- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാൻ സിപിഎം കേന്ദ്രങ്ങൾ ശബരീനാഥിന്റെ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചു രംഗത്ത്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും; അന്വേഷണവുമായി സഹകരിക്കും; വാട്‌സ് ആപ് ചാറ്റ് സംഘടനയുടേതാണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്റ് വാട്‌സആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ആയുധമാക്കി സിപിഎം. വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇത് ഉപയോഗിക്കാനാണ് സിപിഎം വൃത്തങ്ങളുടെ നീക്കം. ഇതേ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥന് പൊലീസ് നോട്ടീസ് നൽകി.
മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് വിമാനത്തിൽ വരുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിൽ പങ്കുവെക്കുന്നുണ്ട്. വിമാനത്തിൽ വെച്ച് കരിങ്കൊടി കാണിച്ചാൽ പുറത്താക്കാൻ പറ്റില്ലല്ലോ എന്നും ഇതിൽ ചോദിക്കുന്നു.
എന്നാൽ, ഈ വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോൺഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല. എന്നാൽ, വിഷയം സിപിഎം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാൻ സിപിഎം കേന്ദ്രങ്ങൾ ഈ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നുമുണ്ട്.
അതേസമയം വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവന്ന സാഹചര്യത്തിൽ ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദ്യം ചെയ്യുക. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം എസി ശബരിനാഥന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത് ശബരിനാഥനാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തുവന്നത് എന്നതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളാണ് ചാറ്റുകൾ പുറത്തുപോകാൻ കാരണമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ഒരുവിഭാഗമാണ് ഈ വിവരങ്ങൾ ചോർത്തി പുറത്തുവിട്ടതെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥനും വ്യക്തമാക്കി. പ്രചരിക്കുന്ന വാട്‌സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ.എസ്.ശബരിനാഥൻ പറഞ്ഞു.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേർക്കും യാത്രാ വിലക്ക്. എന്നാൽ യാത്രാവിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്‌ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ