നത്. രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്ത്രീകൾ ഉൾപ്പെടെ സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നത്. ഈ പാവങ്ങൾ നൽകുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാർക്കു ശമ്പളം കൊടുക്കുന്നത്. പാവങ്ങളെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു പോകണം-തിരുവഞ്ചൂർ അറിയിച്ചു.
യാതൊരു ഉത്തരവും ഇല്ലാതെ വീടുകളുടെ അടുക്കളയിൽ വരെ കല്ലിടുകയാണ്. ഇവിടെ താഴെ ഒരു കല്ലിട്ടെന്നാണ് കേട്ടത്. അത് സാരമില്ല. നിങ്ങൾ എല്ലാവരും കൂടെ അതെടുത്തു കളഞ്ഞാൽ മതി. കല്ലിന് ഹൃദയമില്ലല്ലോ. കല്ലിനേക്കാൾ കടുപ്പമുള്ള ഹൃദയമുള്ളവരാണു തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
എന്നാൽ കെ റെയിലിനെതിരെ നടക്കുന്ന സമരങ്ങളെല്ലാം രാഷ്ട്രീയ സമരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണ്. നഷ്ടപരിഹാരം പൂർണമായി നൽകിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂയെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കിൽ അത് അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ