തിരുവനന്തപുരം: വിരമിച്ച കോളേജ് അദ്ധ്യാപകർക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവ്വകലാശാല തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഇരമ്പുന്നു. മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങൾ മാറ്റിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ എന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ അടക്കം വോട്ടുതേടിയത്. എന്നാൽ, ഇവർക്ക് പ്രൊഫസർ പദവി ലഭിച്ചിരുന്നില്ല. മന്ത്രിക്കതെിരെ പരാതി വന്നതോടെ തിരുത്തുമായി രംഗത്തുവരികയും ചെയത്ു. തുടർന്ന് പ്രൊഫസർ ആർ. ബിന്ദുവെന്നല്ല, ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മെയ്‌ 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്.

എന്നാൽ, ഇപ്പോൾ മന്ത്രിക്ക് ഈ പ്രൊഫസർ പദവി വീണ്ടി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നാണ ഉയർന്നിരിക്കുന്ന ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനായി കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി പരാതി നൽകി. മുൻകാല പ്രാബല്യത്തിൽ പദവി നൽകിയത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.

സർവീസിൽ നിന്ന് വിരമിച്ച കോളജ് അദ്ധ്യാപകർക്കുകൂടി പ്രൊഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്നാണ് പരാതി. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവി നൽകാവൂ. മന്ത്രി ആർ.ബിന്ദു കേരള വർമ കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകയായിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തിരുന്നു.

മന്ത്രി പ്രൊഫസറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസ് ദുർബലപ്പെടുത്താനാണ് ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം. വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്. ഗവർണർക്ക് നൽകിയ പരാതി കൂടാതെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും നിവേദനം നൽകി.

അതേസമയം വിരമിച്ച കോളേജ് അദ്ധ്യാപകർക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവ്വകലാശാല തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും രംഗത്തുവന്നു. ഒരു മന്ത്രിക്ക് പ്രൊഫസർ പദവി നല്കാൻ കേരളം നല്കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടി സ്വീകരിക്കാനാകുവെന്നും കെ. സുധാകരൻ പരിഹസിച്ചു. മന്ത്രി ആർ.ബിന്ദുവിന് പ്രൊഫസർ പദവി നല്കാൻ യുജിസി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സർവകലാശാല 2018നുശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നല്കാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

കാലിക്കട്ട് സർവകലാശാലയ്ക്കു പിന്നാലെ ഇപ്പോൾ മറ്റു സർവകലാശാലകളിലും 2018നുശേഷം വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അദ്ധ്യാപകർക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്കുമ്പോൾ സർക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത് തികച്ചും അധാർമികവും നിയമവിരുദ്ധവുമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രൊഫസർ പദവി പേരിനൊപ്പം ചേർത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജി ദുർബലപ്പെടുത്താനാണ് കാലിക്കറ്റ് സർവകലാശാല, വിരമിച്ച മന്ത്രി ഉൾപ്പടെയുള്ള കോളേജ് അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകുവാൻ യുജിസി ചട്ടങ്ങളിൽ ഇളവ് അനുവദിച്ചത്.

മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സർവകലാശാല, സർക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കിൽ മന്ത്രി ഈ സ്ഥാനത്ത് തുടരുവാൻ അർഹയല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ മുൻകയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂർ സർവകലാശാല വിസിക്ക് ചട്ടവിരുദ്ധമായി പുനർനിയമനം നൽകാൻ ഗവർണർക്ക് ശുപാർശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രൊഫസ്സർ പദവി ലഭിക്കാൻ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകുന്നതിന് രണ്ടാം റാങ്കിലേയ്ക്ക് തഴഞ്ഞ ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാളം അദ്ധ്യാപകൻ ഡോ:ജോസഫ് സ്‌കറിയക്ക് കാലിക്കറ്റ് സർവകലാശാലയിൽ നടന്ന മലയാളം പ്രൊഫസറുടെ ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് ലഭിച്ചു. അസോസിയേറ്റ് പ്രൊഫസറുടെ ഇന്റർവ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക്. രണ്ടു തസ്തികകളിലും ജോസഫ് സ്‌കറിയയുടെ മികവ് അംഗീകരിച്ചുകൊണ്ട് ഒന്നാം റാങ്ക് നൽകി. ഇത് കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയനിയമനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നു സുധാകരൻ പറഞ്ഞു.